24 April Wednesday

സംസ്ഥാനത്തെ ആദ്യ കോവിഡ്‌ ആശുപത്രി തുറന്നു ; കിടക്ക സ്ഥാപിക്കുന്നതു മുതൽ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കുന്നതും സംസ്ഥാന സർക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 10, 2020


കാസർകോട്‌
അഞ്ചേക്കർ ഭൂമിയിൽ 536 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ്‌ ആശുപത്രി ചട്ടഞ്ചാൽ തെക്കിലിൽ തുറന്നു.  സംസ്ഥാന സർക്കാരിന്റെ ഇടപെടലിൽ ടാറ്റാ ഗ്രൂപ്പാണ്‌‌  ആശുപത്രി നിർമിച്ചുനൽകിയത്‌.

പൂർണമായും കോവിഡ്‌ ചികിത്സയ്‌ക്കായി നിർമിച്ച ആദ്യ ആശുപത്രിയാണിത്‌.  ഉരുക്കിൽ നിർമിച്ച 128 കണ്ടെയ്‌നർ യൂണിറ്റുകളാണ്‌ ആശുപത്രിയായി മാറിയത്‌. ഏപ്രിലിൽ ആരംഭിച്ച പ്രവൃത്തി നാലുമാസത്തിനുള്ളിൽ പൂർത്തിയായി. കട്ടിലിൽ കിടക്ക സ്ഥാപിക്കുന്നതു മുതൽ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കുന്നതും സംസ്ഥാന സർക്കാരാണ്‌. തെക്കിലിൽ ദേശീയപാതയിലെ അമ്പട്ട വളവിൽനിന്ന്‌ 12 മീറ്റർ വീതിയിൽ പുതിയ റോഡും ആശുപത്രിയിലേക്ക്‌ പണിതു‌. ടാറിങ്ങിനും വൈദ്യുതി കണക്‌ഷനും വെള്ളമെത്തിക്കുന്നതിനും ജനറേറ്റർ ഉൾപ്പെടെയുള്ള സാമഗ്രികൾ വാങ്ങുന്നതിനും 7.61 കോടി സർക്കാർ അനുവദിച്ചു‌‌.

മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്‌തു.  മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. മന്ത്രി കെ കെ ശൈലജ മുഖ്യപ്രഭാഷണം നടത്തി.  ആശുപത്രി കെട്ടിട കൈമാറ്റവും  ചടങ്ങിൽ നടന്നു.  കലക്ടർ ഡോ. ഡി സജിത്‌ബാബു റിപ്പോർട്ട്‌ അവതരിപ്പിച്ചു. ടാറ്റാ പ്രോജക്ട്‌ ലിമിറ്റഡ് ഡിജിഎം ഗോപിനാഥ റെഡ്ഡി  താക്കോൽ കലക്ടർക്ക്‌ കൈമാറി. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എം രാജഗോപാലൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ എ ജി സി ബഷീർ, ടാറ്റാ പ്രോജക്ട് ഭരണവിഭാഗം  മേധാവി പി എൽ ആന്റണി, ടാറ്റാ ഡിജിഎം ഗോപിനാഥ റെഡ്ഡി എന്നിവർ സംസാരിച്ചു.  കെ കുഞ്ഞിരാമൻ എംഎൽഎ സ്വാഗതവും ജില്ലാ മെഡിക്കൽ ഓഫീസർ  എ വി രാംദാസ് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top