18 April Thursday

കൂടുതൽ വാക്‌സിനായി കേന്ദ്രത്തിൽ 
സമ്മർദം ചെലുത്തും ; കഴിയുന്നത്ര വേഗത്തിൽ വാക്‌സിൻ നൽകും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021


തിരുവനന്തപുരം
കോവിഡ് വാക്‌സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ പേർക്ക് കഴിയുന്നത്ര വേഗത്തിൽ വാക്‌സിൻ നൽകും. ആരോഗ്യരംഗത്തെ വിദഗ്ധരുമായി  നവകേരളം "സി എം കൺസൾട്ട് ' പരിപാടിയിൽ അഭിപ്രായം കേട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പ്രതിരോധത്തിൽ കേരളം ശക്തമായ പ്രവർത്തനം നടത്തുന്നു. നാടിനെ കുറ്റം പറഞ്ഞിരുന്നവർ കോവിഡ് വന്നപ്പോൾ നാട്ടിലേക്ക് വരുന്നതാണ് നല്ലത് എന്ന് ചിന്തിച്ചത് നമ്മുടെ ആരോഗ്യമേഖലയുടെ പ്രത്യേകതയാണ്. കേരളത്തിൽ കൂടുതൽ പേർ കോവിഡ് ബാധിക്കാത്തവരാണ്. ഈ സാഹചര്യത്തിൽ വാക്സിനേഷൻ വേഗത്തിലാക്കേണ്ടത് അനിവാര്യമാണ്. എന്നാൽ കേന്ദ്രത്തിൽനിന്ന്‌ ലഭിക്കുന്നതിന് അനുസരിച്ചേ വാക്സിനേഷൻ നടത്താനാകൂ.   മാനസികാരോഗ്യ സംരക്ഷണത്തിൽ കൂടുതൽ മുന്നോട്ടുപോകേണ്ടതുണ്ട്. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യം വർധിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.

അവയവദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാനും ശ്രമം നടത്തി. ഇക്കാര്യത്തിൽ പരമ്പരാഗത ചിന്താഗതി മാറണം. കൗമാരക്കാരുടെ മാനസികാരോഗ്യത്തിലും കുട്ടികളുടെ കാര്യത്തിലും പ്രത്യേക പരിഗണന നൽകും. മാലിന്യനിർമാർജനത്തിൽ മുന്നേറാനായി. എന്നാൽ പൂർണനിലയിലാകാനുണ്ട്. തദ്ദേശസ്ഥാപനങ്ങൾ നല്ല പങ്ക് വഹിക്കുന്നു. അലോപ്പതി, ആയുർവേദം, യുനാനി, ഹോമിയോ തുടങ്ങിയ ചികിത്സാവിഭാഗങ്ങളിലെ സാധ്യത ഉപയോഗപ്പെടുത്തും. ആരോഗ്യവിഭാഗങ്ങളിലെ ചിcകിത്സാ വിജയങ്ങളുടെ ഡോക്യുമെന്റേഷൻ ആവശ്യമാണ്. ആരോഗ്യ ഗവേഷണത്തിന് മുൻതൂക്കം നൽകും. ഉന്നതവിദ്യാഭ്യാസ മേഖല വിപുലീകരിക്കുമ്പോൾ ഗവേഷണത്തിന് മുൻതൂക്കം നൽകും. ഫെലോഷിപ് ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങളുണ്ടാകും. വലിയൊരു സമൂഹം ഗവേഷകരാകുന്നത് നാടിന്റെ പൊതുനിലവാരം മെച്ചപ്പെടുത്തും.

ജീവിതശൈലി രോഗം ഒഴിവാക്കാൻ കൂടുതൽ ബോധവൽക്കരണവും ശീലങ്ങളും വേണം. നഗരാരോഗ്യ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും. വയോജനക്ഷേമത്തിന് പ്രത്യേക സംവിധാനം ഒരുക്കും. നേഴ്സിങ്‌, പാരാമെഡിക്കൽ ജീവനക്കാരുടെ എണ്ണം പരമാവധി വർധിപ്പിക്കും. ആരോഗ്യമന്ത്രി കെ കെ  ശൈലജ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ  ഖോബ്രഗഡെ, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.  രത്തൻ ഖേൽക്കർ എന്നിവരും ആരോഗ്യ രംഗത്തെ വിദഗ്ധരും സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top