21 September Thursday
കൊല്ലപ്പെട്ടത് സിപിഐ എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം 
 ഷാജഹാൻ

സിപിഐ എം നേതാവിനെ 
ആർഎസ്എസുകാർ വെട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

 

പാലക്കാട്
സിപിഐ എം മരുതറോഡ്‌ ലോക്കൽ കമ്മിറ്റി അം​ഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ എസ് ഷാജഹാനെ (40) ആർഎസ്എസ്, ബിജെപി പ്രവർത്തകർ വെട്ടിക്കൊന്നു. കുന്നങ്കാട് ജങ്ഷനിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. അഞ്ചം​ഗ സംഘമാണ് കൊലപാതകം നടത്തിയത്. ഷാജഹാന്റെ കാലിലും തലയ്ക്ക് പിറകിലുമായാണ്‌ വെട്ടേറ്റത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങാൻ കുന്നങ്കാട് ജങ്ഷനിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. വെട്ടിയ ശേഷം അഞ്ച് പേരും ഓടി രക്ഷപ്പെട്ടു.

കൂടെയുണ്ടായിരുന്ന സുരേഷും സുഹൃത്തുക്കളും ചേർന്നാണ് ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചയിൽ. പോസ്റ്റുമോർട്ടം തിങ്കളാഴ്ച നടക്കും. മരുതറോഡ് പഞ്ചായത്തിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും. പ്രദേശത്ത് ഫ്ലക്സ് ബോർഡ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. അഞ്ച് പേരെയും കണ്ടാൽ തിരിച്ചറിയാമെന്ന് ഒപ്പമുണ്ടായിരുന്ന സുരേഷ് പറഞ്ഞു.

കൊലപാതകം അറിഞ്ഞ് സിപിഐ എം നേതാക്കളും പ്രവർത്തകരും ജില്ലാ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. സിപിഐ എം കേന്ദ്രകമ്മിറ്റി അം​ഗം എ കെ ബാലൻ, സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്‌ണദാസ്‌,  എ പ്രഭാകരൻ എംഎൽഎ, സിപിഐ എം പുതുശേരി ഏരിയ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവർ ജില്ലാ ആശുപത്രിയിൽ എത്തി. ഭാര്യ: ഐഷ (കേരള ബാങ്ക് ജീവനക്കാരിയാണ്).  മക്കൾ: ഷാഹിർ, ഷക്കീർ, ഷിഫാന. അച്ഛൻ: സായ്ബ്കുട്ടി. അമ്മ: സുലൈഖ.

നടുങ്ങി കൊട്ടേക്കാട് ​ഗ്രാമം
ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ​ഗൂഢാലോചന. കോട്ടേക്കാട് ​പ്രദേശത്തുള്ള ലഹരി സംഘങ്ങളെ കൂട്ടുപിടിച്ച് ആർഎസ്എസ് നടത്തിയ കൊലപാതകമാണ് ഷാജഹാന്റേത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഷാജഹാന് ആർഎസ്എസിന്റെ നിരന്തര ഭീഷണിയുണ്ടായിരുന്നു. ഗണേശോത്സവത്തിന്‌ ബോർഡ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കുന്നങ്കാട് ജങ്ഷനിൽ കുറച്ചുദിവസം മുമ്പ് തർക്കമുണ്ടായി. ഇത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് കണക്കാക്കുന്നത്. എങ്കിലും ഈ തർക്കം കൊലപാതകത്തിലേക്ക് നയിക്കുമെന്ന് കൊട്ടേക്കാട് ​ഗ്രാമത്തിലെ ആരും കരുതിയില്ല.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ തയ്യാറെടുപ്പുകളും കഴിഞ്ഞ് ആഘോഷത്തിന് കാത്തിരിക്കുന്നവർക്കിടയിലേക്കാണ് കൊലപാതക വാർത്തയെത്തിയത്. നാടിന്റെ പ്രിയ നേതാവിന്റെ വിയോ​ഗമറിഞ്ഞ് സുഹൃത്തുക്കൾ ജില്ലാ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന പ്രദേശത്ത് കൊലപാതകമുണ്ടായത് എല്ലാവരെയും നടുക്കി. ഏതൊരു കാര്യത്തിനും ഓടിയെത്താറുള്ള ജനങ്ങൾക്കൊപ്പം നിന്നിരുന്ന ഒരു നേതാവിനെ നഷ്ടമായതിന്റെ വേദന ഓരോരുത്തരിലും കാണാമായിരുന്നു. പലരും വിങ്ങിപ്പൊട്ടി. സിപിഐ എം നേതാക്കൾ ഇടപെട്ടാണ് ജില്ലാ ആശുപത്രിയിൽ കൂടിയ ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്.

