കാസർകോട്
മണ്ഡലം പുനഃസംഘടനയിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി സ്വന്തക്കാരെ തിരുകിക്കയറ്റുന്നുവെന്ന് ആരോപിച്ച് പ്രവർത്തകർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉപരോധിച്ചു. കയ്യൂർ–-ചീമേനി, കിനാനൂർ–- കരിന്തളം പഞ്ചായത്തുകളിലെ എഴുപതോളം പ്രവർത്തകരാണ് പ്രത്യേക ബസിൽ വെള്ളി രാവിലെ 10ന് വിദ്യാനഗറിലെ ഓഫീസിൽ എത്തി ഉപരോധിച്ചത്. പകൽ രണ്ടുവരെ ഡിസിസി പ്രസിഡന്റിന്റെ ഓഫീസിനുമുന്നിൽ കുത്തിയിരുന്നു. കെപിസിസി അംഗം കരിമ്പിൽ കൃഷ്‌ണന്റെ നേതൃത്വത്തിൽ 10 ബൂത്ത് പ്രസിഡന്റുമാരും കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബ്ലോക്ക്, മണ്ഡലം, ബൂത്ത് നേതാക്കളും നേതൃത്വത്തെ ഞെട്ടിച്ച സമരത്തിന് എത്തി.
പകൽ ഒന്നിന് ഓഫീസിൽ എത്തിയ ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ ഇവരുമായി ചർച്ച നടത്തി. പ്രശ്‌നം കെപിസിസി പ്രസിഡന്റിനെ അറിയിക്കാമെന്ന് ഉറപ്പുനൽകി. ജില്ലയിലെ മുതിർന്ന ആറ് നേതാക്കൾ ഉൾപ്പെട്ട സമവായ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കാതെ ഭീഷണിപ്പെടുത്തിയുംമറ്റും ഉണ്ണിത്താൻ സ്വന്തംനിലയിൽ ആളുകളെ തിരുകിക്കയറ്റി പാർടി പിടിക്കാൻ നോക്കുകയാണെന്ന് സമരക്കാർ പറഞ്ഞു. ചീമേനി മണ്ഡലത്തിൽ നിലവിലെ പ്രസിഡന്റ് ജയരാമനെയോ ശ്രീവത്സൻ പുത്തൂരിനെയോ ഭാരവാഹിയാക്കണം എന്നായിരുന്നു ധാരണ. എന്നാൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ധനേഷിനെ പ്രസിഡന്റാക്കാൻ ഉണ്ണിത്താൻ കരുനീക്കിയെന്നാണ് പരാതി. വിദ്യാനഗർ പൊലീസ് സ്ഥലത്ത് എത്തി.
ഉണ്ണിത്താന്
മാനസികപ്രശ്നമെന്ന് കെപിസിസി അംഗം
കാണാൻ വരുന്ന പ്രവർത്തകരെ ചീത്ത വിളിക്കുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്ക് മാനസികപ്രശ്നമാണെന്ന് കെപിസിസി അംഗം കരിമ്പിൽ കൃഷ്ണൻ. പ്രവർത്തകരുടെ തന്തയ്‌ക്കും തള്ളയ്‌ക്കുംവരെ വിളിക്കുന്നതായും അദ്ദേഹം പറഞ്ഞു. കരിമ്പിൽ കൃഷ്ണൻ അടക്കമുള്ളവർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ഉണ്ണിത്താൻ ചാനലുകളോട് പ്രതികരിച്ചു. ഇങ്ങനെയുള്ളവരെ നിലനിർത്തി പാർലമെന്റിലേക്ക് മത്സരിക്കാനില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..