19 April Friday

സമൂഹ അടുക്കള തുടങ്ങും ; സിപിഐ എം ബ്രാഞ്ച്‌ അടിസ്ഥാനത്തിൽ പ്രവർത്തനം, വീടുകളിൽ സഹായമെത്തിക്കും

പ്രത്യേക ലേഖകൻUpdated: Tuesday Jan 25, 2022


തിരുവനന്തപുരം
കോവിഡ്‌  രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ, സഹായ പ്രവർത്തനങ്ങൾക്കായി സിപിഐ എം പ്രവർത്തകർ രംഗത്തിറങ്ങും. ആവശ്യമായ ഇടങ്ങളിൽ സമൂഹ അടുക്കളകൾ തുടങ്ങുമെന്നും ഓരോ പ്രദേശത്തെയും സാഹചര്യങ്ങൾ അനുസരിച്ചാകും പ്രവർത്തനമെന്നും  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രാഞ്ച്‌ അടിസ്ഥാനത്തിൽ വീടുകളിൽ സഹായമെത്തിക്കണം.  രോഗബാധിതരായവരുടെ വീടുകൾ സന്ദർശിച്ച്‌  ആവശ്യങ്ങൾ അറിയണം.

എൽഡിഎഫ്‌ ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ ഈ പ്രവർത്തനങ്ങൾക്ക്‌ മുൻകൈയെടുക്കണം. വാർഡ്‌തല സമിതികൾ പ്രവർത്തന സജ്ജമാക്കണം. ആശുപത്രികളിൽ രോഗികൾ കുറവാണ്‌. വീടുകളിലാണ്‌ ഭൂരിപക്ഷവും. കിടപ്പുരോഗികളെയടക്കം സന്ദർശിച്ച്‌ സഹായിക്കണം. ഇത്‌ സംബന്ധിച്ച നിർദേശം ജില്ലാ കമ്മിറ്റികൾക്ക്‌ നൽകിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

സമ്മേളനം മാനദണ്ഡം പാലിച്ച്‌
സിപിഐ എം സമ്മേളനത്തോടനുബന്ധിച്ചുള്ള പരിപാടികൾ കോവിഡ്‌ മാനദണ്ഡം പാലിച്ചും ഓൺലൈനിലും മാത്രമേ നടത്തുകയുള്ളൂ.  മാർച്ചിൽ എറണാകുളത്ത്‌ സംസ്ഥാന സമ്മേളനവും ഏപ്രിലിൽ കണ്ണൂരിൽ പാർടി കോൺഗ്രസും നടത്താനാണ്‌ തീരുമാനം. സംസ്ഥാന സമ്മേളനം മാറ്റിവയ്ക്കാൻ തീരുമാനിച്ചിട്ടില്ല.  മാറ്റിവയ്‌ക്കേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഫെബ്രുവരി രണ്ടാം വാരം തീരുമാനിക്കും.

സ്ഥിതിഗതികൾ മാറുന്നതനുസരിച്ച്‌ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്‌ തീയതി നിശ്ചയിക്കും.  സിപിഐ എം പ്രവർത്തകർ സിപിഐക്കാരെയോ, മറിച്ചോ ആക്രമിക്കാൻ പാടില്ല. പത്തനംതിട്ടയിൽ എന്താണ്‌ നടന്നതെന്ന്‌ പരിശോധിക്കും. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആരുടെനേരെയും  സൈബർ ആക്രമണം പാടില്ലെന്ന്‌ റഫീക്ക്‌ അഹമ്മദിന്റെ കവിതയുമായി ബന്ധപ്പെട്ട ചോദ്യത്തിന്‌  മറുപടി പറഞ്ഞു. അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്‌. അവരെ ആക്ഷേപിക്കുന്നത്‌  ദുഷ്‌പ്രവണതയുടെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top