26 April Friday

‘ബുറേവി’ നാളെ തമിഴ്‌നാട്ടിൽ തീരം തൊടും ; വെള്ളിയാഴ്‌ച വരെ അതിശക്തമായ മഴയ്‌ക്ക്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

image credit windy.com


ചെന്നൈ
ബുറേവി ചുഴലിക്കാറ്റ്‌ വെള്ളിയാഴ്‌ച തമിഴ്‌നാട്ടിൽ തീരം തൊടുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. ഒരാഴ്‌ചയ്‌ക്കകം സംസ്ഥാനത്ത്‌ പ്രതീക്ഷിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്‌. അതിത്രീവ്ര ചുഴലിക്കാറ്റായ നിവർ വലിയ നാശനഷ്ടം ഉണ്ടാക്കിയിരുന്നു.

ബുറേവിയും നിവർ പോലെ അതിത്രീവ്ര ചുഴലിക്കാറ്റായിരിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ ജനറൽ മൃതുഞ്ജയ് മോഹപത്ര പറഞ്ഞു. ബുധനാഴ്‌ച ശ്രീലങ്കൻ തീരത്ത്‌ എത്തിയ ചുഴലിക്കാറ്റ്‌ വെള്ളിയാഴ്ച പുലർച്ചെയോടെ ഇന്ത്യയിലെത്തും. കന്യാകുമാരിക്കും പാമ്പനുമിടയിലാണ്‌ തീരം തൊടുക. തൂത്തുക്കുടി തീരത്തിനടുത്തായിരിക്കുമെന്നാണ്‌ നിലവിലെ നിഗമനം. ലങ്കൻ തീരത്ത് മണിക്കൂറിൽ 80-–-90 കിലോമീറ്റർ വേഗത്തിലെത്തുന്ന ബുറേവി ഇന്ത്യയിലെത്തുമ്പോൾ മണിക്കൂറിൽ 70--‐80 കിലോമീറ്ററായി കുറയും. പിന്നീട്‌ കേരളം വഴി അറബിക്കടലിലേക്ക്‌‌ നീങ്ങും.

തിരുവനന്തപുരം നെയ്യാറ്റിൻകര വഴി 65--‐75 കിലോമീറ്റർ വേഗതയിലായിരിക്കും ചുഴലിക്കാറ്റ്‌ കേരളത്തിലൂടെ പോകുക. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തമിഴ്‌നാട്‌, കേരളം എന്നീ സംസ്ഥാനങ്ങളിലെ ദക്ഷിണ ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം റെഡ്‌ അലെർട്ട്‌ പ്രഖ്യാപിച്ചു‌. ഈ പ്രദേശങ്ങളിൽ വെള്ളിയാഴ്‌ച വരെ അതിശക്തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. വെള്ളപ്പൊക്കവും ഉണ്ടാകാം. തിങ്കളാഴ്‌ചയ്‌ക്ക്‌ ശേഷം തമിഴ്‌നാട്ടിൽ വീണ്ടും മറ്റൊരു ചുഴലിക്കാറ്റിനും സാധ്യതയുണ്ട്‌.

കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, മധുരെ ജില്ലകളിൽ ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചു. അപകട സാധ്യതാമേഖലകളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കും. ബുറേവി നേരിടാൻ തമിഴ്‌നാട്ടിൽ മന്ത്രിമാരുടെയും വകുപ്പ്‌ തലവന്മാരുടെയും ഉന്നതതല യോഗം ചേർന്നു. ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നും സംസ്ഥാനത്തിന്റെ ദക്ഷിണ മേഖലയിലുള്ളവർ വെള്ളിയാഴ്‌ച വരെ പുറത്തിറങ്ങരുതെന്നും‌ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.

ചുഴലിക്കാറ്റ്‌: പൊലീസ് സജ്ജം
ചുഴലിക്കാറ്റ്‌ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ അടിയന്തര സാഹചര്യം നേരിടാൻ പൊലീസ് സജ്ജമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. മുഴുവൻ സ്റ്റേഷനുകൾക്കും കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾക്കും ജാഗ്രതാ നിർദേശം നൽകി‌.

ജില്ലാ പൊലീസ് മേധാവിമാർ പ്രത്യേകം കൺട്രോൾ റൂം തുറക്കും. ദുരിതാശ്വാസ പ്രവർത്തനത്തിൽ സന്നദ്ധപ്രവർത്തകരെ ഏകോപിപ്പിക്കാനും അടിയന്തര സാഹചര്യത്തിൽ ഉപകരണം ലഭ്യമാക്കാനും നടപടിയെടുക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് തടയാൻ കോസ്റ്റൽ വാർഡന്മാരുടെ സേവനം വിനിയോഗിക്കണം.

ബറ്റാലിയൻ ഉദ്യോഗസ്ഥർ തയ്യാറായിരിക്കണം. ആൾക്കാരെ ഒഴിപ്പിക്കുന്നതിനും ദുരിതാശ്വാസ നടപടികൾക്കും പൊലീസ് വാഹനം ഉപയോഗിക്കാം. റവന്യൂ, ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ ആവശ്യമെങ്കിൽ തീരപ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top