27 April Saturday
316.52 കോടി നൽകി

കോവിഡ്‌ ധനസഹായം: 96.18 ശതമാനം പേർക്കും തുക അക്കൗണ്ടിലെത്തി

സ്വന്തം ലേഖികUpdated: Sunday Jul 31, 2022

തിരുവനന്തപുരം > കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ ഉറ്റവർക്കുള്ള ധനസഹായം അപേക്ഷിച്ച 96.18 ശതമാനം പേർക്കും ലഭ്യമാക്കി കേരളം. ഈയിനത്തിൽ 316.52 കോടി രൂപ വിതരണംചെയ്‌തു. ഒറ്റത്തവണ ധനസഹായമായി അരലക്ഷം രൂപയാണ്‌ നൽകുന്നത്‌. ആകെ ലഭിച്ച 67,070 അപേക്ഷകരിൽ 64,509പേർക്കും സഹായം നൽകി.

ശനിയാഴ്‌ചവരെയുള്ള കണക്ക്‌ പ്രകാരം സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവർ 70,477 ആണ്‌. ഇതുപ്രകാരം 3407 അപേക്ഷകൂടി ലഭിക്കാനുണ്ട്‌. 1204 അപേക്ഷ നിരസിച്ചു. 8493 പരാതിയും നിലവിലുണ്ട്‌. റവന്യു വകുപ്പിന്റെ relief.kerala.gov.in വഴിയാണ്‌ അപേക്ഷ സമർപ്പിക്കേണ്ടത്‌. അപേക്ഷകൻ സമർപ്പിച്ച രേഖകൾ പരിശോധിച്ച്‌ വില്ലേജ് ഓഫീസർ നൽകുന്ന റിപ്പോർട്ടിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അന്തിമ അംഗീകാരം നൽകും. തുടർന്ന്‌ അർഹരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക കൈമാറും.

ഔദ്യോഗികമായി സ്ഥിരീകരിച്ച കോവിഡ്‌ മരണനിരക്കിനേക്കാൾ കുറവ്‌ അപേക്ഷ ലഭിച്ച ഏക സംസ്ഥാനമാണ്‌ കേരളം. ഉത്തർപ്രദേശ്‌, മഹാരാഷ്‌ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർക്കാർ കണക്കുകളേക്കാൾ കൂടുതൽ അപേക്ഷകൾ ലഭിച്ചത്‌ വിവാദമായിരുന്നു.

ബിപിഎല്ലുകാർക്കും 10.63 കോടിരൂപ

കോവിഡ്‌ ബാധിച്ച്‌ ഗൃഹനാഥർ മരിച്ച ബിപിഎൽ കുടുംബങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ മാസംതോറുമുള്ള ധനസഹായ വിതരണവും ആരംഭിച്ചു.  -6519 കുടുംബത്തിനാണ്‌  നൽകിത്തുടങ്ങിയത്‌. മാസം 5000 രൂപവീതം മൂന്നുവർഷത്തേക്ക്‌ നൽകും. ഇതുവരെ 20,253 അപേക്ഷ ലഭിച്ചതിൽ 5285 എണ്ണം നിരസിച്ചു. 10.63 കോടിരൂപ വിതരണംചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top