29 March Friday

ആനാവൂർ നാഗപ്പൻ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

തിരുവനന്തപുരം > സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. മൂന്നാം തവണയാണ്‌ നാഗപ്പൻ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്‌. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്‌. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.

കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ ആനാവൂർ പ്രവർത്തിച്ചു. വിദ്യാർഥി യുവജന മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്തേക്കുവന്ന ആനാവൂർ കർഷകത്തൊഴിലാളി മേഖലയിലാണ് കേന്ദ്രീകരിച്ചത്. എണ്ണമറ്റ ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

കടകംപള്ളി സുരേന്ദ്രൻ 2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്ഥാനമൊഴിഞ്ഞപ്പോഴാണ് ആനാവൂർ ആദ്യം സെക്രട്ടറിയായത്. പിന്നീട്‌ 2018ലും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ പഞ്ചായത്തിലെ ആനാവൂർ ദീപാസിലാണ് താമസം. ശശികലയാണ് ഭാര്യ. ദീപു, ദീപ എന്നിവർ മക്കൾ.

ലക്ഷ്യം തലസ്ഥാനത്തിന്റെ 
സമഗ്രവികസനം
തലസ്ഥാന ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക്‌ വേഗം പകരാനും ബഹുജന സ്വാധീനം കൂടുതൽ വിപുലപ്പെടുത്താനും ഉതകുന്ന തീരുമാനങ്ങളോടെ സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‌ സമാപനം.  അതിർത്തി ഗ്രാമമായ പാറശാലയിൽ ആദ്യമായെത്തിയ ജില്ലാ സമ്മേളനം ജില്ലയിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ കരുത്ത്‌ വിളിച്ചറിയിക്കുന്നതായി.

എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ഉറപ്പാക്കും വിധമുള്ള പ്രവർത്തനങ്ങളിൽ മുഴുകും. പാലിയേറ്റീവ്‌ പ്രവർത്തനങ്ങൾ മാതൃകാപരമായി സംഘടിപ്പിക്കുന്ന ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്‌റ്റിന്റെ പുതിയ ബഹുനില മന്ദിരം ഉടൻ ജനങ്ങൾക്കായി സമർപ്പിക്കും. ദേശാഭിമാനി വാർഷികവരിക്കാരുടെ എണ്ണം ഒരുലക്ഷമാക്കും. 247 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. ഇതിൽ 33 പേർ വനിതകളാണ്‌. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ 39പേർ പങ്കെടുത്തു. ചർച്ചകൾക്ക്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും മറുപടി പറഞ്ഞു. പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, എ കെ ബാലൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, കെ എൻ ബാലഗോപാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട്‌ കൃഷ്‌ണൻ നായർ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, വി ശിവൻകുട്ടി, ടി എൻ സീമ എന്നിവരും പങ്കെടുത്തു. വെർച്വലായി നടത്തിയ പൊതുസമ്മേളനം  കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top