25 April Thursday
മരണനിരക്ക്‌ ഏറ്റവും കുറവ്‌ കേരളത്തിൽ

വാക്സിനെടുത്തത് 14.46 ശതമാനം പേർ ; ദക്ഷിണേന്ത്യയിൽ മുന്നിൽ കേരളം

സ്വന്തം ലേഖികUpdated: Monday Apr 19, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ കോവിഡ്‌ വാക്സിന്റെ ആദ്യ ഡോസ്‌ സ്വീകരിച്ചത്‌ ജനസംഖ്യയുടെ 14.46 ശതമാനം പേർ. തിങ്കളാഴ്‌ച വൈകിട്ട്‌ ആറുവരെയുള്ള കണക്കനുസരിച്ച്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിലുള്ള കേരളത്തിൽ 52,90,793 പേർ വാക്‌സിനെടുത്തു. കൂടുതൽപേർ ആദ്യഡോസ്‌ വാക്സിനെടുത്തത്‌ കർണാടകയിലാണെങ്കിലും ജനസംഖ്യയുടെ 9.8 ശതമാനം മാത്രമാണ്‌. തമിഴ്‌നാട്ടിൽ 41,38,342 പേർ വാക്സിനെടുത്തെങ്കിലും ജനസംഖ്യയുടെ 6.09 ശതമാനം മാത്രമാണിത്‌‌. ആന്ധ്രപ്രദേശിൽ 8.34 ശതമാനവും (41,24,262) തെലങ്കാനയിൽ 7.73 ശതമാനവും  (27,24,336) പേരുമാണ്‌ ഇതുവരെ വാക്സിനെടുത്തത്‌.

കേരളത്തിൽ ആകെ വാക്സിൻ സ്വീകരിച്ച  52,90,793 പേരിൽ 7,24,856പേർ (13.70 ശതമാനം)  രണ്ടാം വാക്സിനും സ്വീകരിച്ചു.  29,12,956  സ്ത്രീകളും  23,77,219 പുരുഷന്മാരും 618 മറ്റുള്ളവരും ഇതുവരെ വാക്സിനെടുത്തു.

57,29,844 ഡോസ്‌ കോവിഷീൽഡ്‌ വാക്സിനും 28,585  ഡോസ്‌ കോവാക്സിനുമാണ്‌ വിതരണം ചെയ്തത്‌. 1,115 സർക്കാർ കേന്ദ്രത്തിലും 326 സ്വകാര്യ കേന്ദ്രത്തിലുമാണ്‌ തിങ്കളാഴ്‌ചവരെ വാക്സിൻ നൽകിയത്‌. ഏറ്റവും കൂടുതൽ വാക്‌സിനേഷൻ തിരുവനന്തപുരത്തും (7,29,117) കുറവ്‌ ഇടുക്കി (1,75,5217) യിലുമാണ്‌.

ആകെ ലഭിച്ചത്‌ 
64.34 ലക്ഷം ഡോസ്‌
സംസ്ഥാനത്ത്‌ ഞായറാഴ്‌ച 3.5 ലക്ഷം കോവിഡ്‌ വാക്സിൻകൂടി എത്തിയതോടെ ആകെ ലഭിച്ച  ഡോസിന്റെ എണ്ണം ‌ 64, 34,000 ആയി.  കോഴിക്കോടും എറണാകുളത്തുമായാണ്‌ 1.75 ലക്ഷം വീതം വാക്സിൻ ലഭിച്ചത്‌. കോവാക്സിന്റെ 1,50,410 ഡോസ്‌ ഉൾപ്പെടെ 5,30,720 വാക്‌സിനാണ്‌ നിലവിൽ‌ സ്‌റ്റോക്കുള്ളത്‌ (18 ന്‌ രാത്രി 12 വരെയുള്ള വിവരം). എറണാകുളത്ത്‌ 1,75,000 ഡോസ്‌ കോവിഷീൽഡ്‌ വാക്സിനാണ്‌ ബാക്കിയുള്ളത്‌. കോഴിക്കോട്‌ 14,000 കോവാക്സിനും 30,000 കോവിഷീൽഡുമടക്കം 44,000 ഡോസുണ്ട്‌. തിരുവനന്തപുരത്ത്‌  13,000 ഡോസ്‌ കോവാക്സിനും 10,000 കോവിഷീൽഡുമടക്കം 23,000 ഡോസ്‌ ബാക്കിയുണ്ട്‌.

