02 October Monday

പയ്യന്നൂരിലെ പാർടി നടപടി മാനസികഐക്യമില്ലായ്‌മ പരിഹരിക്കാന്‍; സാമ്പത്തികനേട്ടമോ ധനാപഹരണമോ കണ്ടെത്തിയിട്ടില്ല: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022

കണ്ണൂർ > പയ്യന്നൂരിലെ പാർടി നടപടിയുമായി ബന്ധപ്പെട്ട്‌ വലതുപക്ഷ മാധ്യമങ്ങളും വലതു രാഷ്ട്രീയക്കാരും നടത്തുന്ന ഹീനനീക്കം  വിലപ്പോവില്ലെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.  പയ്യന്നൂർ ഏരിയയിലെ സംഘടനാ പ്രശ്നങ്ങളിൽ വിശദമായ അന്വേഷണങ്ങൾക്കും പരിശോധനയ്ക്കും ശേഷമാണ് സംഘടനാ മാനദണ്ഡമനുസരിച്ച് പാർടി ജില്ലാകമ്മിറ്റി ചില  പ്രവർത്തകരുടെ പേരിൽ അച്ചടക്ക നടപടികൾ സ്വീകരിച്ചത്.

പാർടി അന്വേഷണത്തിൽ വ്യക്തിപരമായി ആരെങ്കിലും സാമ്പത്തികനേട്ടമോ ധനാപഹരണമോ നടത്തിയതായി കണ്ടെത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ഫണ്ടിലോ, എകെജി ഭവൻ നിർമ്മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ  പണാപഹരണവും നടന്നിട്ടില്ല. പാർടി പണം നഷ്ടപ്പെട്ടിട്ടുമില്ല.

പാർടി പ്രവർത്തകരിൽ നിന്നും ബഹുജനങ്ങളിൽ  നിന്നും സമാഹരിച്ച തുക കൊണ്ടാണ് സിപിഐ എം പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് വേണ്ടി 2017 ൽ എ കെജി ഭവൻ  നിർമ്മിച്ചത്.  പാർടി പ്രവർത്തകരുടെ ദീർഘകാലത്തെ ആഗ്രഹമായിരുന്നു സൗകര്യപ്രദമായ കെട്ടിടം നിർമ്മിക്കുകയെന്നത്‌. സമാനരീതിയിലാണ് ബഹുജനങ്ങളിൽ നിന്നും ധനരാജ് രക്തസാക്ഷി കുടുംബസഹായ ഫണ്ട് സമാഹരിച്ചത്. അതിൽ നിന്നും കുടുംബസഹായ ഫണ്ട് നൽകുകയും വീട് നിർമ്മിക്കുകയും കേസിന് പണം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിന്റെയും ധനരാജ് ഫണ്ടിന്റെയും  വരവ്-ചെലവ് കണക്കുകൾ യഥാസമയം ഓഡിറ്റ് ചെയ്ത് ഏരിയാകമ്മിറ്റിയിൽ അവതരിപ്പിക്കുന്നതിൽ ചുമതലക്കാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പാർടി കണ്ടെത്തിയത്.

