25 April Thursday

ക്രൈം നന്ദകുമാറിന്റെ അറസ്റ്റ്; വ്യാജ വാർത്താ നിർമ്മാതാക്കൾക്കുള്ള താക്കീത്: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022

തിരുവനന്തപുരം > മഞ്ഞപ്പത്രക്കാർക്കും മാധ്യമരംഗത്തെ മനോരോഗികൾക്കുമുള്ള താക്കീതാണ് ക്രൈം നന്ദകുമാറിന്റെ അറസ്‌റ്റെ‌ന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. മന്ത്രി വീണാ ജോർജ്ജിന്റേതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതിനായി അശ്ലീലവീഡിയോ വ്യാജമായി നിർമ്മിക്കാൻ നിർബന്ധിച്ചു എന്ന ജീവനക്കാരിയുടെ പരാതിയെത്തുടർന്ന് ക്രൈം നന്ദകുമാർ അറസ്റ്റിലായിരിക്കുകയാണ്. കേരളത്തിലെ രാഷ്ട്രീയ - സാമൂഹിക മണ്ഡലത്തെ മലീമസമാക്കി കൊണ്ട് പതിറ്റാണ്ടുകളായി വലതു പക്ഷ അജണ്ടകൾക്കായി പൈങ്കിളി വാർത്ത പടച്ചു വിട്ടിരുന്ന മഞ്ഞ പത്രക്കാരനാണ് ക്രൈം നന്ദകുമാർ.

പിണറായി വിജയനെ ലാവലിൻ പുകമറ തീർത്ത് കോൺഗ്രസ്സും അന്നവർ ചങ്ങലയ്ക്കിട്ടിരുന്ന സിബിഐയും വലതുപക്ഷമാധ്യമങ്ങളും വേട്ടയാടിയ കാലത്ത് 'ഞെട്ടിപ്പിക്കുന്ന' തെളിവുകൾ എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട തെളിവുകൾ പലതും ക്രൈം നന്ദകുമാറിന്റെ ഭാവനയും സംഭാവനയുമായിരുന്നു. റിമോർട്ടിൽ തുറക്കുന്ന മണി മാളികയും 'കമലാ ഇന്റർനാഷണലും' മലയാള പത്ര - ദൃശ്യ മാധ്യമങ്ങൾ മസാല പുരട്ടി ആഘോഷിച്ചത് ക്രൈം നന്ദകുമാറിന്റെ 'തെളിവുകളുടെ' ബലത്തിലാണ്. അതേ നന്ദകുമാറാണ് ഏറ്റവുമൊടുവിൽ സ്വർണ്ണ കള്ളക്കടത്ത് കേസിൽ ബിജെപിക്ക് വേണ്ടി പി. സി ജോർജ്ജിനൊപ്പം ചേർന്ന് മുഖ്യമന്ത്രിക്കെതിരെ തിരക്കഥ രചിച്ചത്. ക്രൈം നന്ദകുമാറുമായുള്ള കൂടിക്കാഴ്ച പി.സി ജോർജ്ജ് പരസ്യമായി സമ്മതിച്ച കാര്യവുമാണ്.

സ്വന്തം സഹ പ്രവർത്തകയെ ഡ്യൂപ്പാക്കി സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരെ വ്യാജ അശ്ലീല വീഡിയോ നിർമിക്കാൻ ശ്രമിച്ച അങ്ങേയറ്റം ഹീനമായ കുറ്റ കൃത്യം ചെയ്‌ത ക്രിമിനലിനെയാണ് കേരളത്തിലെ വിശാല വലതുപക്ഷം കൊണ്ടാടിക്കൊണ്ടിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് കാലത്ത് വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചവർക്ക്  കേരളത്തിലെ പ്രതിപക്ഷനേതാവ്  നൽകിയ പിന്തുണയിൽ നിന്ന് ആരാണ് നന്ദകുമാരന്മാരുടെ പിൻബലം എന്ന കാര്യം വ്യക്തമാണ്. ഇടതുപക്ഷ  നേതാക്കൾക്കെതിരെ ഇന്നും വ്യാജ വാർത്തകളും അപസർപ്പക കഥകളും മെനയാൻ മുന്നിൽ നിൽക്കുന്ന വലത് പക്ഷത്തിന്റെ കൂലിക്കാരായ മഞ്ഞപ്പത്രക്കാർക്കും മാധ്യമരംഗത്തെ മനോരോഗികൾക്കുമുള്ള താക്കീതാണ് ക്രൈം നന്ദകുമാറിന്റെ അറസ്‌റ്റെന്ന്‌ ഡിവൈഎഫ്‌ഐ പ്രസ്‌താവനയിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top