19 April Friday

ബത്തേരി അർബൻ ബാങ്ക്‌ കോഴ; പ്രതിക്കൂട്ടിൽ വയനാട്‌ ഡിസിസി പ്രസിഡന്റും

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
കൽപ്പറ്റ > ഏറെ കൊട്ടിഘോഷിച്ച്‌, അധികാരമേറ്റതിന്‌ തൊട്ടുപിന്നാലെ ഡിസിസി പ്രസിഡന്റ്‌  കോടികളുടെ കോഴയാരോപണത്തിൽ കുടുങ്ങിയത്‌ കോൺഗ്രസിന്‌ കനത്ത തിരിച്ചടിയും നാണക്കേടുമായി. മുൻ ഡിസിസി നിയോഗിച്ച കമീഷനാണ്‌ ബത്തേരി അർബൻ ബാങ്കിൽ നടന്ന കോടികളുടെ  കോഴയാരോപണത്തിൽ  അന്വേഷണം നടത്തിയതും എൻ ഡി അപ്പച്ചനുൾപ്പെടെയുള്ളവരുടെ പങ്ക്‌ വ്യക്തമാക്കുന്ന റിപ്പോർട്ട്‌ തയ്യാറാക്കിയതും.
 
ഇതോടെ ഗ്രൂപ്പിനും അഴിമതിക്കും അതീതനാണെന്ന വ്യാജേന രാഹുലിന്റെ ആശീർവാദത്തോടെ  അധ്യക്ഷസ്ഥാനത്തെത്തിയ അപ്പച്ചന്റെ നിലയും പരുങ്ങലിലായി. ഡിസിസി അധ്യക്ഷൻ കൂടി ഉൾപ്പെട്ടതിനാൽ പത്രവാർത്തയിൽ ഒതുങ്ങുമെന്ന്‌ നന്നായി അറിയുന്നത്‌ കൊണ്ടുകൂടിയാണ്‌  പാർടിയിൽ റിപ്പോർട്ട്‌ ചെയ്യുന്നതിന്‌ മുമ്പേതന്നെ എതിർവിഭാഗം  മാധ്യമങ്ങൾക്ക്‌ റിപ്പോർട്ട്‌ ചോർത്തിനൽകിയത്‌. ഗ്രൂപ്പുകളെയെല്ലാം കബളിപ്പിച്ച്‌ നിയമനം നേടിയ അപ്പച്ചൻ അഴിമതിക്ക്‌ അതീതനല്ലെന്ന്‌ തെളിയിക്കുകകൂടിയായിരുന്നു  ലക്ഷ്യം.
 
പ്രസിഡന്റ്‌ കൂടി ഉൾപ്പെട്ടതോടെ റിപ്പോർട്ട്‌ പൂഴ്‌ത്തിവയ്‌ക്കുമെന്ന തിരിച്ചറിവും ചോർത്തലിന്‌  പിന്നിലുണ്ട്‌.  കമീഷന്റെ  കണ്ടെത്തലിൽ നടപടിയെടുക്കുമ്പോൾ അധ്യക്ഷൻ കൂടി അതിൽ ഉൾപ്പെടുമെന്നതിനാൽ റിപ്പോർട്ട്‌ കടലാസിലുറങ്ങാനാണ്‌ സാധ്യത. എങ്കിലും വ്യാജ സത്യസന്ധതയ്‌ക്ക്‌ ഒരു കൊട്ട്‌ കൊടുക്കാനായതിൽ എതിർപക്ഷത്തിന്‌  സമാധാനിക്കാം.  റിപ്പോർട്ട്‌ പുറത്തുവിട്ടത്‌ ഗ്രൂപ്പ്‌ മാനേജർമാരുടെ ഒത്താശയോടെയാണെന്നും അപ്പച്ചൻ അനുകൂലികൾ കരുതുന്നുണ്ട്‌.  22  പരാതിക്കാരിൽനിന്നാണ്‌ കമീഷൻ തെളിവ്‌ ശേഖരിച്ചത്‌. വഞ്ചിക്കപ്പെട്ടതിൽ കോൺഗ്രസ്‌  ബ്ലോക്ക്‌ സെക്രട്ടറി  മുതൽ ഡിസിസി സെക്രട്ടറി വരെയുണ്ട്‌.  ബത്തേരി അർബൻ ബാങ്കിൽ തന്റെ ബന്ധുവിന്‌ ജോലിക്കുവേണ്ടി എൻ ഡി അപ്പച്ചൻ 20 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന്‌ കോൺഗ്രസ് പ്രവർത്തകൻ സ്റ്റീഫൻ സാജു കമീഷന്‌ നൽകിയ പരാതി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.  കെ കെ ഗോപിനാഥനെ സമീപിച്ചപ്പോൾ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു.
 
