25 April Thursday

സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കോവിഡ്; 17 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

തിരുവനന്തപുരം > സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ബാക്കി 15 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.

കാസര്‍കോട് 17 പേര്‍ക്കും കണ്ണൂരില്‍ 11 പേര്‍ക്കും ഇടുക്കിയിലും വയനാട്ടിലും രണ്ടുപേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ കോവിഡ് ബാധിതരുടെ എണ്ണം 213 ആയി. ആകെ 1,57,253 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,56,660 പേരും വീടുകളിലാണ്. ആശുപത്രികളില്‍ 623 പേരാണുള്ളത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് ഇന്ന് അയച്ചിട്ടുള്ളത്. പരിശോധന വേഗത്തിലാക്കാന്‍ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പിഎസ്‌സി. റാങ്ക് ലിസ്റ്റ് നീട്ടി. 20-03-2020ന് കാലവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂട്ടി ദീര്‍ഘിപ്പിച്ചതായി പിഎസ്‌സി അറിയിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സായുധ സേനാ എഡിജിപിയെ ചുമതലപ്പെടുത്തി. പരിശോധനാ രീതികള്‍ സംബന്ധിച്ച് പൊലീസുകാര്‍ക്ക് ദിവസേന എസ്എംഎസ് വഴി നിര്‍ദേശങ്ങള്‍ നല്‍കും. 1034 തദ്ദേശ സ്ഥാപനങ്ങളില്‍ 1031ലും കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു. ആകെ 1,213 കമ്യൂണിറ്റി കിച്ചണ്‍ ഉണ്ട്. 1,54,258 പേര്‍ക്ക് കഴിഞ്ഞ ദിവസം ഭക്ഷണം നല്‍കി. ഇതില്‍ 1,37,930 പേര്‍ക്കും സൗജന്യമായാണ് ഭക്ഷണം നല്‍കിയത്.

കമ്യൂണിറ്റി കിച്ചനുകളില്‍ അത്യാവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കാനാണ് ഉദ്ദേശിച്ചത്. ഇതില്‍ കൃത്യത ഉണ്ടാകണം. ഇതിനകത്ത് കാശു കൊടുത്ത് ഭക്ഷണം വാങ്ങാന്‍ തയാറാകുന്നവരുണ്ട്. അവര്‍ക്ക് കമ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം നല്‍കാനല്ല ഉദ്ദേശിച്ചത്. സംസ്ഥാനത്ത് തുടങ്ങാന്‍ ഉദ്ദേശിച്ച 1000 ഹോട്ടലുകളില്‍ ഈ പറയുന്ന ആള്‍ക്കാര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനു പ്രശ്‌നമുണ്ടാകില്ല. കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വാങ്ങാന്‍ ഓഫിസുകളിലോ ബാങ്കുകളിലോ പോകാന്‍ അനുമതിയുണ്ട്. ഉള്‍വനത്തില്‍ താമസിക്കുന്ന ആദിവാസികളുണ്ട്. അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാനും സാധനങ്ങള്‍ വാങ്ങാനും ചില ക്രമീകരണം ഏര്‍പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top