29 March Friday

ഡൽഹി വായുമലിനീകരണം; പഞ്ചനക്ഷത്ര ഹോട്ടലിൽ കഴിയുന്നവർ കർഷകരെ വിമർശിക്കുന്നു: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021

ന്യൂഡൽഹി > ഡൽഹി നഗരങ്ങളിലെ വായുമലിനീകരണത്തിന്‌ കർഷകരെ വിമർശിക്കുന്നതിനെതിരെ സുപ്രീംകോടതി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരിക്കുന്നവരാണ് മലിനീകരണത്തിന് കര്‍ഷകരെ കുറ്റപ്പെടുത്തുന്നതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. പഞ്ചാബിലെയും ഹരിയാണയിലെയും കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതാണ് വായുമലിനീകരണത്തിന് കാരണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഇന്നും കോടതിയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ കോടതി ഇതിനോട് വിയോജിച്ചു. പൂര്‍ണമായി വിലക്കിയിട്ടും ഡല്‍ഹിയില്‍ ദീപാവലിക്ക് ശേഷം എത്ര പടക്കം പൊട്ടിയെന്ന് സുപ്രീം കോടതി ചോദിച്ചു. കര്‍ഷകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

കർഷകർ കൃഷിസ്ഥലങ്ങളിൽ തീയിടുന്നതാണ്‌ മലിനീകരണത്തിന്‌ കാരണമെന്ന്‌ വരുത്തിത്തീർക്കാനാണ്‌ ചാനൽ ചർച്ചകൾ ശ്രമിക്കുന്നത്‌. ഇത്‌ വായുമലിനീകരണത്തേക്കാൾ രൂക്ഷമാണ്‌. എല്ലാവർക്കും അവരവരുടേതായ അജണ്ഡകൾ ഉണ്ടെന്നും ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു. ശാസ്‌ത്രീയ മാര്‍ഗങ്ങളിലൂടെ വയലവശിഷ്‌ടങ്ങള്‍ സംസ്‌കരിക്കാന്‍ കര്‍ഷകര്‍ക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു.

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടയ്‌ക്കാന്‍ നിര്‍ദേശിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അവശ്യ സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കുകള്‍ ഒഴികെയുള്ളവയ്‌ക്ക് നവംബര്‍ 21 വരെ ഡല്‍ഹിയിലേക്ക് പ്രവേശനം ഉണ്ടാകില്ല. അഞ്ച് താപവൈദ്യുത നിലയങ്ങള്‍ ഒഴികെ ഡല്‍ഹിയുടെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള എല്ലാ താപവൈദ്യുത നിലയങ്ങളും നവംബര്‍ 30 വരെ അടച്ചിടാന്‍ തീരുമാനമായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top