19 April Friday

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ സി കാറ്റഗറിയിൽ; കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Thursday Jan 27, 2022

തിരുവനന്തപുരം > സംസ്ഥാനത്തെ നാല് ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍ ഉൾപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ്‌ അവലോകന യോഗം തീരുമാനിച്ചു. കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളെയാണ് പുതിയതായി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ സി കാറ്റഗറിയില്‍ 5 ജില്ലകളായി. തിരുവനന്തപുരം ജില്ലയെ നേരത്തെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ്‌ കാറ്റഗറി തിരിച്ചിട്ടുള്ളത്‌.  

ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ കാറ്റഗറി രണ്ടിലും, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കാറ്റഗറി ഒന്നിലുമാണ്. വെള്ളിയാഴ്ച മുതല്‍ ഈ ജില്ലകളില്‍ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല.

സെക്രട്ടേറിയറ്റില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോവിഡ് വാര്‍ റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്ഡ്, ഐ.സി.യു ബെഡ്ഡ്, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റര്‍ ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കരുതല്‍വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടല്‍ വളരെ പ്രധാനമാണ്. കോവിഡ് ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തണം.

ആശുപത്രികളില്‍ ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കോ വിഡ് രോഗികൾക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും  മുഖ്യമന്ത്രി യോഗത്തില്‍ നിർദേശിച്ചു.

ജില്ലയില്‍ ആശുപതിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ആകുന്നുവെങ്കില്‍, അവ കാറ്റഗറി 3 ല്‍ ഉള്‍പ്പെടും. ഇത്തരം ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികള്‍ അനുവദിക്കില്ല. ജിം, തിയറ്റർ, നീന്തൽകുളങ്ങൾ എന്നിവയ്‌ക്ക്‌ പ്രവർത്തനാനുമതി ഉണ്ടായിരിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top