29 March Friday

കൊല്ലം ജില്ലാ ജയിലിൽ 57 തടവുകാര്‍ക്ക് കോവിഡ്

സ്വന്തം ലേഖകൻUpdated: Sunday Aug 2, 2020

കൊല്ലം> ജില്ലാ ജയിലിലെ 57 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്‌ച പരിശോധനാ ഫലം പോസിറ്റീവായ 54 തടവുകാരെ ചന്ദനത്തോപ്പിലെ പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്ക്‌ മാറ്റി. ശനിയാഴ്‌ച കോവിഡ്‌ ബാധിതരായ മൂന്നു തടവുകാരെ കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞദിവസം 11 തടവുകാരുടെ ആന്റിജൻ ടെസ്‌റ്റ്‌ നടത്തിയപ്പോഴാണ്‌ മൂന്നുപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതേത്തുടർന്ന്‌ ഞായറാഴ്‌ച 139 പേർക്കു‌കൂടി ആന്റിജൻ ടെസ്‌റ്റ്‌ നടത്തുകയായിരുന്നു. ഇതിലൂടെയാണ്‌  54 പേരിൽ‌ കോവിഡ്‌ കണ്ടെത്തിയതെന്ന്‌ ജില്ലാ ജയിൽ സൂപ്രണ്ട്‌ കെ ബി അൻസാർ പറഞ്ഞു.  ജയിലിൽ 141 റിമാൻഡ്‌ പ്രതികളാണുള്ളത്‌. രോഗം മൂർഛിച്ച മൂന്നുപേരെ കൊല്ലം ഗവ.  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ജയിലിലെ 61 ഉദ്യാഗസ്ഥരിൽ നിലവിൽ ഡ്യൂട്ടിയിലുള്ള 36 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്‌. 25 ഉദ്യോഗസ്ഥരുടെ സ്രവം കൂടി പരിശോധിക്കും. ജയിൽ സൂപ്രണ്ടടക്കം 36 ഉദ്യോഗസ്ഥരും ജയിലിൽ തന്നെ നിരീക്ഷണത്തിലായി. ചന്ദനത്തോപ്പ് ഐടിഐയിലെ കോവിഡ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്‌.

തടവുകാർക്ക്‌ രോഗം പിടിപ്പെട്ടത്‌ എങ്ങനെയെന്ന്‌  വ്യക്തമല്ല. ജില്ലാ ജയിൽ ഉൾപ്പെടുന്ന തേവള്ളി ഡിവിഷൻ ക്ലസ്റ്ററാക്കി കണ്ടെയ്‌ൻമെന്റ് സോണിലെ നിയന്ത്രണം ഏർപ്പെടുത്താനും ആലോചനയുണ്ട്‌. അതിനിടെ കൊല്ലം നായേഴ്‌സ്‌ ആശുപത്രി ക്വാറന്റൈൻ വാർഡിലുള്ളത്‌ 43 റിമാൻഡ്‌ പ്രതികളാണ്‌. കൊല്ലം, കൊട്ടാരക്കര ജയിലുകളിലേക്കുള്ള‌ റിമാൻഡ്‌ പ്രതികളെ കോവിഡ്‌ കാലത്ത്‌ നിരീക്ഷണത്തിൽ പാർപ്പിക്കുന്നത്‌ നായേഴ്‌സ്‌ ആശുപത്രിയിലെ പ്രത്യേക വാർഡിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top