29 March Friday

ചൊവ്വാഴ്ച ഏരിയാകേന്ദ്രങ്ങളില്‍ സിപിഐ എം പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

തിരുവനന്തപുരം > മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായുള്ള അക്രമങ്ങള്‍ക്കെതിരെയും തിരുവല്ലയില്‍ ആര്‍എസ്എസ് - ബി.ജെ.പി അക്രമി സംഘം കൊലപ്പെടുത്തിയ പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും സിപിഐ എം എല്ലാ ഏരിയാ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.

ഈ വര്‍ഷം തന്നെ ആദ്യത്തെ 9 മാസക്കാലം 300 ലേറെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്.  പരിക്കേറ്റതില്‍ ഭൂരിപക്ഷവും ദളിത് - ക്രിസ്ത്യന്‍ വിഭാഗങ്ങളാണ്. ആസാമില്‍ നദീ പുറംപോക്കില്‍ താമസിക്കുന്ന മുസ്ലീങ്ങള്‍ക്കെതിരെ വലിയ അതിക്രമങ്ങളാണ് സര്‍ക്കാര്‍ സഹായത്തോടെ നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലായി പതിനായിര കണക്കിന് മുസ്ലീങ്ങള്‍ പൗരത്വത്തില്‍ നിന്ന് പുറത്തായിരിക്കുന്നു.

ആദ്യമായി ത്രിപുരയില്‍ ഹിന്ദുത്വ വാദികള്‍ മുസ്ലീങ്ങള്‍ക്കെതിരായി വലിയ തോതില്‍ അതിക്രമങ്ങള്‍ അഴിച്ചുവിട്ടു. ഇത് അന്വേഷിക്കാന്‍ വന്ന വ്യക്തികള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും എതിരെ യു.എ.പി.എ ചുമത്തുന്ന നിലയുണ്ടായി. മധ്യപ്രദേശിലെ മുസ്ലീം തെരുവ് കച്ചവടക്കാര്‍ക്കെതിരെ ഹിന്ദുത്വ ശക്തികള്‍ അക്രമം നടത്തി, ഡല്‍ഹിക്കടുത്തുള്ള ഗൂര്‍ഗാവിലും ഈ അടുത്ത ദിവസങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരെ അക്രമം നടത്തുകയുണ്ടായി.

രാജ്യ വ്യാപകമായി ന്യൂനപക്ഷ വിരുദ്ധവും വിദ്വേഷം പരത്തുന്നതുമായ സംഘപരിവാറിനെ കേന്ദ്ര സര്‍ക്കാരും, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. നേരത്തെ ന്യൂനപക്ഷ വിരുദ്ധ നിയമ നിര്‍മ്മാണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയതാണ്.

സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്ത ന്യൂനപക്ഷ അവകാശ സംരക്ഷണദിനത്തിന്റെ ഭാഗമായി 7-ാം തീയതി വൈകുന്നേരം 5.00 മണിക്ക് ജില്ലാ, ഏര്യാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടി വന്‍ വിജയമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അതോടൊപ്പം നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ പരിശ്രമിക്കുന്ന ആര്‍.എസ്.എസ്സിന്റെ കൊലപാതക രാഷ്ട്രീയ്ത്തിനെതിരെ   കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം. തിരുവല്ലയില്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സന്ദീപിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ ആര്‍.എസ്.എസ് - ബി.ജെ.പി സംഘത്തെ ഒറ്റപ്പെടുത്താനും എല്ലാവരും തയ്യാറാകണം. നാളെ വൈകുന്നേരം 5.00 മണിക്ക് ജില്ലാ, ഏര്യാ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ എല്ലാ ജനാധിപത്യവിശ്വാസികളും പങ്കെടുക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top