29 March Friday

ചെങ്കൊടി ബിജെപിയെയും മോദിയെയും ഭയപ്പെടുത്തുന്നു: ഡി രാജ

സ്വന്തം ലേഖകൻUpdated: Saturday Oct 1, 2022

തിരുവനന്തപുരം> ചെങ്കൊടി ബിജെപിയെയും മോദിയെയും വല്ലാതെ ഭയപ്പെടുത്തുന്നതായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. കമ്മ്യുണിസ്‌റ്റുകൾ മുഖ്യ ശത്രുക്കൾ എന്ന മോദിയുടെ പ്രഖ്യാപനം ഇതിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ്‌, പ്രതിപക്ഷ മുക്ത ഭാരതം പറഞ്ഞുനടന്നിരുന്നവർ ഇപ്പോൾ കമ്മ്യുണിസ്‌റ്റുകാരാണ്‌ മുഖ്യശത്രുക്കളെന്ന്‌ തുറന്നു പറഞ്ഞു. കമ്മ്യുണിസം അപകടകരമായ ആശയമാണെന്നാണ്‌ മോദി പറയുന്നത്‌. അത്‌ വന്യമായ കാട്ടുതീയാണെന്നും ആളിപടരുകയാണെന്നും പരിതപിക്കുന്നു. ഈ അപകടത്തെകുറിച്ച്‌ മനസിലാക്കിയിരിക്കണമെന്നും ഉപദേശിക്കുന്നു. ആർഎസ്‌എസിനും ബിജെപിക്കും വെല്ലുവിളി കമ്മ്യുണിസ്റ്റുകാരാണെന്ന തിരിച്ചറിവിൽനിന്നാണ്‌ ഭയാശങ്ക. മോദിമാർക്ക്‌ കമ്മ്യുണിസം അപകടകരമായ ആശയമാകും. കാരണം അത്‌ ലോകമാക പണിയെടുക്കുന്നവന്റെ ആശയമാണ്‌.

കോൺഗ്രസ്‌ ഇന്നത്തെ നിലയിൽ തുടർന്നിട്ട് കാര്യമില്ലെന്നും രാജ പറഞ്ഞു. നയങ്ങൾ മാറ്റണം. അവർ‌ മുന്നോട്ടുവച്ചതും തുടക്കമിട്ടതുമായ നവ ഉദാരവത്‌കരണ നയങ്ങളാണ്‌ ബിജെപി അതിതീവ്രമായി നടപ്പാക്കുന്നത്‌. ഈ നയം ഇതേ നിലയിൽ തുടരണമോ എന്നതിൽ കോൺഗ്രസിന്റെ നിലപാട്‌ അറിയാൻ രാജ്യത്തിന്‌ താൽപര്യമുണ്ട്‌. കുറഞ്ഞത്‌ നെഹ്‌റുവിന്റെ സാമ്പത്തിക നയങ്ങളെകുറിച്ചെങ്കിലും‌ സംസാരിക്കാൻ കോൺഗ്രസ് തയ്യാറാകണം. പൊതുമേഖലയ്‌ക്ക്‌ മുഖ്യപങ്കുള്ള സാമ്പത്തിക നയമാണ്‌ നാടിന്‌ ആവശ്യമെന്ന്‌ വ്യക്തമാക്കണം. നിലവിലെ സാഹചര്യങ്ങൾ മനസിലാക്കിയുള്ള നയമാറ്റമാണ്‌ കോൺഗ്രസിൽനിന്ന്‌ രാജ്യം പ്രതീക്ഷിക്കുന്നത്‌.

വീരപുരുഷ പരിവേഷം ചാർത്തി മോദി എന്ന ഏകാധിപതിയെ സൃഷ്ടിക്കാനാണ്‌ ആർഎസ്‌എസ്‌- ബിജെപി ശ്രമം. ഈ അപകടം ഒഴീവാക്കാൻ ഇവരെ അധികാരത്തിൽനിന്ന്‌ തുരുത്താനാകണം. മതനിരപേക്ഷ– ജനാധിപത്യ കക്ഷികളുടെ ഒരുമയിലൂടെ മാത്രമേ ഇവർക്കെതിരായ രാഷ്‌ട്രീയ പോരാട്ടത്തിന്‌ സാധ്യമാകൂ. ഇതിൽ പ്രാദേശിക കക്ഷികളുടെ സഹകരണവും ഉറപ്പാക്കാനാകണം. രാജ്യസ്വാതന്ത്രം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളിൽ ഇടതുപക്ഷം ചരിത്രദൗത്യം നിറവേറ്റുമെന്നും ഡി രാജ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top