21 May Tuesday

മലേഷ്യയില്‍ ഗുരുതര അണുബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവിനെ നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

ക്വലാലമ്പൂര്‍> മൂന്നു മാസത്തോളം നീണ്ട നരകയാതനക്കൊടുവില്‍ ഗുരുതരമായ അണുബാധയേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി അഭി(23) യെ ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. കപ്പല്‍ ജോലിക്കായി ഒരു വര്‍ഷം മുന്‍പാണ് യുവാവ് മലേഷ്യയുടെ കിഴക്കന്‍ പ്രവിശ്യയായ സരവാക്കിലെത്തിയത്. കഴിഞ്ഞ ഡിസംബറിലായിരുന്നു കോവിഡ് പിടിപെട്ട് ഇദ്ദേഹത്തെ സരവാക്കിലെ ബിന്ദുളു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡ് ന്യുമോണിയയിലേക്കും ശേഷം എലിപ്പനിയായും പടര്‍ന്നതോടെ ഇദ്ദേഹം തികച്ചും അവശനാവുകയായിരുന്നു. പരസഹായമില്ലാതെ എണീക്കാന്‍ പോലുമാകാത്ത നിലയിലേക്ക് യുവാവിന്റെ ശാരീരിക നില ക്രമേണ താളംതെറ്റി.ആശുപത്രി അധികൃതര്‍ ഇന്ത്യയിലെ തുടര്‍ ചികിത്സക്കായി യാത്രാനുമതി നല്‍കിയെങ്കിലും മൂന്നു മാസത്തോളം നീണ്ട ചികിത്സക്ക് നാല്‍പ്പത്തയ്യായിരം മലേഷ്യന്‍ റിങ്കിറ്റ് (ഏകദേശം  ഒന്‍പതു ലക്ഷത്തോളം രൂപ) ബില്ല് വന്നതോടെ സ്വാഭാവിക രോഗമെന്ന കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനി കയ്യൊഴിഞ്ഞു.

ചികിത്സാ ബില്ലുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന എഗ്രിമെന്റ് ഉണ്ടായിട്ടും അവസാനനിമിഷം ഇത്രയും വലിയ തുകയടക്കാന്‍ തയാറല്ലെന്ന് തൊഴിലുടമയും കൂടി അറിയിച്ചതോടെയാണ് യുവാവും കുടുംബവും വെട്ടിലായത്. ഇതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയും ഇദ്ദേഹത്തിനെ നാട്ടിലെത്തിക്കാനുള്ള വഴിയടയുകയും ചെയ്തു. ഒടുവില്‍ അടൂര്‍പ്രകാശ് എം.പി, എ.എ.റഹീം എം.പി, മലേഷ്യയിലെ ലോക കേരള സഭാ പ്രതിനിധി ആത്മേശന്‍ പച്ചാട്ട് എന്നിവര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മലേഷ്യയിലെ ഇന്ത്യന്‍ എംബസിയും നോര്‍ക്കയും സംയുക്തമായാണ് ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള സാഹചര്യമൊരുക്കിയത്.

കൂടാതെ മലേഷ്യയിലെ നവോദയ സാംസ്‌കാരിക വേദിയും, ജോഹോര്‍ മലയാളി കൂട്ടായ്മയും ഡിസ്ചാര്‍ജിന് ശേഷമുള്ള താമസ സൗകര്യം ഒരുക്കുന്നത് സഹിതമുള്ള സഹായങ്ങള്‍ നല്‍കി സഹകരിച്ചു. ഇന്ന് രാവിലെ കൊച്ചിയിലെത്തിയ യുവാവിനെ നോര്‍ക്കയുടെ പ്രത്യേക ആംബുലന്‍സില്‍ തുടര്‍ ചികിത്സകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  

മാസതവണകളായി ആശുപത്രി ബില്ലടച്ചു തീര്‍ത്തില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്ന് പ്രാദേശിക ഭാഷയില്‍ തയാറാക്കിയ ധാരണാപത്രത്തില്‍ അര്‍ഥം പോലും വിശദീകരിക്കാതെ ആശുപത്രി അധികൃതര്‍ ഒപ്പിട്ടു വാങ്ങിയിട്ടുണ്ടെന്ന് യുവാവ് വ്യക്തമാക്കുന്നു. യുവാവിനെ ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലെത്തിച്ചെങ്കിലും ആശുപത്രി ബില്ലടക്കാനുള്ള മാര്‍ഗ്ഗമില്ലാതെ നെട്ടോട്ടത്തിലാണ് ദരിദ്രരേഖക്ക് താഴെയുള്ള യുവാവിന്റെ കുടുംബം. മലേഷ്യയിലേക്ക് ജോലിക്ക് ചേരാന്‍ കടമെടുത്ത പണം പോലും മുഴുവനായി അടച്ചു തീര്‍ക്കാനാവാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇദ്ദേഹത്തിന്റെ തുടര്‍ ചികിത്സകള്‍ക്കായി യുവാവിന്റെ അമ്മയുടെ പേരില്‍ പ്രത്യേക കമ്മറ്റി രൂപീകരിച്ച് ചികിത്സാ സഹായ നിധി ആരംഭിച്ചിട്ടുണ്ട്.

സുമനസുകള്‍ക്ക് പ്രസ്തുത അകൗണ്ടിലേക്ക് തങ്ങളാലാവുന്ന സഹായം ഗൂഗിള്‍ പേ ചെയ്ത് സഹകരിക്കാം. അമ്മ ലതയുടെ ഗൂഗിള്‍ പേ നമ്പര്‍: 8086961788

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top