പിന്നീട്‌ മലവയൽ ഐസക്‌ മുഖേനെ എൻ ഡി അപ്പച്ചന്റെ വീട്ടിൽ പോയപ്പോൾ ജോലിനൽകാമെന്ന്‌ പറയുകയും ഐസക്‌ എൻ ഡി അപ്പച്ചനുവേണ്ടി 20 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമുള്ള പരാതിയാണ്‌ സാജുവിന്റേത്‌.  ബത്തേരിയിലെ   സഹകരണസ്ഥാപനങ്ങളിൽ നിയമനത്തിന്റെ മറവിൽ കോടികളുടെ കൊള്ളയാണ്‌ കമീഷൻ കണ്ടെത്തിയത്‌. അർബൻ ബാങ്കിൽ ആറ്‌ ഒഴിവുകൾ മാത്രമുള്ളപ്പോൾ ഇരുപതോളം പേരിൽനിന്ന്‌ പണംപിരിച്ചു.  ഓരോ സീറ്റിനും 35 ലക്ഷംവരെ പിരിച്ചു. എന്നാൽ അതിൽ കൂടുതൽ തുക നൽകിയവർക്ക്‌ നിയമനംനൽകി  തുടങ്ങിയവയാണ്‌ കമീഷൻ കണ്ടെത്തിയത്‌. പ്രവർത്തകർ മണ്ഡലം കമ്മിറ്റികളുടെ ശുപാർശയോടെ തങ്ങളാൽ കഴിയുംവിധം 10 മുതൽ 25 ലക്ഷം രൂപ വരെ നൽകാമെന്ന് പറഞ്ഞിട്ടും നിയമനം നൽകിയില്ല. അതിനേക്കാൾ വലിയ തുകക്ക്‌ ഓരോ തസ്‌തികയും  വിറ്റു എന്നിങ്ങനെയും പരാമർശമുണ്ട്‌.
 
റിപ്പോർട്ട്  മാധ്യമങ്ങൾക്ക്‌  
നൽകിയവർക്കെതിരെ നടപടി വേണം
 
അന്വേഷണ റിപ്പോർട്ട്‌ പത്ര മാധ്യമങ്ങളിൽ നൽകിയവർക്കെതിരെ നടപടിയെടുക്കണമെന്ന്‌  ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നിരപരാധികളായ ഒരു വിഭാഗം കോൺഗ്രസ്‌ നേതാക്കന്മാരെ  അപകീർത്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്‌  പത്ര മാധ്യമങ്ങളിൽ റിപ്പോർട്ട്‌ നൽകിയത്‌. അതിന്റെ ഉറവിടം കണ്ടുപിടിച്ച് നടപടിയെടുക്കണം. സ്വയം വെള്ളപൂശുന്നതിനുവേണ്ടിയാണ്‌ ഡിസിസി അന്വേഷണ കമീഷനെ നിയോഗിച്ചത്‌.  പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷനായി. കെ എം വർഗീസ്, സക്കറിയ മണ്ണിൽ, ശ്രീജി ജോസഫ്, രവി ചീരാൽ, ആപ്പിൾ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top