28 March Thursday

തദ്ദേശ സ്ഥാപനങ്ങളിലെ കൂറുമാറ്റം; 3 പേരെ അയോഗ്യരാക്കി

സ്വന്തം ലേഖകൻUpdated: Sunday Jan 22, 2023

തിരുവനന്തപുരം> കൂറുമാറ്റ നിരോധന നിയമ പ്രകാരം പാലക്കാട്  മങ്കര ഗ്രാമപഞ്ചായത്ത് അംഗം വസന്തകുമാരി, ഇടുക്കി കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ദേവസ്യ ദേവസ്യ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ മുൻ കൗൺസിലർ ടി എൽ സാബു എന്നിവരെ  സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അയോഗ്യരാക്കി.

മങ്കര നാലാം വാർഡ്‌ അംഗമായ വസന്തകുമാരിക്ക് അംഗമായി തുടരുന്നതിനും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ആറു വർഷത്തേക്ക്‌ വിലക്കുമുണ്ട്‌. സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച ശേഷം എൽഡിഎഫ് പിന്തുണയോടെ  വൈസ് പ്രസിഡന്റുമായി. സ്വതന്ത്രരായി മത്സരിച്ച്‌ ജയിച്ച ശേഷം ഏതെങ്കിലും പാർടി ബന്ധം തെളിയിക്കപ്പെട്ടാൽ അത്‌ അയോഗ്യതയാണെന്ന്‌ കമീഷൻ വിധിച്ചു. നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയതിനാൽ ആ സ്ഥാനവും നഷ്ടമാകും. ഒന്നാം വാർഡ് അംഗം എം വി  രമേശിന്റെ പരാതിയിലാണ്‌ ഉത്തരവ്.

കരിമണ്ണൂർ ഗ്രാമപഞ്ചായത്തിൽ 2015-20 കാലയളവിൽ അംഗമായിരുന്ന ദേവസ്യ ദേവസ്യ 2015ലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായാണ്‌ വിജയിച്ചത്‌. 2018 ൽ ജൂൺ 25ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥിക്കെതിരെ വിപ്പ് ലംഘിച്ച് മത്സരിച്ചതിനാലാണ് അയോഗ്യത. ആറ് വർഷത്തേക്കാനും കഴിയില്ല. പന്ത്രണ്ടാം വാർഡ് അംഗം സിബി കുഴിക്കാട്ടാണ്‌ പരാതിനൽകിയത്‌.
 
സുൽത്താൻ ബത്തേരി നഗരസഭാകൗൺസിലറും മുനിസിപ്പൽ ചെയർമാനുമായിരുന്ന ടി എൽ സാബു കേരള കോൺഗ്രസ്‌ എമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥിയായിരുന്നു. 2018ലെ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് പിന്തുണയോടെ വിജയിച്ചു. തുടർന്ന് രാജി വയ്‌ക്കാൻ കേരള കോൺഗ്രസ്സ് എം ആവശ്യപ്പെട്ടു. ഇത്‌ അംഗീകരിക്കാതെ തുടർന്നതാണ് അയോഗ്യതയ്‌ക്ക്‌ കാരണം. കേരള കോൺഗ്രസ്  എം ജില്ലാ പ്രസിഡന്റ് കെ ജെ  ദേവസ്യയുടെ പരാതിയിന്മേലാണ് നടപടി.  


3 പരാതികൾ തള്ളി

കൂറുമാറ്റം ആരോപിച്ച് സമർപ്പിച്ച  മൂന്നു പരാതികൾ  കമ്മീഷൻ തള്ളി. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് അംഗം എസ് ശ്രീധരനെതിരെ പതിനേഴാം വാർഡ് അംഗം ബിനുകുമാർ നൽകിയ ഹർജിയും റാന്നി പഞ്ചായത്തിലെ പത്താം വാർഡ് അംഗം ശോഭാ ചാർളിക്കെതിരെ പന്ത്രണ്ടാം വാർഡംഗം കെ ആർ  പ്രകാശ് നൽകിയ ഹർജിയും ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് അംഗം സൗമ്യ വലിയവീട്ടിലിനെതിരെ പതിനൊന്നാം വാർഡ് അംഗം ബാലു കുളങ്ങരത്ത് നൽകിയ ഹർജിയുമാണ് തള്ളിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top