01 December Friday

പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു

സ്വന്തം ലേഖകൻUpdated: Monday Sep 25, 2023

മാരാരിക്കുളം
 പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന യുവതി  മരിച്ചു. മണ്ണഞ്ചേരി പൊന്നാട് പുത്തൻപുരയിൽ രവീന്ദ്രന്റെയും രേണുകയുടെയും മകൾ രജിതയാണ്‌ (33)  മരിച്ചത്. ആലപ്പുഴ  കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ചികിത്സാപിഴവാണ്‌ മരണകാരണമെന്ന്‌ ആരോപിച്ച്‌ ബന്ധുക്കൾ ആലപ്പുഴ സൗത്ത്‌, അമ്പലപ്പുഴ പൊലീസ്‌ സ്‌റ്റേഷനുകളിൽ  പരാതി നൽകി.  അന്വേഷണം ആവശ്യപ്പെട്ട് പി പി ചിത്തരഞ്ജൻ എംഎൽഎ ആരോഗ്യ മന്ത്രിക്ക്‌ കത്തു നൽകി.  

രജിതയുടെ രണ്ടാമത്തെ പ്രസവത്തിനായി  18 നാണ്‌  സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച  ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.  സമയപരിധി കഴിഞ്ഞിട്ടും ബോധം തെളിയാതിരിക്കുകയും അപകടനിലയിലാകുകയും  ചെയ്തതിനെത്തുടർന്ന് ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിലായിരുന്ന രജിത തിങ്കൾ  പകൽ 12.30 ഓടെ മരിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്.

  അനസ്തേഷ്യ ഡോക്ടറുടെ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. വേദന  ഉണ്ടായിട്ടും തക്കസമയത്ത് ശസ്ത്രക്രിയ നടത്തിയില്ലെന്നും പരാതിയിൽ പറയുന്നു.  മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ചൊവ്വാഴ്‌ച  പൊന്നാട്‌ കുടുബ വീട്ടിൽ കൊണ്ടുവരും. തുടർന്ന്‌, ഭർത്താവ്‌ നിധീഷിന്റെ  കുമരകം ചൂളഭാഗം തൈത്തറയിൽ വീട്ടിലെത്തിച്ച്‌ വൈകിട്ട് മൂന്നോടെ സംസ്കരിക്കും. എട്ടു വയസുകാരി അർച്ചനയാണ് രജിതയുടെ മൂത്ത മകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top