23 April Tuesday

സൂക്ഷ്‌മനിരീക്ഷണത്തിൽ; സ്ഥിതി വിലയിരുത്തി സിയാലും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യത്തിൽ ആലുവയിൽ യോഗത്തിനെത്തിയ മന്ത്രി പി രാജീവ് പെരിയാറിൽ ജലനിരപ്പുയർന്നത് വിലയിരുത്തുന്നു. 
അൻവർ സാദത്ത് എംഎൽഎ സമീപം

കൊച്ചി > ഇടുക്കി, ഇടമലയാർ, മലങ്കര, ഭൂതത്താൻകെട്ട് ഡാമുകളിലെയും നദികൾ, തോടുകൾ എന്നിവയിലെയും ജലനിരപ്പ് കലക്ടറേറ്റിലെ അടിയന്തര കാര്യനിർവഹണ കേന്ദ്രത്തിലെ സൂക്ഷ്മനിരീക്ഷണത്തിൽ. ആലുവ, മൂവാറ്റുപുഴ, കോതമംഗലം, പറവൂർ താലൂക്കുകളിലെ തീരവും താഴ്ന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ച് താൽക്കാലിക ക്യാമ്പുകൾ സജ്ജമാണ്. മന്ത്രി പി രാജീവ് ആലുവ താലൂക്ക് ഓഫീസിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ ഒരുക്കങ്ങൾ വിലയിരുത്തി.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊലീസ്, അഗ്നി രക്ഷാസേന, റവന്യു, പഞ്ചായത്ത്‌ വകുപ്പുകൾക്ക് ജില്ലാ കലക്ടർ ജാഫർ മാലിക്‌ നിർദേശം നൽകി. ക്യാമ്പുകളിൽ ആരോഗ്യവകുപ്പിന്റെ സേവനവും ഉറപ്പാക്കും. കലക്ടർ തിങ്കൾ രാവിലെ വിളിച്ചുചേർത്ത യോഗത്തിൽ എല്ലാ വകുപ്പുകളുടെയും സേനകളുടെയും ജില്ലാ മേധാവികൾ പങ്കെടുത്തു.
ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യമുണ്ടായാൽ വെള്ളം കയറാവുന്ന പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകാനുള്ള നടപടി ഞായർ രാത്രി ആരംഭിച്ചിരുന്നു. കലക്ടറുടെ ഫെയ്‌സ്‌ബുക് പേജിലും അറിയിപ്പ്‌ നൽകുന്നുണ്ട്.

കോവിഡ് രോഗികളെയും ലക്ഷണം ഉള്ളവരെയും കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റും. പറവൂർ, ആലുവ താലൂക്കുകളിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ ഗതാഗതസൗകര്യം ക്രമീകരിക്കാൻ ആർടിഒയ്‌ക്ക് നിർദേശം നൽകി. തടസ്സം നീക്കുന്നതിനുള്ള എസ്കവേറ്ററുകളും സമാന വാഹനങ്ങളും ഏർപ്പെടുത്തും. ടോറസ് ലോറികളും സജ്ജീകരിക്കും.

വരുംദിവസങ്ങളിൽ നദിയിലെ ജലപ്രവാഹത്തെ ബാധിക്കുന്ന രീതിയിൽ വേലിയേറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. പെരിയാറിലെ ജലനിരപ്പ്, മുന്നറിയിപ്പ് നിരക്കിലും താഴെയാണെന്ന് അധികൃതർ വ്യക്തമാക്കി. ഭൂതത്താൻകെട്ട് ബാരേജിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്. പാതാളം, കണക്കൻകടവ് എന്നിവ അടക്കമുള്ള ബണ്ടുകൾ തുറന്ന് ജലപ്രവാഹം സുഗമമാക്കിയിട്ടുണ്ട്.

ആലുവയിൽ ചേർന്ന അവലോകന യോഗത്തിൽ  കലക്ടർ ജാഫർ മാലിക്, എസ്‌പി  കെ കാർത്തിക്, ഡിസിപി ഐശ്വര്യ ദോംങ്‌റെ, സബ് കലക്ടർ വിഷ്ണുരാജ്, എഡിഎം എസ് ഷാജഹാൻ എന്നിവർ പങ്കെടുത്തു.

അണക്കെട്ടുകളുടെ ഷട്ടറുകൾ തുറക്കുന്നതിനുമുന്നോടിയായി മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ജില്ലയിലെ ജനപ്രതിനിധികളും യോ​ഗം ചേർന്നു. പോർട്ട് ട്രസ്റ്റുമായി സഹകരിച്ച് വടുതലയിൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള തടസ്സം നീക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.

ആദിവാസി ഊരുകൾ ഒറ്റപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആന്റണി ജോൺ എംഎൽഎ ആവശ്യപ്പെട്ടു. എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ, എംഎൽഎമാരായ പി വി ശ്രീനിജിൻ, ടി ജെ വിനോദ്, റോജി എം ജോൺ, എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, കെ ബാബു, മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ഉല്ലാസ് തോമസ്, കലക്ടർ ജാഫർ മാലിക്, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷർ, ഉദ്യോ​ഗസ്ഥർ എന്നിവർ പങ്കെടുത്തു.

കൺട്രോൾ റൂം നമ്പറുകൾ

ജില്ല
എമർജൻസി ഓപ്പറേഷൻസ് സെന്റർ - 1077 (ടോൾ ഫ്രീ നമ്പർ)
ലാൻഡ് ഫോൺ - 0484- 2423513, മൊബൈൽ 9400021077

താലൂക്ക്
ആലുവ - 0484 2624052, കണയന്നൂർ - 0484 2360704*കൊച്ചി- 0484- 2215559, കോതമംഗലം - 0485- 2860468, *കുന്നത്തുനാട് - 0484- 2522224, മൂവാറ്റുപുഴ - 0485- 2813773
പറവൂർ - 0484- 2972817

സ്ഥിതി വിലയിരുത്തി സിയാലും

നെടുമ്പാശേരി > അണക്കെട്ടുകളുടെ ഷട്ടറുകൾ തുറക്കുന്ന സാഹചര്യം വിലയിരുത്താൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യോഗം ചേർന്നു. സിയാൽ എംഡി എസ് സുഹാസ്‌ അധ്യക്ഷനായി. വിമാനത്താവളത്തിലെ വിവിധ ഏജൻസികൾ പങ്കെടുത്തു. നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ മഴ ബാധിച്ചിട്ടില്ല. പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യം നേരിടാൻ സജ്ജമാണെന്ന് സിയാൽ വക്താവ് അറിയിച്ചു.

വാഹനങ്ങൾ എത്തിക്കണം

കൊച്ചി > ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി  ഇറിഗേഷൻ, പഞ്ചായത്ത്, മോട്ടോർ വാഹനവകുപ്പ് ഒഴികെയുള്ള എല്ലാ ഓഫീസുകളുടെയും വാഹനങ്ങൾ ചൊവ്വ രാവിലെ ഒമ്പതിന് കലക്ടറേറ്റിൽ എത്തിക്കണം. ഡ്രൈവർമാരും ഹാജരാകേണ്ടതാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top