20 April Saturday
13,644 രോഗികൾ, 4305 രോഗമുക്തർ

സംസ്ഥാനത്ത് നാളെമുതല്‍ രണ്ടാഴ്‌ച്ചത്തേക്ക് രാത്രികാല കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021


തിരുവനന്തപുരം > കോവിഡ്‌ രണ്ടാം തരംഗം തീവ്രമായ സാഹചര്യത്തിൽ സംസ്ഥാനത്ത്‌ ചൊവ്വാഴ്‌ചമുതൽ രണ്ടാഴ്‌ചത്തേക്ക്‌ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി ഒമ്പതുമുതൽ രാവിലെ അഞ്ചുവരെയാണ്‌ നിയന്ത്രണം. പൊതുഗതാഗതത്തിനും ചരക്കുനീക്കത്തിനും തടസ്സമുണ്ടാകില്ല. ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒഴിവാക്കലാണ് രാത്രി നിയന്ത്രണത്തിന്റെ ലക്ഷ്യം. ചീഫ്‌ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്‌ തീരുമാനം.

ഷോപ്പിങ്‌ മാളുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. മൾട്ടിപ്ലക്‌സുകളുടെയും മാളുകളുടെയും തിയറ്ററുകളുടേയും പ്രവർത്തനം രാത്രി 7.30 വരെയാക്കി. സ്വകാര്യ ട്യൂഷൻ സെന്ററുകൾ പ്രവർത്തിപ്പിക്കരുത്‌. ഓൺലൈൻ പഠനമാകാം. സാധ്യമായ ഇടങ്ങളിൽ വർക്ക്‌ ഫ്രം ഹോം നടപ്പാക്കണം. പൊതുവിടങ്ങളിൽ തിരക്ക്‌ നിയന്ത്രിക്കാൻ പൊലീസ്‌ കർശന നടപടി സ്വീകരിക്കും.

രണ്ടുഡോസ്‌ വാക്‌സിനെടുത്തവരിലും വൈറസ് പടരുന്നുണ്ടെന്ന്‌ കണ്ടെത്തിയതിനാൽ വേഗത്തിൽ പടരുന്ന ഡബിൾ മ്യൂട്ടന്റ് കൊറോണ വൈറസ് വ്യാപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പിനോട് നിർദേശിച്ചു. ടാക്സികളിലുൾപ്പെടെ യാത്രക്കാരുടെ എണ്ണത്തിൽ നേരത്തേ ഏർപ്പെടുത്തിയ നിയന്ത്രണം വീണ്ടും നടപ്പാക്കും. ആളുകൾ കൂട്ടംകൂടുന്ന  സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ കണ്ടെത്തിയാൽ നിശ്ചിതദിവസങ്ങൾ അടച്ചിടാൻ പൊലീസ്, സെക്ടറൽ മജിസ്‌ട്രേട്ടുമാർ നടപടിയെടുക്കണം.

കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരെ കോവിഡുമായി ബന്ധപ്പെട്ട അവശ്യജോലികൾക്ക് കലക്ടർമാർക്ക് നിയോഗിക്കാം. സർക്കാർ, സ്വകാര്യ മേഖലയിലെ യോഗങ്ങളും പരിശീലന പരിപാടികളും ഒത്തുചേരലുകളും ഓൺലൈനാക്കണം. ആരാധനാലയങ്ങളിലും നിയന്ത്രണ സംവിധാനം ഉണ്ടാകണം. ജില്ലാതല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ജില്ലാ, നഗര അതിർത്തികളിൽ പ്രവേശനത്തിന്‌ ആർടിപിസിആർ നെഗറ്റീവ്  സർട്ടിഫിക്കറ്റ്‌ ആവശ്യപ്പെടരുത്‌. ആവശ്യമായ ഓക്സിജൻ, ടെസ്റ്റിങ്‌ സാമഗ്രികൾ, അവശ്യ മരുന്നുകൾ, കിടക്കകൾ മുതലായവയുടെ ലഭ്യത ആരോഗ്യ വകുപ്പ് ഉറപ്പാക്കണം. വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് നിയന്ത്രണം ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.

ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഡിജിപി, തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, റവന്യൂ- ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, എൻആർഎച്ച്‌എം ഡയറക്ടർ എന്നിവരും പങ്കെടുത്തു.

13,644 രോഗികൾ, 4305 രോഗമുക്തർ
സംസ്ഥാനത്ത്‌ തിങ്കളാഴ്‌ച 13,644 പേർക്ക് കോവിഡ്- സ്ഥിരീകരിച്ചു. കോഴിക്കോട്ട്‌ 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂർ 1388, കണ്ണൂർ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസർകോട്‌ 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.

24 മണിക്കൂറിനിടെ 87,275 സാമ്പിൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ശതമാനം. ആകെ 1,43,59,016 സാമ്പിൾ പരിശോധിച്ചു. രോഗികളിൽ 230 പേർ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്. 12,550 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 826 പേരുടെ ഉറവിടം വ്യക്തമല്ല. 38 ആരോഗ്യ പ്രവർത്തകർക്കും രോഗമുണ്ട്‌. 4305 പേർ രോഗമുക്തരായി. 1,03,004 പേർ ചികിത്സയിലുണ്ട്‌. 11,44,791 പേർ ഇതുവരെ കോവിഡ്‌മുക്തരായി. കഴിഞ്ഞ ദിവസങ്ങളിലെ 21 മരണം കോവിഡ്-മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4950. ബ്രിട്ടനിൽനിന്നുവന്ന മൂന്നുപേർക്ക് 24 മണിക്കൂറിനകം രോഗം‌ സ്ഥിരീകരിച്ചു. വിവിധ ജില്ലകളിൽ 2,48,541  പേർ നിരീക്ഷണത്തിലുണ്ട്‌. തിങ്കളാഴ്‌ച ഒമ്പത്‌ പുതിയ ഹോട്ട് സ്‌പോട്ടുണ്ട്‌.

ബുധൻ, വ്യാഴം കൂട്ട പരിശോധന
കോവിഡ്‌ കൂട്ട പരിശോധനയുടെ രണ്ടാംഘട്ടമായി ബുധൻ, വ്യാഴം ദിവസങ്ങളിൽ മൂന്ന്‌ ലക്ഷംപേരെ പരിശോധിക്കും.വെള്ളി, ശനി ദിവസങ്ങളിൽ മൂന്ന്‌ ലക്ഷത്തിലധികം പേരെ പരിശോധിച്ചിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top