17 September Wednesday

നഗരസഭക്കെതിരെ പ്രതിഷേധം: പൊതുശ്മശാനം അടച്ചിട്ടു: മൃതദേഹങ്ങള്‍ സംസ്‌കരിച്ചത് പുറത്ത്

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

കട്ടപ്പന> അറ്റകുറ്റപ്പണിയുടെ പേരില്‍ നഗരസഭയുടെ ശാന്തിതീരം പൊതുശ്മശാനം അടച്ചിട്ടതോടെ മൃതദേഹങ്ങള്‍ വളപ്പില്‍ സംസ്‌കരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെയാണ് പൊതുശ്മശാനത്തിന്റെ പരിസരം സംസ്‌കാരച്ചടങ്ങുകള്‍ക്ക് വിട്ടുകൊടുക്കാന്‍ നഗരസഭ തയ്യാറായത്. തുടര്‍ന്ന് ബന്ധുക്കള്‍ പുറത്തുനിന്ന് ഗ്യാസ് ക്രിമറ്റോറിയം എത്തിച്ച് മൃതദേഹങ്ങള്‍ ദഹിപ്പിച്ചു. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട നിര്‍ധന കുടുംബത്തില്‍ നിന്നുള്ളയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ബുധന്‍ വൈകിട്ട് നഗരസഭ ഓഫീസില്‍ എത്തിയപ്പോഴാണ് പൊതുശ്മശാനം അടച്ചിട്ടിരിക്കുന്നതായി അറിഞ്ഞത്.

 തുടര്‍ന്ന് പട്ടികജാതി ക്ഷേമസമിതി നേതാക്കള്‍, അധികൃതരെ വിവരമറിയിച്ചു. എന്നാല്‍ നടപടി വൈകിയതോടെ മൃതദേഹവുമായി നഗരസഭ ഓഫീസില്‍ എത്തി പ്രതിഷേധിക്കുമെന്ന് അറിയിച്ചതോടെയാണ് പൊതുശ്മശാനത്തിന്റെ വളപ്പില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചത്. തുടര്‍ന്ന് വ്യാഴം പകല്‍ കൂടുതല്‍ പണം നല്‍കി ഗ്യാസ് ക്രിമറ്റോറിയം എത്തിച്ച് മൃതദേഹം സംസ്‌കരിച്ചു. വ്യാഴാഴ്ച രണ്ട് മൃതദേഹങ്ങളാണ് ഇവിടെ സംസ്‌കരിച്ചത്. പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ 3500 രൂപയാണ് ഫീസ്. എന്നാല്‍ ഗ്യാസ് ക്രിമറ്റോറിയം എത്തിച്ച് സംസ്‌കരിക്കാന്‍ 8,000 രൂപയോളം ചെലവായി.

പൊതുശ്മശാനത്തിലെ ക്രിമറ്റോറിയത്തിന്റെ അറ്റകുറ്റപ്പണിക്കായാണ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുന്നത്. മൃതദേഹം ദഹിപ്പിക്കുന്ന സമയത്ത് അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ വെള്ളം സ്‌പ്രേ ചെയ്യാറുണ്ട്. എന്നാല്‍ വെള്ളം സംഭരിക്കുന്ന ടാങ്കില്‍ ചോര്‍ച്ചയുണ്ടായതോടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയതെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം.

പൊതുജനങ്ങളോടുള്ള വെല്ലുവിളി

പൊതുശ്മശാനത്തിന്റെ അറ്റകുറ്റപ്പണി വൈകിപ്പിക്കുന്ന നഗരസഭയുടെ നടപടിയില്‍ പട്ടികജാതി ക്ഷേമസമിതി കട്ടപ്പന ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. നിര്‍ധന കുടുംബങ്ങളും വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തവരും പൊതുശ്മശാനത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ മാസങ്ങളായി അടച്ചിട്ടിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അടിയന്തരമായി പൊതുശ്മശാനം പ്രവര്‍ത്തനയോഗ്യമാക്കി തുറന്നുകൊടുക്കണമെന്ന് ഏരിയ സെക്രട്ടറി ടിജി എം രാജു, ഏരിയ കമ്മിറ്റിയംഗം കെ ആര്‍ ബിനു എന്നിവര്‍ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top