24 April Wednesday

മൂന്നാംതരംഗ മുന്നൊരുക്കം : ആരോഗ്യ പ്രവർത്തകർക്ക്‌ ഗൃഹ ചികിത്സയിൽ പരിശീലനം നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Jan 6, 2022


തിരുവനന്തപുരം
കോവിഡ് മൂന്നാം തരംഗം മുന്നിൽക്കണ്ട്‌ ആരോഗ്യ പ്രവർത്തകർക്ക്‌ ഗൃഹ ചികിത്സയിൽ പരിശീലനം സംഘടിപ്പിക്കും. സംസ്ഥാനത്ത്‌ കോവിഡ് നിരക്ക്‌  ഉയരുന്നുണ്ട്‌. ഒമിക്രോണും കൂടുന്നു. രോഗികൾ കൂടുന്നതിനാൽ ഗൃഹചികിത്സയാണ് കൂടുതൽ ഫലപ്രദം. കേരളം മികച്ച രീതിയിൽ നടപ്പാക്കിയതാണ് ഇത്‌. രോഗികൾ വർധിച്ചാൽ ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവർക്ക് ഗൃഹപരിചരണം നൽകാൻ ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കാനാണ് പരിശീലനമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു.  ആരോഗ്യപ്രവർത്തകർ, ദിശ കൗൺസലർമാർ, ഇ സഞ്ജീവനി ഡോക്ടർമാർ എന്നിവർക്കാണ്‌ പരിശീലനം. keralahealtht raining.kerala.gov.inൽ രജിസ്റ്റർ ചെയ്ത് പരിശീലന പരിപാടികളിൽ പങ്കെടുക്കണം.

മൂന്നാം തരംഗം മുന്നിൽക്കണ്ട്   പ്രതിരോധപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്‌. എല്ലാ ആശുപത്രിയിലും ഇൻഫെക്‌ഷൻ കൺട്രോൺ പരിശീലനം, ഐസിയു മാനേജ്‌മെന്റ് പരിശീലനം എന്നിവ സംഘടിപ്പിച്ചു. ഇവ തുടരാനും തീരുമാനിച്ചു.

സാധാരണ പനിയും വ്യാപകം
കാലാവസ്ഥാ വ്യതിയാനം കാരണം  ജലദോഷം, പനി, ചുമ, ശരീരവേദന എന്നിവയുമായി കൂടുതൽ രോഗികൾ ആശുപത്രികളിൽ എത്തുന്നുണ്ട്‌. ഇവർക്ക് കോവിഡ് അല്ലെന്ന് ഉറപ്പുവരുത്തണമെന്ന്‌ മന്ത്രി പറഞ്ഞു.

4649 പേർക്കുകൂടി കോവിഡ്
സംസ്ഥാനത്ത്‌ വ്യാഴാഴ്ച 4649 പേർക്ക്‌  കോവിഡ്‌- സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരുടെ എണ്ണം 25,157 ആയി ഉയർന്നു. ഇതിൽ 8.7 ശതമാനം ആശുപത്രിയിലാണ്‌. 68,325 സാമ്പിൾ പരിശോധിച്ചു. 17 മരണം സ്ഥിരീകരിച്ചു. അപ്പീൽ നൽകി സ്ഥിരീകരിച്ച 204 മരണവും  ഉൾപ്പെടുത്തിയതോടെ ആകെ കോവിഡ്‌ മരണം 49,116 ആയി. അഞ്ച്‌ തദ്ദേശപ്രദേശത്തെ ആറ്‌ വാർഡിൽ രോഗീ ജനസംഖ്യ വാരാനുപാതം പത്തിനുമുകളിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top