19 April Friday

കോവിഡ്‌; വിദേശത്തേക്ക്‌ മടങ്ങിയത്‌ 31.72 ലക്ഷം മലയാളികൾ

സ്വന്തം ലേഖകൻUpdated: Saturday Oct 9, 2021

തിരുവനന്തപുരം > കോവിഡ്‌ അടച്ചിടലും യാത്രാവിലക്കും നീങ്ങിയതോടെ  31.72 ലക്ഷം മലയാളികൾ വിദേശത്തേക്ക്‌ മടങ്ങി. കോവിഡിനുമുമ്പ്‌ നാട്ടിലെത്തിയവരാണ്‌ ഇതിൽ കൂടുതലും. കോവിഡ്‌ ആരംഭംമുതൽ വെള്ളിയാഴ്‌ചവരെ 17.31 ലക്ഷം പ്രവാസികൾ നാട്ടിലേക്ക്‌ മടങ്ങിയെത്തിയതായും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, നോർക്ക റെസിഡന്റ്‌ വൈസ്‌ ചെയർമാൻകെ വരദരാജൻഎന്നിവർപറഞ്ഞു.

തൊഴിൽനഷ്‌ട‌പ്പെട്ട പ്രവാസികൾക്കായി ആരംഭിച്ച സ്‌കിൽ പോർട്ടലിൽ 3500 പേർ രജിസ്റ്റർ ചെയ്‌തു. 556 പേർ നോർക്കവഴി തൊഴിൽ വിസ ഉറപ്പാക്കി. കുടുബശ്രീവഴിയുള്ള ഉപജീവന പരിപാടിയിൽ 1007 അപേക്ഷ ലഭിച്ചു. സഹകരണ സംഘങ്ങൾവഴിയുള്ള സംരംഭക വായ്‌പാ പദ്ധതിയിലും അപേക്ഷ സ്വീകരിക്കുന്നുണ്ട്‌. രണ്ടുമുതൽ അഞ്ചുലക്ഷം രൂപവരെയാണ്‌ വായ്‌പ. കൂടാതെ കെഎസ്‌ഐഡിസിവഴി അഞ്ചുലക്ഷംമുതൽ രണ്ടുകോടി രൂപവരെ അഞ്ചു ശതമാനം പലിശയ്‌ക്ക്‌ സംരംഭക വായ്‌പ നൽകുന്നു. ഇതിൽ മൂന്നര ശതമാനം പലിശ സർക്കാരാണ്‌ വഹിക്കുന്നത്‌.

വിദേശ തൊഴിൽസംരംഭക സമ്മേളനം 12ന്‌

വിദഗ്‌ധ മേഖലയിൽകേരളത്തിലെ മാനവവിഭവശേഷിക്ക് വഴികാട്ടൽ ലക്ഷ്യമിട്ട് നോർക്ക വകുപ്പിന്റെ വിദേശ തൊഴിൽദായകരുടെ സമ്മേളനം 12ന്‌ നടക്കും. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻതമ്പി ഹാളിൽരാവിലെ ഒമ്പതിന്‌ ആരംഭിക്കുന്ന സമ്മേളനത്തിൽ ക്ഷണിക്കപ്പെട്ടവർക്കുമാത്രമാകും പ്രവേശനം. 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന്‌ നോർക്ക പ്രിൻസിപ്പൽസെക്രട്ടറി ഡോ. കെ ഇളങ്കോവനും റസിഡന്റ്‌ വൈസ്‌ ചെയർമാൻ കെ വരദരാജനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻരാജ്യങ്ങളിലെ അംബാസഡർമാർ അഭിസംബോധന ചെയ്യും. നയതന്ത്ര പ്രതിനിധികൾ, വിദേശ മന്ത്രാലയം ഉദ്യോഗസ്ഥർ, തൊഴിൽ ദാതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്ന സമ്മേളനം രാജ്യത്തെ പ്രഥമ സംരംഭമാണ്.

കുടിയേറ്റം സംബന്ധിച്ച സമഗ്ര ചർച്ചകൾ സെഷനുകളിൽ നടക്കും. അഭിപ്രായങ്ങളും നിർദേശങ്ങളും നയരൂപീകരണത്തിന്‌ പ്രയോജനപ്പെടുത്തും. വിദേശ തൊഴിൽ തേടുന്ന യുവജനങ്ങൾക്ക് ബോധവൽക്കരണ സെഷനുമുണ്ട്‌. ഓൺലൈനായി പങ്കെടുക്കാൻ  registrations.ficci.com/ficoec/online-registrationi.asp  ലിങ്കിൽ 12ന്‌ രാവിലെ 8.30 വരെ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 0484-4058041 / 42, മൊബൈൽ:  09847198809. ഇ- മെയിൽ : kesc@ficci.com.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top