രണ്ട് ടിപ്പർ ലോറി സ്വന്തമായുള്ള ഷാജഹാൻ അതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബത്തെ നോക്കിയിരുന്നത്. അതിനൊപ്പം സജീവമായി സംഘടനാ പ്രവർത്തനവും മുന്നോട്ട് കൊണ്ടുപോയി. ഒരു നാടിനെയാകെ കണ്ണീരിലാഴ്‌ത്തിയാണ്‌ ഷാജഹാനെ ആർഎസ്എസ് സംഘം വെട്ടി വീഴ്‌ത്തിയത്‌.

കൊലപാതകം കേരളത്തെ 
കലാപഭൂമിയാക്കാൻ: സിപിഐ എം
പാലക്കാട്‌ മരുതറോഡ്‌ സിപിഐ എം ലോക്കൽകമ്മിറ്റി അംഗം എസ് ഷാജഹാന്റെ കൊലപാതകത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. ആസൂത്രിതമായ കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്‌. വീട്ടിലേക്ക് പോകുന്ന വഴി ഇരുളിൽ പതിയിരുന്ന സംഘം മൃഗീയമായാണ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. സമാധാന അന്തരീക്ഷം നിലനിന്നിരുന്ന പ്രദേശത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമാണിത്‌. ഇത്തരം സംഭവങ്ങൾക്കെതിരെ  ശക്തമായ നടപടിയെടുത്ത്‌ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണം. സിപിഐ എം പ്രവർത്തർ പ്രകോപനത്തിൽപ്പെടരുത്‌. കൊലപാതകത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ഇത്തരം ക്രിമിനൽ സംഘത്തെ ഒറ്റപ്പെടുത്തണം. ഷാജഹാന്റെ  കൊലപാതകം അപലപനീയവും അത്യന്തം നിഷ്ഠൂരവുമാണ്‌. ബഹുജനങ്ങളിൽനിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും  സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.

ആറ്‌  വർഷം; ആർഎസ്‌എസ്‌ അരിഞ്ഞുതള്ളിയത്‌ 17 സിപിഐ എം പ്രവർത്തകരെ
സംസ്ഥാനത്ത്‌ കഴിഞ്ഞ ആറ്‌ വർഷത്തിനിടെ ആർഎസ്‌എസ്‌ ക്രിമിനൽസംഘം നിഷ്കരുണം കൊന്നുതള്ളിയത്‌ 17 സിപിഐ എം പ്രവർത്തകരെ. വർഗീയ അജണ്ടകൾക്ക്‌ സിപിഐ എം തടസ്സമാണെന്ന തിരിച്ചറിവാണ്‌ ഓരോ കൊലപാതകത്തിനും കാരണം. ആർഎസ്‌എസ്‌ നേതാക്കളുടെ അറിവോടെയും പിന്തുണയോടെയും കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഓരോ കൊലപാതകവും.

