26 April Friday

കെ റെയിലിൽ ജനങ്ങളുടെ ന്യായമായ ആശങ്കകൾ പരിഹരിക്കും: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

തൃശൂർ > കെ റെയിലിൽ ജനങ്ങളുടെ ന്യായമായ  ആശങ്കകൾ പരിഹരിക്കുമെന്ന്‌  സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.  ഇടതുപക്ഷ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരും അഭിപ്രായം പറയുന്നുണ്ട്‌. പരാതികളിൽ കഴമ്പുണ്ടോയെന്ന്‌ ഇടതുപക്ഷം പരിശോധിക്കും. സർക്കാർ പ്രവൃത്തികളിൽ സദുദേശത്തോടെയുള്ള  വിമർശനങ്ങളിൽ തിരുത്തലുണ്ടാവും. എന്നാൽ ദുഷ്ടലാക്കോടെയുള്ള വിമർശനങ്ങൾ അംഗീകരിക്കാനാവില്ല. സിപിഐ എം  ജില്ലാ പ്രതിനിധി സമ്മേളനം തൃശൂർ  ഇൻഡോർ സ്‌റ്റേഡിയത്തിൽ (കെ വി പീതാംബരൻ, കെ വി ജോസ്‌ നഗർ) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ  ഭാവി വികസനത്തിന് റോഡ് വികസനവും അനിവാര്യമാണ്. എന്നാൽ ജനസാന്ദ്രത മൂലം പരിമിതിയുണ്ട് ഇന്ത്യയിൽ വാഹന സാന്ദ്രത ആയിരം മനുഷ്യന്‌ ഒന്നാണ്‌. എന്നാൽ കേരളത്തിൽ 32ൽ ഒന്നാണ്‌. ഗ്രാമങ്ങൾ നഗരങ്ങളായി മാറി. ഈ സവിശേഷത കണക്കിലെടുത്താണ്‌ അർധ അതിവേഗ പാതയെന്ന പദ്ധതി നടപ്പാക്കുന്നത്‌.  ഇതുവഴി റോഡിലിറങ്ങുന്ന കാറുകളുടെ എണ്ണം 30 ശതമാനം കുറയും. 30 ശതമാനം കാർബൺ ബഹിർഗമനം കുറയ്ക്കാൻ കഴിയും. പാരിസ്ഥിതിക പ്രശ്‌നങ്ങളും കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷ മലിനീകരണ പ്രശ്‌നങ്ങളും ഗണ്യമായി കുറയും. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ പ്രകടനപത്രിക, പ്രവർത്തന പത്രികയായി മാറി. ഒരിക്കലും നടപ്പാകില്ലെന്ന്‌ കരുതിയ പദ്ധതികളും നടപ്പായി. ജനങ്ങൾ തുടർഭരണവും സമ്മാനിച്ചു. ഇടതുപക്ഷ സർക്കാരിന്റെ കാര്യക്ഷമതയിൽ  പ്രതിപക്ഷപാർടികൾക്ക്‌ അങ്കലാപ്പുണ്ട്‌. ഇതാണ്‌ വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത്‌.

കെ ഫോൺ വഴി വിജ്‌ഞാന സമ്പത്ത്‌ രംഗത്ത്‌ കേരളം കുതിക്കാനൊരുങ്ങുകയാണ്‌. ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക്‌  സൗജന്യ ഇന്റർനെറ്റ്‌ കണക്ഷൻ ലഭ്യമാവും. കുടുംബശ്രീവഴി സ്‌ത്രീകൾക്ക്‌  തൊഴിലവസരങ്ങൾ ഒരുങ്ങും. കേന്ദ്ര നീതി ആയോഗ്‌ കണക്കുപ്രകാരം കേരളത്തിൽ ഒരു  ശതമാനത്തിൽ താഴെയാണ്‌. അതും ഇല്ലാതാക്കി ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും. കോവിഡ്‌ പ്രതിരോധരംഗത്തും കേരളം മഹത്തായ മാതൃക തീർത്തു. സൗജന്യ ചികിത്സയും ഭക്ഷ്യകിറ്റും നൽകി. 18 വയസിനുമുകളിലുള്ള 99.6 ശതമാനംപേരും ഒന്നാംഡോസ്‌ വാക്‌സിൻ നൽകി. 84 ശതമാനംപേർ രണ്ടാം ഡോസുമെടുത്തു. 15നുമ 18നുമിടയിലുള്ള 57ശതമാനംപേർ  ആദ്യ ഡോസ്‌ വാക്‌സിനെടുത്തു. ഇത്തരത്തിൽ മുതലാളിത്ത വ്യവസ്ഥയിൽ ജനപക്ഷ ബദലുകളുമായാണ്‌ ഇടതുപക്ഷ  സർക്കാർ മുന്നോട്ടുപോവുന്നതെന്നും എം എം ബേബി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top