25 April Thursday

മാധ്യമവാർത്തകൾ അടിസ്ഥാനരഹിതം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2023

ആലപ്പുഴ> ദിവസങ്ങളായി മാധ്യമങ്ങളിൽ സിപിഐ എമ്മിനെതിരെ  വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവും വസ്‌തുതകൾക്ക് നിരക്കാത്തതുമാണെന്ന്‌ സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥയിൽ ജീവിക്കുന്ന പലരും തെറ്റായ സമീപനങ്ങൾക്കും പ്രവണതകൾക്കും അടിപ്പെടാം. എന്നാൽ  എന്നാൽ കമ്യൂണിസ്റ്റ് പാർടി അംഗങ്ങൾ തെറ്റായ പ്രവണതകൾക്ക് അടിപ്പെടരുത്‌.

ജില്ലയിൽ ചില സഖാക്കൾ സമൂഹം അംഗീകരിക്കാത്ത തെറ്റുകളിൽ അകപ്പെട്ടതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചില സംഘടന നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌. എല്ലാനടപടികളും ഏകകണ്ഠമായിരുന്നു. എന്നാൽ പാർടിയിൽ ഭിന്നതയുണ്ടെന്ന രൂപത്തിൽ ചില സഖാക്കളുടെ പേരെടുത്ത്‌ പറഞ്ഞ്‌ വസ്‌തുതാവിരുദ്ധ വാർത്തകളാണ്‌ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത്‌. കുട്ടനാട് ഏരിയായിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഈ തർക്കവുമായി ബന്ധപ്പെട്ട ചിലർ കുറെ അധികം സഖാക്കളുടെ പേര് എഴുതി തുടർച്ചയായി മാധ്യമങ്ങൾക്ക് നൽകുകയുണ്ടായി.

അവർ നൽകിയ വിവരങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തയായി പ്രസിദ്ധീകരിച്ച്‌ പാർടിയെ മോശമാക്കാനുള്ള പ്രവണതയാണ് മാധ്യമങ്ങളിൽ ചിലർ സ്വീകരിക്കുന്നത്‌. ആയിരക്കണക്കിന് അംഗങ്ങളും ലക്ഷക്കണക്കിന് അനുഭാവികളുമുള്ള പാർടിയിൽ തർക്കങ്ങളും പ്രശ്നങ്ങളും ഉയരുന്നത്‌ സ്വഭാവികമാണ്. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ച്‌ പാർടിയെ ഏകീകരിച്ച്‌ ബഹുജനങ്ങളുമായുള്ള ബന്ധം കൂടുതൽ സുദൃഢമാക്കും.

കുട്ടനാട്ടിലെ പ്രശ്നങ്ങൾ എല്ലാം ഏറെക്കുറെ പരിഹരിച്ചുവരികയാണ്. ഒരു സഖാവ് പോലും മാധ്യമങ്ങൾ ആഗ്രഹിക്കുന്നപോലെ പാർടിക്ക് നഷ്ടപ്പെടില്ല. പാർടിയെ മോശപ്പെടുത്താൻ നടക്കുന്ന കള്ള നുണ പ്രചാരവേലകളെ മുൻകാലങ്ങളിലെ പോലെ പാർടി അംഗങ്ങളും ബഹുജനങ്ങളും തള്ളിക്കളയണമെന്ന്‌ ജില്ലാസെക്രട്ടറി ആർ നാസർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top