25 April Thursday
സിൽവർ ലൈൻ സാമ്പത്തിക സ്ഥിതി തകർക്കില്ല, മെച്ചപ്പെടുത്തും

വികസനം അട്ടിമറിക്കുമെന്ന വാശി ആപത്ത്‌ ; ജനം തുടർഭരണം നൽകിയത്‌ വികസനത്തിന്‌ : പിണറായി വിജയൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

ഫോട്ടോ: ജി പ്രമോദ്

       

തിരുവനന്തപുരം
സിൽവർ ലൈൻ ഉൾപ്പെടെ കേരളത്തിൽ നടപ്പാക്കാൻ പോകുന്ന വികസനപദ്ധതികൾ അട്ടിമറിക്കുമെന്ന പ്രതിപക്ഷ പാർടികളുടെ വാശി നാടിന്‌ ആപത്താണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും സംസ്ഥാനത്ത്‌ ഇനിയൊരു വികസനം വേണ്ടെന്ന നിലപാടിലാണ്‌. ഇവരെല്ലാം ചേർന്ന്‌ കുപ്രചാരണം നടത്തിയിട്ടും ഇടതുപക്ഷത്തിന്‌ ജനം തുടർഭരണം നൽകിയത്‌ വികസനത്തിന്റെ പേരിലാണ്‌. അത്‌ മനസ്സിലാക്കിത്തന്നെയാണ്‌ വികസനം തടയുന്ന നിലപാട്‌  സ്വീകരിക്കുന്നത്‌.

കാർഷികമേഖല വികസിക്കാത്തതും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും നമ്മുടെ ദൗർബല്യമാണ്‌. പശ്ചാത്തല സൗകര്യമുണ്ടെങ്കിലേ വികസനമുണ്ടാകൂ. അതിനെല്ലാം ബജറ്റിൽ തുക കണ്ടെത്താനാകില്ല. പുറത്തുനിന്ന്‌ തുക കണ്ടെത്തണം. 62,000 കോടിയുടെ കിഫ്‌ബി പദ്ധതിയും 64,000 കോടിയുടെ സിൽവർ ലൈനുമുൾപ്പെടെ രണ്ടു ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനമാണ്‌ സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്‌. ഇത്‌ സാമ്പത്തികവളർച്ചയ്‌ക്ക്‌ വലിയ ഊർജം പകരും. സിൽവർ ലൈൻ യാഥാർഥ്യമാകുന്നതോടെ വ്യാവസായിക, വിനോദ സഞ്ചാര മേഖലകൾക്ക്‌ വലിയ മുന്നേറ്റമാകും. വിഴിഞ്ഞത്തുനിന്ന് ഉൾപ്പെടെ ചരക്കുഗതാഗതം വേഗത്തിലാക്കാനാകും.

ചെലവ്‌ 64,000 കോടിയിലധികമാകുമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്‌. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി തകർക്കുകയല്ല മെച്ചപ്പെടുത്തുന്നതാണ്‌ പദ്ധതി. കേരളത്തിന്റെ സമ്പദ്‌ഘടന മൂന്നു പതിറ്റാണ്ടായി ഭദ്രമായ നിലയിലാണ്‌. 10 വർഷത്തിനകം ജനിക്കുന്ന ഓരോ കുഞ്ഞിനും 33,000 രൂപ കടബാധ്യതയുണ്ടാകുമെന്ന്‌ ആരോപിക്കുന്നവരുണ്ട്‌.

ഈ പാതയില്ലെങ്കിൽ 200 കിലോമീറ്റർ താണ്ടാൻ ആ കുട്ടിക്ക്‌ 10 മണിക്കൂർ എടുക്കേണ്ടി വരും. രൂക്ഷമാകുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ ഈ 33,000 രൂപയുടെ എത്ര ഇരട്ടി ചെലവിട്ടാലും കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top