24 April Wednesday

മുസ്ലീം ബഹുജനങ്ങളെ സിപിഐ എമ്മിൽ നിന്ന്‌ അകറ്റാമെന്ന്‌ കരുതേണ്ട ; ലീഗിന്റെ കലാപനീക്കം വിജയിക്കില്ല: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Monday Jan 10, 2022


കോഴിക്കോട്‌> മുസ്ലീം ബഹുജനങ്ങളെ സിപിഐഎമ്മിൽ നിന്ന് അകറ്റാനുള്ള ശ്രമം വിലപ്പോകില്ലെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഐ എം കോഴിക്കോട്‌ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

വഖഫ്‌ വിഷയവുമായി ബന്ധപ്പെട്ട്‌ രണ്ടാം വിമോചന സമരത്തിനാണ്‌ ലീഗ്‌ ശ്രമിക്കുന്നത്‌. അത്‌ നടക്കാൻ പോകുന്നില്ല. കേരള രാഷ്‌ട്രീയത്തിൽ മുഖം നഷ്‌ടമായ ലീഗ്‌ കലാപം നടത്തി തിരിച്ചുവരാൻ ശ്രമിക്കയാണ്‌. കാലം മാറിയെന്ന്‌ അവർ മനസിലാക്കണം. 1957ലെ കമ്യൂണിസ്‌റ്റ്‌ പാർടിയല്ല ഇന്നുള്ളത്‌. വിപുലമായ ബഹുജനസ്വാധീനവും വിശ്വാസികളെയടക്കം പിന്തുണയുമുള്ള പാർടിയാണിന്ന്‌ കേരളം ഭരിക്കുന്നത്‌. അതിനാൽ വിമോചനസമര വ്യാമോഹത്തിൽ നിന്ന്‌ ലീഗ്‌ പിന്തിരിയണം.

വഖഫ്‌ ബോർഡ്‌ നിയമനം പി എസ്‌സിക്ക്‌ വീടുന്ന കാര്യത്തിൽ എൽഡിഎഫ്‌ സർക്കാരിന്‌ യാതൊരു വാശിയുമില്ല. എല്ലാവരും ചർച്ചനടത്തിയേ നടപ്പാക്കൂവെന്ന്‌  സർക്കാർ വ്യക്തമാക്കിയതുമാണ്‌. ജിഫ്രിമുത്തുക്കോയ തങ്ങളും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരും  നേതൃത്വം നൽകുന്ന മുസ്ലിംസംഘടനകൾ  ലീഗിന്റെ സമരത്തെ പിന്തുണച്ചില്ല. ഒറ്റപ്പെട്ട ലീഗ്‌ ജാള്യം മറക്കാനാണ്‌  കലാപത്തിനും വർഗീയധ്രുവീകരണത്തിനും  ശ്രമിക്കുന്നത്‌. തെരഞ്ഞെടുപ്പിൽ ലീഗ്‌ വഖഫ്‌ പ്രചരണ വിഷയമാക്കിയില്ല. ബില്ലിനെ സഭയിൽ  എതിർത്തതുമില്ല.   വഖഫ്‌ സ്വത്തുക്കൾ കയ്യടക്കിയത്‌ ലീഗ്‌ നേതാക്കളാണ്‌. അത്‌ തിരിച്ചുപിടിക്കുമെന്ന്‌ വന്നപ്പോഴാണ്‌   എതിർപ്പും  കലാപശ്രമവുമെല്ലാം. മതാധിഷ്‌ഠിതപാർടിയായ ലീഗ്‌ ഇസ്ലാം രാഷ്‌ട്രീയവുമായി സന്ധിചെയ്‌തിരിക്കയാണ്‌. അധികാരം നഷട്‌മായ ലീഗിനെ നയിക്കുന്നത്‌ ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്‌ത്രമാണ്‌. ആർഎസ്‌എസ്‌ വെല്ലുവിളി നേരിടാൻ സഹായിക്കുന്നതല്ല ഈ സമീപനം. മതനിരപേക്ഷത ഉയർത്തുന്നതിന്‌ പകരം തീവ്രവർഗീയതയെ കൂട്ടുപിടിക്കുന്നത്‌ ആർ എസ്‌ എസി ന്‌ അധികാരത്തിൽ തുടരാൻ അവരമൊരുക്കലാണ്‌.

