17 September Wednesday

നോട്ടു നിരോധനം കള്ളപ്പണക്കാരെ സഹായിക്കാൻ: കെ കെ ശൈലജ

സ്വന്തം ലേഖകൻUpdated: Tuesday May 23, 2023

ഒറ്റപ്പാലം> കള്ളപ്പണക്കാരെ സഹായിക്കാനാണ് ബിജെപി സർക്കാർ ഇടക്കിടെ നോട്ടു നിരോധിക്കുന്നതെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ കെ ശൈലജ. മഹിള അസോസിയേഷൻ ഒറ്റപ്പാലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ‘നവകേരള നിർമിതിയിൽ സ്ത്രീകളുടെ പങ്ക്’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

500, 1000 നോട്ടുകൾ നിരോധിച്ച്‌ ഒരു ശതമാനം പോലും കള്ളനോട്ടു പിടിച്ചെടുക്കാനായില്ല. ഇപ്പോൾ രണ്ടായിരത്തിന്റെ നോട്ടു നിരോധിച്ച്‌ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി കള്ളപ്പണക്കാരെ സഹായിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ ജാതി മതസ്ഥരും തുല്യരാണെന്ന് സമൂഹത്തെ പഠിപ്പിക്കുന്നതിൽ സ്ത്രീകളുടെ പങ്ക് വലുതാണ്. അന്ധവിശ്വാസത്തിൽനിന്ന് സ്ത്രീകളെ മോചിപ്പിക്കണം. ആധുനിക ഘട്ടത്തിലെ സ്ത്രീകളായാലേ നവകേരളം സൃഷ്ടിക്കാനാകു. ജനങ്ങൾക്കിടയിൽ ജാതി, മത, ഭ്രാന്ത് കുത്തിത്തിരുകാൻ  ശ്രമിക്കുകയാണ് സംഘപരിവാർ. കേരളത്തിൽ ഇടതുപക്ഷം ശക്തമായതിനാൽ ആ ലക്ഷ്യം ഇവിടെ നിറവേറ്റാനാകുന്നില്ല– കെ കെ ശൈലജ പറഞ്ഞു.

അസോസിയേഷൻ ഏരിയ പ്രസിഡന്റ് പി സുബൈദ അധ്യക്ഷയായി. അഖിലേന്ത്യാ കമ്മിറ്റി അംഗം കെ എസ് സലീഖ, ജില്ലാ പ്രസിഡന്റ് കെ ഓമന, സെക്രട്ടറി സുബൈദ ഇസഹാഖ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എസ് അജയകുമാർ, ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ്, അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം വി എൻ ഷീജ, ഏരിയ സെക്രട്ടറി പി സിന്ധു, ട്രഷറർ കെ കെ ഗൗരി, ശോഭന രാജേന്ദ്രപ്രസാദ്, കെ രത്നമ്മ, കെ ജാനകീദേവി, പി വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top