23 April Tuesday

കെ സുധാകരന്റെ നെറികെട്ട പ്രസ്‌താവനയ്‌ക്കെതിരെ പ്രതിഷേധമുയരണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

തിരുവനന്തപുരം> കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നെറികെട്ട പ്രസ്താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന് സിപിഐ എം. പ്രകോപനം സൃഷ്‌ടിച്ച് സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇത്തരം രാഷ്ട്രീയസംസ്‌കാരത്തിനൊപ്പം കേരളം ഇല്ലെന്ന പ്രഖ്യാപനമായി തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം മാറുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.

തൃക്കാക്കര മണ്ഡലം തങ്ങളുടെ കുത്തകയാണെന്നും അവ ജയിച്ചുവരുമെന്നുമുള്ള യുഡിഎഫിന്റെ പ്രതീക്ഷകളെ പൂര്‍ണ്ണമായും അസ്ഥാനത്താക്കിക്കൊണ്ടുള്ള ജനമുന്നേറ്റമാണ് അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വികസന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇത്തരം മുന്നേറ്റത്തിന് ഒരു സുപ്രധാന ഘടകമായി മാറിയിട്ടുള്ളത്. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാകാതെ സ്തംഭിച്ച് നില്‍ക്കുകയാണ് യുഡിഎഫ്. ഇതിന്റെ ഫലമായി സമനില നഷ്ട്ടപ്പെട്ട കെപിസിസി പ്രസിഡന്റിന്റെ യഥാര്‍ത്ഥ സംസ്‌കാരമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ മുഖം മാറ്റാനെന്ന പേരില്‍ സംഘടിപ്പിച്ച ചിന്തന്‍ശിബറിന് ശേഷമാണ് ഈ പ്രസ്താവന പുറത്തുവന്നിട്ടുള്ളത്. കോണ്‍ഗ്രസ്സിന്റെ മാറുന്ന മുഖമാണോ ഇതെന്ന് സ്വാഭാവികമായും ജനങ്ങള്‍ സംശയിക്കും. അതുകൊണ്ട് ഇക്കാര്യത്തില്‍ മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളുടെയും യുഡിഎഫ് നേതാക്കളുടെയും അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തേണ്ട ഒന്നാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്ട്രീയമായി ഭിന്നതയുള്ളവരെപോലും ചിന്തിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുമ്പോഴാണ് രാഷ്ട്രീയം ജനങ്ങള്‍ക്കാകമാനം മതിപ്പുളവാക്കുന്ന ഒന്നായി മാറുകയുള്ളൂ.  അതിനുപകരം കെപിസിസി പ്രസിഡന്റ് നടത്തിയിട്ടുള്ള പ്രസ്താവന കേരളത്തിന്റെ രാഷ്ട്രീയത്തെ മലീമസമാക്കാനുള്ളതാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top