മുസ്ലിം ബഹുജനത്തെ  അകറ്റാൻ ബോധപൂർവ്വ നീക്കം

വിശ്വാസികൾക്ക്‌ എതിരാണ്‌ സിപിഐ എം എന്ന്‌ പ്രചരിപ്പിച്ച്‌ മുസ്ലിം ബഹുജനങ്ങളെ പാർടിയിൽ നിന്നകറ്റാൻ സംഘടിത നീക്കമാണ്‌ സംസ്ഥാനത്ത്‌ നടക്കുന്നത്‌. ലീഗിന്റെ പിന്തുണയിലാണിത്തരം നീക്കങ്ങൾ. ജമാഅത്തെ ഇസ്ലാമിയുടെ ആശയസ്വാധീനത്തിലുള്ള പ്രചരണമാണിത്‌.  കമ്യൂണിസ്‌റ്റുകാർ മതത്തെ അംഗീകരിക്കാത്തവർ എന്ന്‌ ഒരു  വിഭാഗം പറഞ്ഞു.    കമ്യൂണിസ്‌റ്റ്‌പാർടി മതവിശ്വാസത്തിന്‌ എതിരല്ല. വിശ്വാസികൾക്ക്‌   അംഗത്വംകൊടുക്കുന്നപാർടിയാണ്‌ സിപിഐ എം . ആരാധനാലയം സംരക്ഷിക്കാൻ ജീവത്യാഗം ചെയ്‌ത യു കെ കുഞ്ഞിരാമന്റെ പാർടിയാണിത്‌. ദൂരെനിന്ന്‌ സംശയത്തോടെ വീക്ഷിച്ചിരുന്ന  ക്രിസ്‌ത്യൻ–മുസ്ലിം ജനവിഭാഗങ്ങൾ സിപിഐ എമ്മിനെ സ്വാഗതംചെയ്യുന്ന  സാഹചര്യമാണിന്നുള്ളത്‌. അതിനാൽ വിശ്വാസികളെ തെറ്റിധരിപ്പിക്കാനുള്ള നീക്കം കേരളത്തിൽ വിജയിക്കില്ലെന്നും കോടിയേരി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ്‌  ആണ്‌. ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ കേന്ദ്രത്തെ ആര്‍എസ്എസ് അനുവദിക്കുന്നില്ല. ഫെഡറല്‍ സംവിധാനം അട്ടിമറിക്കുന്നു .  കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന കോര്‍പ്പറേറ്റ് ഭരണമാണ് കേന്ദ്രത്തില്‍ നടക്കുന്നത്. കോര്‍പ്പറേറ്റുകളുടെ 10 ലക്ഷം കോടിക്ഷോണ്‌  എഴുതിത്തള്ളിയത്‌. എന്നാല്‍ കര്‍ഷകരെയും മത്സ്യതൊഴിലാളികളുടെയും കടം എഴുതിതള്ളാന്‍ കേന്ദ്രം തയ്യാറല്ല. ലോകത്തെ ദരിദ്രരില്‍ 60ശതമാനവും ഇന്ത്യയിലാണ്.

ഇവിടെ ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. കാര്‍ഷികമേഖല കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാന്‍ നീക്കം നടന്നു. രാജ്യത്ത് തൊഴില്‍ നിയമം ഭേദഗതി ചെയ്തു. ഇതിനെതിരെ ശബ്ദിച്ചാല്‍ അടിച്ചമര്‍ത്തും. അമിതാധികാര ഭരണമാണ് കേന്ദ്രത്തിന്റേത്. രാജ്യത്തെ പൊലീസ് സ്റ്റേറ്റ് ആക്കി മാറ്റി. യുഎപിഎ കേസുകള്‍ വര്‍ദ്ധിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ അടിച്ചമര്‍ത്താന്‍ നോക്കുകയാണെന്നും കോടിയേരി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top