29 March Friday

പാർടി ഫണ്ട് സമാഹരണം വിജയിപ്പിക്കുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

തിരുവനന്തപുരം> സിപിഐ എം പ്രവർത്തന ഫണ്ട് ശേഖരണം സെപ്‌തംബർ 1 മുതൽ 14 വരെ നടക്കും. പാർടിയുടെ വിവിധ ഘടകങ്ങളുടെ ഒരുവർഷത്തെ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ മുഴുവൻ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.

ഹിന്ദുത്വ- കോർപ്പറേറ്റ് അജണ്ടകൾ ശക്തമായിനടപ്പിലാക്കാൻ ബിജെപി സർക്കാർ ശ്രമിക്കുകയാണ്. ഇത്തരം നയങ്ങൾക്കെതിരായി ഉയർന്നുവരുന്ന എതിർപ്പുകളെ മറികടക്കാൻ ഹിന്ദുത്വ അജണ്ടകളും അമിതാധികാര പ്രവണതകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോവുകയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ആശയങ്ങൾ തകർക്കുന്നതിനുള്ള പദ്ധതികളും ബോധപൂർവ്വമായി രാജ്യത്ത് നടപ്പിലാക്കുകയാണ്.

രാജ്യത്തിന്റെ സ്വാശ്രയത്വത്തിനും പരമാധികാരത്തിനും അടിസ്ഥാനമായ പൊതു ആസ്‌തികളെല്ലാം കോർപ്പറേറ്റുകൾക്ക് വിറ്റുതുലയ്‌ക്കാനുള്ള പദ്ധതികളും നടപ്പിലാക്കുകയാണ്. ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചും സ്വാതന്ത്ര്യ സമര കാലത്ത് ഉയർന്നുവന്ന ഗുണപരമായ എല്ലാ മൂല്യങ്ങളെയും തകർക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുകയാണ്. ക്ഷേമ പദ്ധതികളും പശ്ചാത്തല സൗകര്യ വികസനങ്ങളെയും തുരങ്കം വയ്ക്കുന്നതിനുള്ള പരിപാടികളും നടപ്പിലാക്കുകയാണ്.

കേന്ദ്ര സർക്കാരിന്റെ ഇത്തരം നയങ്ങൾക്കെതിരെ ബദൽ നയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാന സർക്കാർ പ്രവർത്തിക്കുകയാണ്. കേന്ദ്രം സ്വകാര്യവൽക്കരിച്ച പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്ന പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ആരോഗ്യ വിദ്യാഭ്യാസാധി സംവിധാനങ്ങളെയെല്ലാം സർക്കാരിന്റെ ഇടപെടലുകൾ ശക്തിപ്പെടുത്തി സർക്കാർ മുന്നോട്ടുപോവുകയാണ്. ജനക്ഷേമകരമായ പ്രവർത്തനങ്ങളെ തടയുന്ന വിധം കടുത്ത അവഗണനയാണ് ധനകാര്യ മേഖലയിലുൾപ്പടെ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ചുകൊണ്ട് ജനാധിപത്യ സംസ്‌കാരത്തിന്റെ പുതിയ മുഖം സംസ്ഥാനത്ത് സൃഷ്ടിക്കുകയാണ്. വൈജ്ഞാനിക സമൂഹ സൃഷ്ടിയിലൂടെ ഉൽപ്പാദനവും ഉൽപ്പാദന ക്ഷമതയും വർദ്ധിപ്പിച്ച് അവ നീതിയുക്തമായി വിതരണം ചെയ്യുന്ന പ്രവർത്തനങ്ങളിലും സർക്കാർ മുഴുകുകയാണ്.

ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനും ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുന്ന നയങ്ങൾക്കുവേണ്ടി പൊരുതിയും സിപിഐ എം ജനപക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടുപോവുകയാണ്. ജനക്ഷേമകരമായ പ്രവർത്തനങ്ങളിൽ ഇടപെടുന്ന പാർടി എന്ന നിലയിൽ സാധാരണക്കാരയ ബഹുജനങ്ങളിൽ നിന്നും ഫണ്ട് ശേഖരിച്ച് പ്രവർത്തിക്കുന്ന ശൈലിയാണ് സിപിഐ എം സ്വീകരിച്ചിരിക്കുന്നത്. ആഗോള വൽക്കരണ നയങ്ങൾക്കും കോർപ്പറേറ്റ് വൽക്കരണ ത്തിനുമെതിരായും വർഗ്ഗീയതയ്ക്കും അഴിമതിക്കും എതിരായും പ്രവർത്തിക്കുന്നത് സിപിഐ എം ആണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാ കാലത്തും സഹായങ്ങൾ നൽകിയിട്ടുള്ളത് ബഹുജനങ്ങളാണ്.

എല്ലാ പാർടി മെമ്പർമാരും അവരുടെ കഴിവനുസരിച്ച് സംഭാവന നൽകണം. പാർടി ഘടകങ്ങളാവട്ടെ വീടുകളിലും തൊഴിൽ സ്ഥാപനങ്ങളിലും ബഹുജനങ്ങളെ നേരിട്ട് കണ്ട് ഫണ്ട് ശേഖരിക്കണം. ഫണ്ടിനായി പാർടി പ്രവർത്തകർ സമീപിക്കുമ്പോൾ എല്ലാ വിധ സഹായസഹകരണങ്ങളും നൽകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top