27 April Saturday

പ്രതിപക്ഷം ശ്രമിച്ചത്‌ നിയമസഭയെ ചോരക്കളമാക്കാൻ; ജനാധിപത്യ വിരുദ്ധ നടപടികളില്‍ ശക്തമായി പ്രതിഷേധിക്കുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

തിരുവനന്തപുരം > നിയമസഭയില്‍ പ്രതിപക്ഷം കാണിച്ച ജനാധിപത്യ വിരുദ്ധ നടപടികളില്‍ ശക്തമായി പ്രതിഷേധിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. നിയമസഭയില്‍ അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിക്കുകയും ചിലത്‌ ചര്‍ച്ച ചെയ്യുകയും, ചര്‍ച്ച ചെയ്യാതിരിക്കുകയും ചെയ്യുന്നത്‌ സ്‌പീക്കറുടെ വിവേചന അധികാരത്തെക്കൂടി അടിസ്ഥാനപ്പെടുത്തിയാണ്‌. അത്‌ നിയമസഭയിലെ സ്വാഭാവിക നടപടി ക്രമവുമാണ്‌. നിയമസഭയില്‍ ഇതിന്റെ പേരില്‍ വാക്ക്‌ഔട്ട്‌ ഉണ്ടാവുകയും സാധാരണയാണ്‌.

നിയമസഭയിലെ സാധാരണയുണ്ടാകാറുള്ള ഈ നടപടികളില്‍ നിന്ന്‌ വ്യത്യസ്‌തമായി നിയമസഭയെ ചോരക്കളമാക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടലാണ്‌ പ്രതിപക്ഷത്ത്‌ നിന്നും ഉണ്ടായത്‌. സഭാനാഥനായ സ്‌പീക്കറെ ഓഫീസില്‍ പോലും കയറാന്‍ പറ്റാത്തവിധം സഞ്ചാര സ്വാതന്ത്ര്യത്തെപ്പോലും നിഷേധിക്കുന്ന നടപടിയാണ്‌ പ്രതിപക്ഷത്ത്‌ നിന്നും ഉണ്ടായത്‌. ഈ ഘട്ടത്തില്‍ സ്‌പീക്കറുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട വാച്ച്‌ ആന്റ്‌ വാര്‍ഡിനെ പോലും അക്രമിക്കുന്ന സ്ഥിതിയാണുണ്ടായത്‌. ഏഴോളം വാച്ച്‌ ആന്റ്‌ വാര്‍ഡിനേയാണ്‌ ഇവര്‍ അക്രമിച്ചത്‌. അഡീഷണനല്‍ ചീഫ്‌ മാര്‍ഷലിനെ നെഞ്ചത്തും, കഴുത്തിലും ചവിട്ടുക പോലും ചെയ്‌തു. സ്‌ത്രീകളുടേയും, കുട്ടികളുടേയും കാര്യം പറഞ്ഞ്‌ പ്രമേയം അവതരിപ്പിക്കാന്‍ വന്നവര്‍ അഞ്ച്‌ വനിത വാച്ച്‌ ആന്റ്‌ വാര്‍ഡിനേയാണ്‌ അക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്‌.

ബ്രഹ്മപുരത്ത്‌ അതീവ ജാഗ്രതയോടെയാണ്‌ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതും, തീ അണച്ച്‌ ജനങ്ങള്‍ക്കാശ്വാസം നല്‍കിയതും. നിയമസഭയില്‍ ചട്ടം 300 പ്രാകാരം മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്‌താവന ജനങ്ങളിലെത്തിക്കാതിരിക്കാന്‍ കൂടിയാണ്‌ ഇത്തരം സംഘര്‍ഷം നിയമസഭയില്‍ സൃഷ്‌ടിച്ചത്‌ അവിടെ മാലിന്യം കുന്നുകൂട്ടി ഈ അവസ്ഥയിലെത്തിച്ചവരാണ്‌ സര്‍ക്കാരിനെ ഇപ്പോള്‍ പഴിചാരുന്നത്‌. സഭാനാഥനായ സ്‌പീക്കറെപ്പോലും തടഞ്ഞ്‌ നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ ഇടപെടലിനെതിരെ പ്രതിഷേധമുയരണമെന്ന്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top