28 March Thursday

രാജ്യത്ത്‌ നീതിന്യായ സംവിധാനം സർക്കാരിന്റെ തടവറയിൽ : എസ് രാമചന്ദ്രൻ പിള്ള

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022


കാഞ്ഞങ്ങാട്
‌രാജ്യത്തെ നീതിന്യായ സംവിധാനം ഭരണാധികാരികളുടെ തടവറയിലാണെന്ന്‌ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. സിപിഐ എം കാസർകോട് ജില്ലാ സമ്മേളനം മടിക്കൈ അമ്പലത്തുകരയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  അയോധ്യ കേസ്‌ പോലെ മോദി സർക്കാരിന്‌ താൽപ്പര്യമുള്ള വിഷയങ്ങളിൽ തിരക്കിട്ടു വിധി പറഞ്ഞ സുപ്രീംകോടതി, സർക്കാരിനു താൽപ്പര്യമില്ലാത്ത കേസുകൾ പരിഗണിക്കുന്നുപോലുമില്ല.

ജമ്മു–- കശ്മീരിനെ ഒറ്റദിവസംകൊണ്ട്‌ ഇല്ലാതാക്കിയതിനെതിരെയും പൗരത്വ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ചും നൽകിയ ഹർജികൾ സുപ്രീംകോടതിയിൽ കിടക്കുകയാണ്‌. കോർപറേറ്റുകളിൽനിന്ന്‌ കോടികൾ സമാഹരിക്കാനുള്ള ഇലക്ടറൽ ബോണ്ട്‌ സമ്പ്രദായം നിയമവിരുദ്ധമാണെന്നു കാണിച്ച്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമർപ്പിച്ച ഹർജിയും  പരിഗണനയ്‌ക്കെടുത്തില്ല. ഇതെല്ലാം നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർക്കും.


 

ഹിന്ദുരാഷ്ടം സ്ഥാപിക്കാനുള്ള കടുത്ത നടപടിയുമായാണ് ആർഎസ്എസ് നയിക്കുന്ന വർഗീയ–- കോർപറേറ്റ് സർക്കാർ മുന്നോട്ടുപോകുന്നത്. തെരഞ്ഞെടുപ്പ്‌ കമീഷൻ ഉൾപ്പെടെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയിലാക്കി. പാർലമെന്റിൽ ചർച്ചചെയ്യാതെയാണ്‌ നിയമങ്ങളും നയങ്ങളും നടപ്പാക്കുന്നത്‌.   മാധ്യമങ്ങളെയും ജനങ്ങളെയും നിരീക്ഷണ വലയത്തിലാക്കി ഇന്റർനെറ്റും ടെലഫോണും പരിശോധിക്കുന്നു.

ഭരണഘടനയ്‌ക്കും മതനിരപേക്ഷതയ്‌ക്കും വെല്ലുവിളി ഉയർത്തുന്ന ബിജെപിക്ക് ബദലാകാൻ കോൺഗ്രസിനാവില്ല. ബിജെപിയെ എതിർക്കുന്ന പ്രാദേശിക പാർടികളുടെ വിശാല ഐക്യം വളർത്തിക്കൊണ്ടുവരാനാണ് സിപിഐ എം ശ്രമിക്കുന്നത്‌. കേരളത്തിൽ എല്ലാത്തലങ്ങളിലും വിപ്ലവകരമായ മാറ്റം സാധ്യമാക്കിയത്‌ 84 വർഷമായി കമ്യൂണിസ്‌റ്റ്‌ പാർടി നടത്തിയ ഇടപെടലുകളാണ്‌. കമ്യൂണിസ്റ്റ് ഭരണത്തിന്റെ ലോകോത്തര മാതൃകയാണിന്ന്‌ കേരളം–- എസ്‌ ആർ പി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top