17 April Wednesday

കോവിഡ് ബാധിതരില്‍ അമിത ഉൽക്കണ്ഠ വര്‍ധിക്കുന്നതായി പഠനം

സ്വന്തം ലേഖികUpdated: Friday Oct 7, 2022

കൊച്ചി> കോവിഡ് ബാധിച്ചവരിൽ പാനിക് അറ്റാക്ക് (അമിത ഉൽക്കണ്ഠ) വർധിച്ചുവരുന്നതായി പഠനം. വിവാഹിതരിലാണ്‌ ഇത് കൂടുതൽ കാണുന്നതെന്ന് അമൃത ആശുപത്രിയിൽ നടത്തിയ പഠനത്തിൽ പറയുന്നു.  109 കോവിഡ് ബാധിതരിൽ നടത്തിയ പഠനത്തിൽ 50.5 ശതമാനംപേർക്കും അമിത ഉൽക്കണ്ഠ ഉള്ളതായി കണ്ടെത്തി. ഏഷ്യൻ പസിഫിക് ജേണൽ ഓഫ് ട്രോപ്പിക്കൽ മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു. ഹൃദയമിടിപ്പ് വർധിക്കൽ, ശ്വാസതടസ്സം, പേശികളുടെ പിരിമുറുക്കം, നെഞ്ചിലെ അസ്വസ്ഥതകൾ, അമിതമായ വിയർപ്പ് തുടങ്ങിയ ശാരീരികലക്ഷണങ്ങളോടൊപ്പം പെട്ടെന്നുണ്ടാകുന്ന അമിതമായ ആശങ്കയും വരാനിരിക്കുന്ന കാര്യങ്ങളെപ്പറ്റിയുള്ള ചിന്തകളും പാനിക് അറ്റാക്ക് ലക്ഷണങ്ങളാണ്.

ശ്വാസതടസ്സവും നെഞ്ചുവേദനയും ഹൃദയസംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളായതിനാൽത്തന്നെ അമിതമായ ഉൽക്കണ്ഠ അനുഭവിക്കുന്നവരിൽ പലരും ഇത് ഹൃദയാഘാതമായി കരുതാറുണ്ട്. എന്നാൽ, ഇസിജി ഉൾപ്പെടെയുള്ള പരിശോധനകളിൽ പ്രവർത്തനങ്ങൾ സാധാരണയായിരിക്കും. അതിനാൽ ശരിയായ രോഗനിർണയം നടത്തേണ്ടത് വളരെ പ്രധാനമാണ്. ഒരു പാനിക് അറ്റാക്കിന്റെ ദൈർഘ്യം ഏതാനും സെക്കൻഡുകൾമുതൽ മണിക്കൂറുകൾവരെ അനുഭവപ്പെടാം. സാധാരണയായി ലക്ഷണങ്ങൾ ആരംഭിച്ച് 10 മിനിറ്റിനുള്ളിൽ അതിന്റെ ഉച്ചസ്ഥായിയിൽ എത്തുകയും ഏകദേശം 30 മിനിറ്റുവരെ നീണ്ടുനിൽക്കുകയും ചെയ്യാം. തീവ്രതയോടെ പാനിക് അറ്റാക്ക് തുടർച്ചയായിവരികയും പാനിക് അറ്റാക്ക് വരുമോയെന്ന ഭയമുണ്ടാകുകയും ചെയ്യുമ്പോഴാണ് പാനിക് ഡിസോർഡറിനുള്ള സാധ്യതയുണ്ടാകുന്നത്.

പഠനത്തിന് വിധേയരായവരിൽ 54.3 ശതമാനം വിവാഹിതരിലും 32 ശതമാനം അവിവാഹിതരിലും പാനിക് ഡിസോർഡർ കണ്ടെത്തിയതായി പഠനത്തിന് നേതൃത്വം നൽകിയ ആശുപത്രിയിലെ സൈക്യാട്രി ആൻഡ് ബിഹേവിയർ മെഡിസിൻ വിഭാഗം അസി. പ്രൊഫസർ ഡോ. കെ പി ലക്ഷ്മി പറഞ്ഞു. കാരണത്തെ അടിസ്ഥാനമാക്കിയാണ് പാനിക് അറ്റാക്കിന്‌ ചികിത്സ നിശ്ചയിക്കുന്നത്. പാനിക് ഡിസോർഡറിന് സൈക്കോതെറാപ്പിയിലൂടെയും മരുന്നുകൾ ഉപയോഗിച്ചും ചികിത്സിക്കാം. ജീവിതശൈലിയിൽ മാറ്റംവരുത്തിയും ശ്വസനവ്യായാമങ്ങളിലൂടെയും ഇതിന് പരിഹാരം കണ്ടെത്താനാകുമെന്നും ഡോ. ലക്ഷ്മി കൂട്ടിച്ചേർത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top