2016–-2022 കാലയളവിൽ ആർഎസ്‌എസ്‌ കൊലക്കത്തിക്ക്‌ ഇരയാക്കിയ സിപിഐ എം പ്രവർത്തകർ

ഷിബു (സുരേഷ്‌), ചേർത്തല–- ആലപ്പുഴ, 17–-02–-2016
സി വി രവീന്ദ്രൻ, പിണറായി–- കണ്ണൂർ, 19–-05–-2016
ശശികുമാർ, ഏങ്ങണ്ടിയൂർ–- തൃശൂർ, 27–-05–-2016
സി വി ധനരാജ്‌, പയ്യന്നൂർ– -കണ്ണൂർ, 11–-07–-2016
ടി സുരേഷ്‌കുമാർ, കരമന–- തിരുവനന്തപുരം, 13–-08–-2016
മോഹനൻ, വാളാങ്കിച്ചാൽ–- കണ്ണൂർ, 10–-10–-2016
പി മുരളീധരൻ, ചെറുകാവ്‌–- മലപ്പുറം, 19–-01–-2017
ജി ജിഷ്ണു, കരുവാറ്റ–- ആലപ്പുഴ, 10–-02–-2017
മുഹമ്മദ്‌ മുഹസിൻ, വലിയമരം–- ആലപ്പുഴ 04–-03–-2017
കണ്ണിപ്പൊയ്യിൽ ബാബു–- കണ്ണൂർ 07–-05–-2018
അബൂബക്കർ സിദ്ദിഖ്‌, കാസർകോട്‌, 05–-08–-2018
അഭിമന്യു വയലാർ–- ആലപ്പുഴ, 05–-04–-2019
പി യു സനൂപ്‌, പുതുശേരി–-തൃശൂർ, 04–-10–-2020
ആർ മണിലാൽ, മൺറോതുരുത്ത്‌–- കൊല്ലം, 06–-12–-2020
പി ബി സന്ദീപ്‌, പെരിങ്ങര–-പത്തനംതിട്ട, 02–-12–-2021
ഹരിദാസൻ, തലശേരി– -കണ്ണൂർ, 21–-02–-2022
ഷാജഹാൻ –-പാലക്കാട്‌, - 14–-08–-2022
ഷിബു (സുരേഷ്‌), ചേർത്തല–- ആലപ്പുഴ, 17–-02–-2016
സി വി രവീന്ദ്രൻ, പിണറായി–- കണ്ണൂർ, 19–-05–-2016
ശശികുമാർ, ഏങ്ങണ്ടിയൂർ–- തൃശൂർ, 27–-05–-2016
സി വി ധനരാജ്‌, പയ്യന്നൂർ– -കണ്ണൂർ, 11–-07–-2016
ടി സുരേഷ്‌കുമാർ, കരമന–- തിരുവനന്തപുരം, 13–-08–-2016
മോഹനൻ, വാളാങ്കിച്ചാൽ–- കണ്ണൂർ, 10–-10–-2016
പി മുരളീധരൻ, ചെറുകാവ്‌–- മലപ്പുറം, 19–-01–-2017
ജി ജിഷ്ണു, കരുവാറ്റ–- ആലപ്പുഴ, 10–-02–-2017
മുഹമ്മദ്‌ മുഹസിൻ, വലിയമരം–- ആലപ്പുഴ 04–-03–-2017
കണ്ണിപ്പൊയ്യിൽ ബാബു–- കണ്ണൂർ 07–-05–-2018
അബൂബക്കർ സിദ്ദിഖ്‌, കാസർകോട്‌, 05–-08–-2018
അഭിമന്യു വയലാർ–- ആലപ്പുഴ, 05–-04–-2019
പി യു സനൂപ്‌, പുതുശേരി–-തൃശൂർ, 04–-10–-2020
ആർ മണിലാൽ, മൺറോതുരുത്ത്‌–- കൊല്ലം, 06–-12–-2020
പി ബി സന്ദീപ്‌, പെരിങ്ങര–-പത്തനംതിട്ട, 02–-12–-2021
ഹരിദാസൻ, തലശേരി– -കണ്ണൂർ, 21–-02–-2022

ഷാജഹാൻ –-പാലക്കാട്‌, - 14–-08–-2022


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top