25 April Thursday

‘ആസിഡ്‌ മഴ" വാർത്ത കള്ളം; കൊച്ചിയിൽ ‘അമ്ല മഴ’ ഉണ്ടായില്ലെന്ന് കുസാറ്റ്‌ പഠനം

ടി ആർ അനിൽകുമാർUpdated: Thursday Mar 16, 2023

കൊച്ചി > രാത്രി പെയ്‌ത വേനൽമഴയുടെ പഠന റിപ്പോർട്ടിനു കാത്തു നിൽക്കാതെ, ലിറ്റ്‌മസ്‌ ടെസ്‌റ്റിലൂടെ ‘ആസിഡ്‌ മഴ സ്ഥിരീകരിച്ച’ തും പൊളിഞ്ഞു. വേനൽമഴയിൽ ആസിഡ്‌ അംശം ഇല്ലെന്നും സാധാരണമഴ വെള്ളത്തിന്റെ ശുദ്ധിതന്നെ ബുധനാഴ്‌ച രാത്രി കൊച്ചിയിൽപെയ്‌ത മഴയിലെ വെള്ളത്തിനുണ്ടെന്നും കുസാറ്റ്‌ കാലാവസ്ഥാ പഠന കേന്ദ്രത്തിലെ പഠനത്തിൽ തെളിഞ്ഞു. കുടയിൽ വിള്ളൽവീണത്‌ മഴയുടെ അമ്ലഗുണം കൊണ്ടെന്ന്‌ മനോരമ കണ്ടെത്തിയ കളമശേരയിൽ നിന്നുതന്നെ നാല്‌ വ്യത്യസ്‌ത മേഖലകളിൽ നിന്ന്‌ ശേഖരിച്ച മഴവെള്ളമാണ്‌ കുസാറ്റിൽ പഠന വിധേയമാക്കിയത്‌.

നാലു സാമ്പിളിലും മഴ വെള്ളത്തിന്റെ പിഎച്ച്‌ മൂല്യം ഏഴിനടുത്താണ്‌.  ഇതു സാധാരണ മഴവെള്ളത്തിന്റെ പിഎച്ച്‌ മൂല്യമാണ്‌. നാലിനടുത്ത്‌ എത്തിയാലാണ്‌ ആസിഡ്‌ മഴയെന്ന്‌ കണക്കാക്കുന്നത്‌.  6.8, 6.6,  6.9, 6.7 എന്നിങ്ങനെയാണ്‌ കുസാറ്റ്‌ പഠനവിധേയമാക്കിയ നാലു മേഖലയിലെ മഴവെള്ളത്തിന്റെ പിഎച്ച്‌ മൂല്യമെന്ന്‌ കുസാറ്റ്‌ റഡാർ  പഠന കേന്ദ്രം ശാസ്‌ത്രജ്ഞൻ ഡോ. എം ജി മനോജ്‌ പറഞ്ഞു. സാധാരണ വെള്ളത്തിന്റെ പി എച്ച്‌ മൂല്യം ഏഴാണ്‌.  ഇന്നലത്തെ മഴയിലും ഏകദേശം അതിനടുത്ത്‌ തന്നെയുണ്ട്‌. പിഎച്ച്‌ മൂല്യം ഏഴിനു മുകളിലായാൽ ആൽക്കലൈൻ അംശവും ഏഴിൽ താഴെയായാൽ  ആസിഡ്‌ അംശവും കാണാം. എന്നാൽ കൊച്ചിയിൽ സാധാരണ മഴയിൽ കാണുന്ന പി എച്ച്‌ മൂല്യമാണ്‌ അഞ്ചുമുതൽ ആറുവരെയുള്ളത്‌. ബുധൻ രാത്രിയിലെ മഴയിലും ഇതു തന്നെയാണു കാണുന്നത്‌. കുസാറ്റിൽ മൂന്നു വ്യത്യസ്‌ത  കമ്പനിയുടെ പിഎച്ച്‌ മീറ്ററുകളിൽ നാലു സാമ്പിളും  പഠന വിധേയമാക്കി. എല്ലാം ഒരേ പിഎച്ച്‌ മൂല്യമാണു കാണിച്ചത്‌. ആസിഡ്‌ മഴ എന്നു പറയാവുന്ന മഴയില്ല എന്നാണ്‌ ഇതു തെളിയിക്കുന്നത്‌. - ഡോ. എം ജി മനോജ്‌ പറഞ്ഞു.

ലിറ്റ്‌മസ്‌ പരിശോധന കൊണ്ട്‌ മഴയിൽ അമ്ലഗുണം എന്ന്‌ പറയുന്നതിന്‌ അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ലിറ്റ്‌മസ്‌ ടെസ്‌റ്റ്‌ നടത്തിയാൽ ഏതു മഴയിലും അമ്ലഗുണം കാണിക്കാം. കാരണം അന്തരീക്ഷത്തിലെ കാർബൺഡയോക്‌സയിഡ്‌ മഴവെള്ളത്തിലലിഞ്ഞ്‌ കാർബോണിക്‌ ആസിഡാവാറുണ്ട്‌. അതാണ്‌ ലിറ്റ്‌മസ്‌ ടെസ്‌റ്റിൽ അങ്ങനെ കാണിക്കുന്നത്‌. അത്‌ മഴവെള്ളത്തിൽ സൾഫ്യൂറിക്‌ ആസിഡിന്റെയൊ  മറ്റേതെങ്കിലും ആസിഡിന്റെയൊ സാന്നിധ്യമായി കണക്കാക്കാനുമാവില്ല - അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top