ഇപ്പോഴാണ് ഇത് സംബന്ധിച്ച് ഓഡിറ്റും പരിശോധനയും നടത്തിയത്. ബഹുജനങ്ങളിൽ നിന്നും ഏത് ആവശ്യത്തിന് വേണ്ടിയാണോ ഫണ്ട് പിരിക്കുന്നത് ആ ആവശ്യങ്ങൾക്ക് വേണ്ടി ചെലവഴിക്കുകയും അത് സുതാര്യമായി നിർവ്വഹിക്കുകയും ചെയ്യുന്ന പാർടിയാണ് സിപിഐ എം എന്ന്‌  ബഹുജനങ്ങൾക്കറിയാം. ഗൗരവമായ ജാഗ്രതക്കുറവും യഥാസമയം ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കാത്തതുമാണ് പയ്യന്നൂരിലുണ്ടായ വീഴ്ച. അതിനാലാണ്‌ ജില്ലാസെക്രട്ടറിയേറ്റ് അംഗമായ ടി ഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്കും ഏരിയാകമ്മിറ്റിയംഗമായ ടി വിശ്വനാഥനെ ലോക്കൽ കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയതും കെ കെ ഗംഗാധരൻ, കെ പി മധു എന്നിവരെ ശാസിക്കാനും തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് ഫണ്ടിൽ സാമ്പത്തിക ക്രമക്കേടൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണം നടത്തിയ കമീഷൻ കണ്ടെത്തിയത്. എന്നാൽ ഓഫീസ് ജീവനക്കാർക്ക് ചില വീഴ്ച സംഭവിച്ചതായി കണ്ടെത്തി. അത് സാമ്പത്തിക കാര്യങ്ങളിലല്ല. അവരോട് വിശദീകരണം തേടിയപ്പോൾ വീഴ്ചകൾ സ്വയം വിമർശനപരമായി അംഗീകരിച്ചതിനാൽ രണ്ട്‌ പേരുടെ പേരിൽ നടപടി സ്വീകരിക്കുകയാണ് ചെയ്തത്. ഈ അച്ചടക്ക നടപടികൾക്കെല്ലാം സംസ്ഥാനകമ്മിറ്റി അനുമതി നൽകിയിട്ടുണ്ട്. യഥാസമയം കണക്ക് ഏരിയാ കമ്മിറ്റിയിൽ അവതരിപ്പിക്കാതെ വന്നപ്പോൾ പാർടി ഏരിയാകമ്മിറ്റിക്ക് ബന്ധപ്പെട്ടവരെ കൊണ്ട് അത് ചെയ്യിക്കുന്നതിൽ വീഴ്ച സംഭവിക്കുകയും ചെയ്തു. വസ്തുത ഇതായിരിക്കെ മറിച്ചുള്ള പ്രചരണങ്ങളെല്ലാം പാർട്ടിയെ തകർക്കാൻ ലക്ഷ്യമാക്കിയുള്ളതാണ്. ധനപഹരണമാണെന്ന് വരുത്തിത്തീർക്കാൻ വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും നടത്തുന്ന ഹീനനീക്കം  തിരിച്ചറിയാൻ പാർടി പ്രവർത്തകർക്കുംജനങ്ങൾക്കും സാധിക്കും.

ഏരിയാ സെക്രട്ടറിയുടെ പേരിൽ നടപടിയെടുത്തതല്ല. പയ്യന്നൂർ ഏരിയയിലെ പാർട്ടിക്കകത്ത് നിലനിൽക്കുന്ന മാനസിക ഐക്യമില്ലായ്മ പരിഹരിക്കാൻ ഉയർന്ന ഘടകമായ സംസ്ഥാനകമ്മിറ്റിയംഗത്തിന് സെക്രട്ടറിയുടെ ചുമതല കൊടുക്കുകയാണുണ്ടായത്. ഈ തീരുമാനങ്ങൾ ഏരിയാകമ്മിറ്റി അംഗീകരിച്ചതാണ്. തുടർന്ന് എല്ലാ ലോക്കൽകമ്മിറ്റികളിലും പാർടി അംഗങ്ങളുടെ ഇടയിലും വിശദീകരിച്ചതുമാണ്.

വസ്തുത ഇതായിരിക്കെ പാർടി പ്രവർത്തകരിലും ബഹുജനങ്ങളിലും തെറ്റിദ്ധാരണ പരത്താനുള്ള ദുഷ്ടലക്ഷ്യത്തോടെയുള്ള പ്രചരണത്തെ പാർടിയെ സ്നേഹിക്കുന്നവർ അവജ്ഞയോടെ തള്ളിക്കളയും.  സിപിഐ എമ്മിനെ ദുർബ്ബലപ്പെടുത്തുകയെന്നത്‌ കോർപ്പറേറ്റ് -വലതുപക്ഷ അജണ്ടയാണ്. ആ കെണിയിൽ വീണുപോകാതെ പോരാട്ടങ്ങളിലൂടെയും ജീവത്യാഗത്തിലൂടെയും വളർന്നുവന്ന പയ്യന്നൂരിലെ പ്രസ്ഥാനത്തെ സംരക്ഷിക്കാൻ പാർടി പ്രവർത്തകരും പാർടിയെ സ്നേഹിക്കുന്ന ബഹുജനങ്ങളും തയ്യാറാകണമെന്നും  സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top