19 April Friday

ദുഷ്‌പ്രചാരണത്തിന്റെ മുനയൊടിക്കും ; വികസനത്തിനൊപ്പം അണിനിരത്തും

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022


കോഴിക്കോട്‌
വികസനബദലും വർഗീയതയോട്‌ സന്ധിയില്ലാത്ത സമരവും പ്രഖ്യാപിച്ച്‌ സിപിഐ എം കോഴിക്കോട്‌ ജില്ലാ സമ്മേളനം സമാപിച്ചു. എം കേളപ്പൻ നഗറിൽ(വെസ്‌റ്റ്‌ഹിൽ സമുദ്ര ഓഡിറ്റോറിയം) മൂന്നുദിവസമായി ചേർന്ന സമ്മേളനം ജില്ലയിൽ തൊഴിലാളി വർഗ പാർടിയുടെ കരുത്ത്‌ വിളിച്ചറിയിക്കുന്നതായി. കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും മുന്നോട്ട്‌ പോകാൻ സമ്മേളനം ആഹ്വാനം ചെയ്‌തു.

സംസ്ഥാന സർക്കാരിന്റെ വികസനമുന്നേറ്റങ്ങളെ തുരങ്കംവയ്‌ക്കുന്നവരുടെ ദുഷ്‌പ്രചാരണത്തിന്റെ   മുനയൊടിക്കാൻ പ്രസ്ഥാനത്തെ സുസജ്ജമാക്കും. സിൽവർലൈൻ പദ്ധതിക്കെതിരെയുള്ള ബിജെപി, യുഡിഎഫ്‌, ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിന്റെ കുപ്രചാരണങ്ങൾക്കെതിരെ 4000 ജനസദസ്സുകളും ഗൃഹസന്ദർശനവും നടത്തും. എല്ലാ മേഖലകളിലും പാർടിയുടെ സ്വാധീനം വികസിപ്പിക്കും.  ഇതര രാഷ്‌ട്രീയ പാർടികളിൽനിന്ന്‌ ജില്ലയിൽ പതിനായിരത്തിലധികം പേരാണ്‌ ചുരുങ്ങിയകാലത്തിനകം‌ സിപിഐ എമ്മിനൊപ്പം ചേർന്നത്‌. ഇത്തരത്തിലുള്ളവരെ പാർടിയിലേക്ക്‌ ആകർഷിക്കുന്ന വിവിധ പരിപാടികൾക്കും പ്രവർത്തനങ്ങൾക്കും സമ്മേളനം രുപംനൽകി. 

ജില്ലാ സെക്രട്ടറി പി മോഹനൻ അവതരിപ്പിച്ച റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ 37 പ്രതിനിധികൾ പങ്കെടുത്തു.  31 വനിതകൾ ഉൾപ്പടെ 250 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. പ്രതിനിധി സമ്മേളനം  സംസ്ഥാന സെക്രട്ടറി  കോടിയേരി  ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. പൊളിറ്റ്‌ബ്യൂറോ അംഗം  പിണറായി വിജയൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എ കെ ബാലൻ, എളമരം കരീം,  സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്‌ണൻ എന്നിവർ  പങ്കെടുത്തു. ബുധനാഴ്‌ച വൈകീട്ട്‌ ഇഎംഎസ്‌ നഗറിൽ (കടപ്പുറം സ്വാതന്ത്ര്യ ചത്വരം) പൊതുസമ്മേളനം  പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top