തിരുവനന്തപുരം
നേരിനും നാടിനും ഒപ്പം നിലയുറപ്പിച്ച മലയാളത്തിന്റെ ജനകീയ പത്രം ‘ദേശാഭിമാനി’യുടെ പ്രചാരണത്തിന് ആവേശത്തുടക്കം. അസത്യങ്ങളും അർധസത്യങ്ങളുമായി വാർത്ത വിസ്‌ഫോടനമാക്കുന്ന പുതിയ കാലത്ത് നേരിന്റെ വഴിയിൽ വേറിട്ട് സഞ്ചരിക്കുന്ന ദേശാഭിമാനിയുടെ മുന്നേറ്റം ജനകീയ ഉത്സവമാക്കുകയാണ്. അഴീക്കോടൻ രക്തസാക്ഷിത്വ ദിനമായ ശനിയാഴ്‌ച തുടക്കമിട്ട പ്രചാരണം സി എച്ച് കണാരൻ അനുസ്‌മരണ ദിനമായ ഒക്ടോബർ 20 വരെ തുടരും. ഇത്തവണ 10 ലക്ഷം പേരെ വാർഷിക വരിക്കാരാക്കും.
സിപിഐ എം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പത്രപ്രചാരണത്തിന് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്‌തിട്ടുള്ളത്. പാർടിയുടെ എല്ലാ ഘടകങ്ങളും വർഗ ബഹുജനസംഘടനകളും പങ്കുചേരും. ബ്രാഞ്ച് അടിസ്ഥാനത്തിൽ എല്ലാ വീടുകളിലും ദേശാഭിമാനി എത്തിക്കാനാണ് ശ്രമം. പത്രം ചേർക്കാൻ പ്രത്യേക സ്‌ക്വാഡുകളുമുണ്ടാകും. വാർഷികവരി ശേഖരിക്കാൻ വീടുകളിലെത്തിച്ച കുടുക്കകൾ ഏറ്റുവാങ്ങും. പ്രാദേശികമായി വിവിധ പരിപാടികളും ആസൂത്രണം ചെയ്‌തിട്ടുണ്ട്. സാമൂഹ്യ സാംസ്‌കാരിക കലാരംഗങ്ങളിലെ പ്രമുഖർ അടക്കം വാർഷിക വരിക്കാരാകും.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും വരിക്കാർ കൂടിയ ഏക മലയാള പത്രമായിരുന്നു ദേശാഭിമാനി. അന്ന് മറ്റു പത്രങ്ങൾക്കെല്ലാം കോപ്പി ഇടിഞ്ഞപ്പോൾ ദേശാഭിമാനിക്ക് അര ലക്ഷത്തിലേറെയാണ് വർധിച്ചത്. കേരളത്തിൽ പത്ത് എഡിഷനും അടുത്തിടെ ആരംഭിച്ച ഗൾഫ് ഓൺലൈൻ എഡിഷനുമായി കുതിപ്പിന്റെ പാതയിലാണ് ദേശാഭിമാനി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..