27 April Saturday

ഡിസംബർ ആറ്‌, പെരിങ്ങരയ്‌ക്ക്‌ ആർഎസ്‌എസ്‌ താലിബാനിസത്തിന്റെ മറ്റൊരു നടുക്കുന്ന ഓർമ

സ്വന്തം ലേഖകൻUpdated: Monday Dec 6, 2021

കൊന്നിട്ടും തീരാത്ത പക സുനിൽകുമാറിനെ വെട്ടിക്കൊന്നശേഷം കൈ വെട്ടിയെടുത്ത്‌ കൊടിമരത്തിൽ കെട്ടിത്തൂക്കിയിരിക്കുന്നു (--ഫയൽചിത്രം)

കൊല്ലം > നാടിനാകെ വെളിച്ചമായി നിന്ന കമ്യൂണിസ്‌റ്റുകാരനെ പിറന്നാൾത്തലേന്ന്‌ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്‌എസ്‌ ക്രൂരതയിൽ കേരള മനഃസാക്ഷി വിറങ്ങലിച്ചു നിൽക്കുകയാണ്‌. ഇന്ന്‌, ഡിസംബർ ആറ്‌ കൊല്ലത്തിന്‌ ആർഎസ്‌എസ്‌ താലിബാനിസത്തിന്റെ മറ്റൊരു നടുക്കുന്ന ഓർമ. പെരിങ്ങരയ്‌ക്ക്‌ സന്ദീപ്‌കുമാറെന്നപോലെ അയത്തിലിന് പ്രിയപ്പെട്ടവനായിരുന്നു സുനിൽകുമാർ. കൊന്നിട്ടും പകതീരാതെ ആ പൊതുപ്രവവർത്തകന്റെ  കൈ വെട്ടിയെടുത്ത്‌ തെരുവിലെ തൂണിൽ കെട്ടിത്തൂക്കിയ നൃശംസതയ്‌ക്കാണ്‌ 25 വർഷം മുമ്പുള്ള ഇതേ ദിവസം അയത്തിൽ സാക്ഷിയായത്‌.
 
ഡിവൈഎഫ്ഐയുടെ അയത്തിൽ അപ്സര യൂണിറ്റ് പ്രസിഡന്റായിരുന്ന സുനിൽകുമാറിനെ ആർഎസ്‌എസ്‌ ക്രിമിനലുകൾ അരുംകൊല ചെയ്‌തത്‌ 1996 ഡിസംബർ ആറിനാണ്‌. പുലർച്ചെ മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകയറിയ ആർഎസ്എസുകാർ അമ്മയുടെയും ഭാര്യയുടെയും ആറുമാസം പ്രായമുള്ള മകന്റെയും മുന്നിലിട്ടാണ്‌ സുനിൽകുമാറിനെ വെട്ടിവീഴ്‌ത്തിയത്‌. ഒച്ചകേട്ട്‌ വാതിൽ തുറന്ന അച്ഛനെയും അമ്മയെയും ചവിട്ടിവീഴ്‌ത്തിയാണ്‌ അക്രമികൾ അകത്തുകടന്നത്‌. സുനിൽകുമാറിനെ ആക്രമിക്കുന്നത്‌ സർവശക്തിയുമെടുത്ത്‌ തടഞ്ഞ അമ്മയ്ക്കും വെട്ടേറ്റു. പിന്നീട്‌ അച്ഛനമ്മമാരുടെയും ഭാര്യയുടെയും പിഞ്ചുകുഞ്ഞിന്റെയും മുന്നിലിട്ട്‌ സുനിലിനെ തലങ്ങും വിലങ്ങും വെട്ടി.
 
പാതി ജീവൻ പോയ ശരീരത്തിൽനിന്ന്‌ വലതു കൈ വെട്ടിമാറ്റി. അഭിമാനത്തോടെ ശുഭ്രപതാകയേന്തിയ ആ കൈ ഡിവൈഎഫ്ഐയുടെ കൊടിമരത്തിൽ കെട്ടിത്തൂക്കി. രാവിലെ ചോര ഇറ്റുവീഴുന്ന കാഴ്‌ച കണ്ടവർ ഭീതിയോടെ കണ്ണുപൊത്തി. പ്രദേശത്തെ മറ്റ്‌ പല ഡിവൈഎഫ്‌ഐ പ്രവർത്തകരെയും ലക്ഷ്യമിട്ടാണ്‌ അക്രമികൾ സംഘടിതമായി എത്തിയതെന്നും ഒടുവിൽ പുലർച്ചെ അഞ്ചോടെയാണ്‌ സുനിൽകുമാറിന്റെ വീട്ടിലെത്തിയതെന്നും സമീപവാസിയായ യുക്തിരാജ്യം മാസിക പത്രാധിപർ ശ്രീനി പട്ടത്താനം ഓർക്കുന്നു. 
രാഷ്‌ട്രീയ എതിരാളികളോട്‌ എത്രത്തോളം പകയാണ്‌ ആർഎസ്‌എസ്‌ പോറ്റിവളർത്തുന്നതെന്ന്‌ വെളിവാക്കുന്നതാണ്‌ സുനിൽകുമാറിന്റെ കൊലപാതകം.
 
താലിബാനടക്കമുള്ള ഭീകര സംഘടനകൾ നടപ്പാക്കുന്ന ക്രൂരത ആർഎസ്‌എസിന്‌ പണ്ടേ കൈമുതലാണ്‌. സുനിൽകുമാർ പ്രദേശത്തെ യുവജനങ്ങളെ ഡിവൈഎഫ്‌ഐയിൽ അണിനിരത്തി മുന്നേറിയതാണ്‌ ആർഎസ്‌എസിനെ ചൊടിപ്പിച്ചത്‌. നാടിനെയാകെ ഭീതിയിലാക്കി ഈ മുന്നേറ്റത്തെ ചെറുക്കാമെന്ന വ്യാമോഹം തെറ്റാണെന്ന്‌ കാലം തെളിയിച്ചു. മേഖലയിൽ ഡിവൈഎഫ്‌ഐ ശക്തമായ സാന്നിധ്യമായി വളർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top