കോവിഡ് പ്രതിരോധത്തിന്‌ ആയുഷും‌
സംസ്ഥാനത്ത്‌ കോവിഡ്- രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആയുഷ്‌ വകുപ്പ്‌ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.  മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. രോഗപ്രതിരോധശക്തി വർധിപ്പിക്കൽ, കോവിഡ് മുക്തരായവരുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആയുർവേദ ചികിത്സ തുടങ്ങിയവ നൽകും.

ഇതിനായി  ‘സേവ് ക്യാമ്പയിൻ' നടത്തും. പ്രതിരോധ പ്രവർത്തനങ്ങൾ, വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കൽ, എക്‌സർസൈസ് തുടങ്ങിയ വ്യത്യസ്ത ഇടപെടൽ ചേർന്നതാണ് ക്യാമ്പയിൻ. ആയുർവേദ ആശുപത്രികളിൽനിന്ന്‌‌ കോവിഡ് മുക്തർക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള സ്‌പെഷ്യാലിറ്റി ചികിത്സ നൽകുന്നുണ്ട്‌. ഹോമിയോ പ്രതിരോധ ഔഷധങ്ങൾ സർക്കാർ ഹോമിയോ ആശുപത്രികളും ഹോമിയോ കോളേജുകൾവഴിയും വിതരണം ചെയ്യുന്നത്‌ തുടരും.

മരണനിരക്ക്‌: 
പഞ്ചാബ്‌–-2.63,  കേരളം–-0.39
തീവ്ര കോവിഡ്‌ ബാധിത സംസ്ഥാനങ്ങളിൽ മരണനിരക്ക്‌ ഏറ്റവും കുറവ്‌ കേരളത്തിൽ. 0.39 ശതമാനമാണ്‌ സംസ്ഥാനത്തെ മരണനിരക്ക്‌. ആകെ 12.39 ലക്ഷം പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചപ്പോൾ 4950 പേർ മരിച്ചു. പഞ്ചാബിലാണ്‌ ഏറ്റവും കൂടുതൽ മരണനിരക്ക്‌–- 2.63 ശതമാനം. മൂന്നു ലക്ഷം പേർക്ക്‌ രോഗം ബാധിച്ചപ്പോൾ  7902 പേർ മരിച്ചു. മഹാരാഷ്ട്രയിലെ മരണനിരക്ക്‌ 1.57 ആണ്‌. 38.39 ലക്ഷം പേർക്ക്‌ കോവിഡ്‌ ബാധിച്ചപ്പോൾ 60,473 പേരാണ്‌ മരിച്ചത്‌. കർണാടകത്തിൽ 11.61 ലക്ഷംപേർ രോഗബാധിതരായപ്പോൾ 13,351 പേർ മരിച്ചു. മരണനിരക്ക്‌ 1.14 ശതമാനം.  മധ്യപ്രദേശ്‌, രോഗബാധ–--4 ലക്ഷം, മരണം–- 4557. യുപി–-8 ലക്ഷം, 9830.  1.15 ശതമാനം.

കേരളത്തിൽ കോവിഡ്‌ രണ്ടാം തരംഗത്തിൽ ആദ്യ തരംഗത്തേക്കാൾ മരണനിരക്ക്‌ കുറവാണ്‌.  രോഗികളുടെ എണ്ണം ഇരുപതിനായിരത്തോട്‌ അടുക്കുമ്പോഴും മരണനിരക്ക്‌ പിടിച്ചുനിർത്താനാകുന്നത്‌  ആശ്വാസമാകുന്നു. ഒരാഴ്‌ചയ്‌ക്കിടെ രോഗികളുടെ എണ്ണം 72,234 എത്തിയെങ്കിലും മരണനിരക്ക്‌ 0.20 ശതമാനം. ആദ്യ ഘട്ടത്തിൽ കൂടുതൽ രോഗം സ്ഥിരീകരിച്ച 2020 ഒക്‌ടോബർ ഏഴുമുതൽ 13 വരെയുള്ള ദിവസങ്ങളിലെ മരണനിരക്ക്‌ 0.26 ആയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top