24 April Wednesday
വാക്‌സിനുകൾ ജില്ലാ സ്‌റ്റോറുകളിൽ എത്തിച്ചു ; കേരളത്തിന് ലഭിച്ചത്‌‌ 4,33,500 ഡോസ്

ഇനി കുത്തിവയ്‌പ്‌ ; വാക്‌സിനേഷന്‌ ശനിയാഴ്‌ച തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

എറണാകുളത്ത്‌ എത്തിച്ച കോവിഷിൽഡ്‌ വാക്‌സിൻ ആരോഗ്യവകുപ്പ്‌ ജീവനക്കാർ റീജണൽ വാക്‌സിൻ സ്‌റ്റോറിലേക്ക്‌ മാറ്റുന്നു ഫോട്ടോ: സുനോജ്‌ നൈനാൻമാത്യു


തിരുവനന്തപുരം
കാത്തിരിപ്പിനൊടുവിൽ കോവിഡ്‌ പ്രതിരോധത്തിനുള്ള വാക്‌സിൻ ജില്ലകളിൽ എത്തി. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള  4,33,500 ഡോസ്  കൊവിഷീൽഡ് വാക്‌സിനാണ്‌ ബുധനാഴ്‌ച സംസ്ഥാനത്ത്‌ എത്തിച്ചത്‌. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എത്തിച്ച വാക്‌സിൻ ബുധനാഴ്‌ച തന്നെ കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം മേഖലാ സ്‌റ്റോറുകളിലേക്കും അവിടെനിന്ന്‌ ജില്ലാ സ്‌റ്റോറുകളിലേക്കും മാറ്റി. ജില്ലാ സ്‌റ്റോറുകളിൽ  സൂക്ഷിച്ചിരിക്കുന്ന വാക്‌സിൻ‌‌‌ ശനിയാഴ്‌ച വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്ക്‌ കൊണ്ടുപോകും.  ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ്‌  നൽകുക.

കൊച്ചിയിൽ എത്തിച്ച വാക്‌സിനിൽ 1,80,000 ഡോസ്  എറണാകുളം മേഖലാ  സ്റ്റോറിലും 1,19,500 ഡോസ് കോഴിക്കോട് മേഖലാ സ്റ്റോറിലും എത്തിച്ചു.  1,34,000 ഡോസ്  തിരുവനന്തപുരത്തെ മേഖലാ സ്റ്റോറിലും എത്തിച്ചു. കോഴിക്കോടുള്ള വാക്‌സിനിൽ 1100 ഡോസ്  മാഹിയിലേക്കുള്ളതാണ്‌. ആദ്യഘട്ടത്തിൽ 133 കേന്ദ്രത്തിൽ ശനിയാഴ്ച വാക്‌സിനേഷൻ നടക്കും. എല്ലാ കേന്ദ്രത്തിലും  വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്‌‌. സർക്കാർ മേഖലയിലെ 1,73,253 പേരും സ്വകാര്യമേഖലയിലെ 1,95,613 പേരുമടക്കം ഇതുവരെ 3,68,866 പേരാണ് രജിസ്റ്റർ ചെയ്തത്.

വിവേചനമില്ലെന്ന്‌ കേന്ദ്രം
കോവിഡ് വാക്‌സിൻ വിതരണത്തിൽ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങൾ അനാവശ്യ തിടുക്കം കാണിക്കരുതെന്നും‌ ആരോഗ്യമന്ത്രാലയം.  ദിവസവും ഓരോ കേന്ദ്രത്തിലും ശരാശരി 100 വാക്‌സിൻ നൽകാനും 10 ശതമാനം കരുതൽ വാക്‌സിനായി മാറ്റിവയ്‌ക്കാനും ശ്രദ്ധിക്കണം. ഒറ്റ ദിവസം എല്ലാം നല്‍കിതീര്‍ക്കരുത്.

കോവിഷീൽഡ്‌, കോവാക്‌സിൻ മരുന്നുകളുടെ 1.65 കോടി ഡോസാണ്‌ കേന്ദ്രം സംഭരിച്ചത്‌.ആവശ്യത്തിന്‌ വാക്‌സിനുകൾ എത്തിച്ചിട്ടില്ലെന്ന്‌ മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ്‌തോപെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ വിശദീകരണം.
ഘട്ടംഘട്ടമായി വാക്‌സിൻ സെഷൻ സൈറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നിർദേശവും ആരോഗ്യമന്ത്രാലയം നൽകി‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top