29 March Friday

സംസ്ഥാനത്ത്‌ കോവിഡ്‌ ചികിത്സയിലുള്ളവർ കുറയുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ചികിത്സയിലുള്ള കോവിഡ്‌ രോഗികളുടെ എണ്ണം കുറയുന്നതായി ആരോഗ്യ വകുപ്പ്‌. കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച്‌ 19,506 രോഗികൾ കുറഞ്ഞു. പുതിയ രോഗികളുടെ വളർച്ചാ നിരക്ക്‌ 13 ശതമാനം താഴ്‌ന്നു. 15 മുതൽ 21 വരെ ചികിത്സയിലിരുന്ന 1,78,363 പേരിൽ രണ്ട്‌ ശതമാനം പേർക്ക് മാത്രമാണ് ഓക്‌സിജൻ കിടക്ക വേണ്ടി വന്നത്‌. ഐസിയു ആവശ്യമായി വന്നവർ –- ഒരു ശതമാനം. ആശുപത്രികളിലെ രോഗബാധിതർ പത്തും ഐസിയുവിലുള്ളവർ ആറും വെന്റിലേറ്ററിലേത്‌ ഏഴ്‌ ശതമാനവും കുറഞ്ഞു. ഓക്‌സിജൻ കിടക്കകൾ ആവശ്യമുള്ളവരുടെ എണ്ണവും 10 ശതമാനം കുറഞ്ഞിട്ടുണ്ട്‌.

22 വരെ 18ന്‌ മുകളിലുള്ള 90.57 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും 38.07 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി. 2,41,91,036 പേർക്കാണ്‌ ആദ്യ ഡോസ്‌ ലഭിച്ചത്‌. 1,01,68,405 പേർക്ക്‌ രണ്ട്‌ ഡോസും ലഭിച്ചു. 45ന്‌ മുകളിലുള്ള 96 ശതമാനത്തിനും ആദ്യ ഡോസ്‌ നൽകി. 56 ശതമാനം പേർക്കാണ്‌ രണ്ട് ഡോസും ലഭിച്ചത്‌. ജൂൺ, ജൂലൈ, ആഗസ്ത്‌ മാസത്തിൽ കോവിഡ് ബാധിച്ചതിൽ ആറ്‌ ശതമാനം ഒന്നാം ഡോസും 3.6 ശതമാനം രണ്ട് ഡോസും എടുത്തവരാണ്‌. അണുബാധ തടയാൻ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും എന്നാൽ വാക്‌സിൻ എടുത്തവർക്ക്‌ കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. കോവിഡ് കൂടുതൽ നിയന്ത്രണ വിധേയമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top