27 April Saturday

20 - 40 പ്രായക്കാരിൽ കോവിഡ്‌ കൂടുന്നു ; ക്രിസ്‌മസ്‌ പുതുവർഷ ആഘോഷങ്ങൾ 
വ്യാപനത്തിന് കാരണമായി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022


തിരുവനന്തപുരം
കഴിഞ്ഞയാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ സംസ്ഥാനത്ത്‌ 20 മുതൽ 40 വയസ്സുവരെയുള്ളവരിൽ കോവിഡ്‌ കൂടുന്നു. ക്രിസ്‌മസ്, പുതുവർഷക്കാലത്ത്‌ വലിയ രീതിയിൽ പൊതുജനങ്ങൾക്കിടയിൽ സമ്പർക്കമുണ്ടായത്‌ കോവിഡ് വ്യാപനത്തിനു കാരണമായി. ആരോഗ്യ പ്രവർത്തകരിലും കൂടുതലായി കോവിഡ് ബാധിക്കുന്നതായി റിപ്പോർട്ടുണ്ട്‌.

കോവിഡ്‌ ഗണ്യമായി ഉയരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. അനാവശ്യയാത്രഎല്ലാവരും ഒഴിവാക്കണം.  എല്ലാ ജില്ലയിലെയും ആരോഗ്യ വകുപ്പിന്റെ തയ്യാറെടുപ്പുകൾ കൃത്യമായി വിലയിരുത്തുന്നുണ്ട്‌. കോവിഡ്‌, കോവിഡിതര രോഗികൾക്കുവേണ്ടിയുള്ള ആശുപത്രിക്കിടക്കകൾ, ഐസിയു, വെന്റിലേറ്ററുകൾ, ഓക്‌സിജൻ പ്ലാന്റുകൾ, മരുന്നുകളുടെ ലഭ്യത എന്നിവയും വിലയിരുത്തി.

എല്ലാ ജില്ലയിലും കേസിന്റെ എണ്ണം വർധിക്കുകയാണ്‌. രോഗികൾ വർധിച്ചാൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കാൻ കോവിഡ് ബ്രിഗേഡ് പുനസ്ഥാപിക്കാൻ കേന്ദ്രത്തോട് സംസ്ഥാനം അഭ്യർഥിച്ചതായും മന്ത്രി പറഞ്ഞു.

മരുന്ന് വീട്ടിലെത്തിക്കും
കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ജീവിതശൈലീ രോഗമുള്ളവർക്കുള്ള മരുന്നുകൾ വീടുകളിൽ എത്തിക്കാൻ നിർദേശം നൽകിയതായി മന്ത്രി. അതിനായി അവർ ആരോഗ്യകേന്ദ്രങ്ങളിൽ എത്തേണ്ട. പ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള 13 കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 416.63  ടൺ ഓക്‌സിജനാണ് സംസ്ഥാനത്ത് ഉൽപ്പാദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത്‌ 2200 രോഗികൾ
തിരുവനന്തപുരം ജില്ലയിൽ 2200 പേർക്ക് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. മാസങ്ങൾക്കുശേഷമാണ്‌ ഒരു ജില്ലയിൽ ദിവസേനയുള്ള രോഗികളുടെ എണ്ണം 2000 കടക്കുന്നത്‌. എറണാകുളം–- 1478, തൃശൂർ– -943, കോഴിക്കോട്–- 801, കോട്ടയം–- 587, കൊല്ലം–- 551, പാലക്കാട് –-511, കണ്ണൂർ–- 417, പത്തനംതിട്ട– -410, ആലപ്പുഴ–- 347, മലപ്പുറം–- 309, ഇടുക്കി– -239, വയനാട്–- 155, കാസർകോട്‌–- 118 എന്നിങ്ങനെയാണ് മറ്റ്‌ ജില്ലകളിൽ. 63,898 സാമ്പിളാണ് പരിശോധിച്ചത്.

19 മരണം സ്ഥിരീകരിച്ചു. കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകി  സ്ഥിരീകരിച്ച 277 മരണവുംകൂടി ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്തെ ആകെ മരണം 50,053 ആയി. 2064 പേർ രോഗമുക്തരായി. അഞ്ച്‌ തദ്ദേശ പ്രദേശത്തിലെ ആറ്‌ വാർഡിൽ രോഗീ ജനസംഖ്യ വാരാനുപാതം പത്തിനുമുകളിലാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top