27 April Saturday

കൊച്ചിക്ക്‌ ഉത്സവമായി ദേശാഭിമാനി എൺപതാം വാർഷികം

പ്രത്യേക ലേഖകൻUpdated: Saturday Dec 3, 2022


കൊച്ചി
അന്ധവിശ്വാസത്തിന്റെ പിൻവിളികളെ അതിജീവിച്ച്‌ നവകേരളത്തിന്റെ പ്രയാണത്തിന്‌ ഊർജംപകരുമെന്നു പ്രഖ്യാപിച്ച സാംസ്‌കാരികസദസ്സ്‌; മാറുന്ന കൊച്ചി ഹരിതനഗരമാക്കാനുള്ള ദിശാസൂചകമായ സെമിനാർ. -മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനും നാടിന്റെ വികസനത്തിനും പോരാടിയ എട്ടുപതിറ്റാണ്ടിന്റെ  ഉൾത്തുടിപ്പുമായി ദേശാഭിമാനിയുടെ 80–-ാം വാർഷികാഘോഷം എറണാകുളം ജില്ലയിലും ജനകീയ ഉത്സവമായി.

വെള്ളിയാഴ്‌ച സായന്തനത്തിൽ ദർബാർ ഹാൾ മൈതാനത്ത്‌ ആയിരങ്ങളെ സാക്ഷിനിർത്തി  മന്ത്രി പി രാജീവ്‌ വാർഷികാഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്‌തു. ‘ആധുനികകേരളവും അന്ധവിശ്വാസത്തിന്റെ പിൻവിളികളും’ വിഷയത്തിലുള്ള സാംസ്‌കാരികസദസ്സിൽ ഡോ. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം സിജു വിൽസൺ മുഖ്യാതിഥിയായി. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ അധ്യക്ഷനായി.   പ്രൊഫ. എം കെ സാനു, ബാലചന്ദ്രൻ ചുള്ളിക്കാട്‌, കൊച്ചി മേയർ എം അനിൽകുമാർ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്‌ ശർമ, എസ്‌ സതീഷ്‌, ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ, കെ വി തോമസ്‌ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം രക്ഷാധികാരി സി എം ദിനേശ്‌മണി സ്വാഗതവും ദേശാഭിമാനി കൊച്ചി യൂണിറ്റ്‌ മാനേജർ ടി വി ശ്രീകുമാർ നന്ദിയും പറഞ്ഞു. 

പ്രൊഫ. എം കെ സാനു, ദേശാഭിമാനി മുൻ ജനറൽ എഡിറ്റർ കെ മോഹനൻ,  സിജു വിൽസൺ എന്നിവരെ മന്ത്രി പി രാജീവ്‌ ആദരിച്ചു. എം ജി ശ്രീകുമാറിനെ കെ ജെ തോമസ്‌ ആദരിച്ചു. മെഗാ ഇവന്റ്‌ സ്‌പോൺസർമാരായ പ്രതിനിധികളായ രാജേഷ്‌ പുത്തൻപുരയിൽ (ഗ്ലോബൽ അക്കാദമി മാനേജിങ്‌ ഡയറക്ടർ), രാഹുൽ ചക്രപാണി(പ്രസിഡന്റ്‌ ദി മലബാർ മൾടി സ്‌റ്റേറ്റ്‌ അഗ്രൊ കോ–ഓപ്പറേറ്റീവ്‌ സൊസൈറ്റി പ്രസിഡന്റ്‌), എസ്‌ മീര (ഡെപ്യൂട്ടി വൈസ്‌പ്രസിഡന്റ്‌ ഫെഡറൽ ബാങ്ക്‌), പി ബി ബിന്ദുക്കുട്ടൻ (ചെയർമാൻ ബി കെ ധനലക്ഷ്‌മി മൾടി സ്‌റ്റേറ്റ്‌ അഗ്രോ കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റി), ബിജു പി പണിക്കർ (എവിടി സെയിൽസ്‌ ഹെഡ്‌), പി ആർ സതീഷ്‌കുമാർ (സിയാൽ സീനിയർ സൂപ്രണ്ടന്റ്‌, ഫയർ), വൈശാഖ്‌ ഡി വിജയ്‌ (ഡയറക്ടർ ഐശ്വര്യ ഒഒഎച്ച്‌മീഡിയ) എന്നിവരെയും മന്ത്രി ആദരിച്ചു. അറബിക്കടലിന്റെ റാണിയെ സംഗീതസാന്ദ്രമാക്കി എം ജി ശ്രീകുമാർ നയിച്ച സംഗീതനിശ ആസ്വാദകർക്ക്‌ ആവേശമായി.

രാവിലെ ‘ഗ്രീൻ കൊച്ചി–-പാരിസ്ഥിതിക വെല്ലുവിളികളും പരിഹാരങ്ങളും’ സെമിനാർ ബോൾഗാട്ടി പാലസിൽ തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. മേയർ എം അനിൽകുമാർ വിഷയം അവതരിപ്പിച്ചു. മുൻ മേയർ സി എം ദിനേശ്‌മണി മോഡറേറ്ററായിരുന്നു. സന്തോഷ്‌ ജോർജ്‌ കുളങ്ങര, കെ രൂപേഷ്‌കുമാർ, ബി ആർ അജിത്, എസ്‌ ഗോപകുമാർ, പ്രൊഫ. കെ എസ്‌ പുരുഷൻ, എംഎൽഎമാരായ ടി ജെ വിനോദ്‌, കെ എൻ ഉണ്ണിക്കൃഷ്‌ണൻ, കെ ജെ മാക്‌സി എന്നിവരും സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top