28 March Thursday

കോവിഡ്‌ : സംസ്ഥാനത്ത്‌ മരണം രണ്ടായി; രോഗബാധ ഏഴു പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

തിരുവനന്തപുരം
സംസ്ഥാനത്ത്‌ കോവിഡ്‌  ബാധിച്ച്‌ രണ്ടാമത്തെ മരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലിരുന്ന പോത്തൻകോട്‌ വാവറയമ്പലം കൊച്ചാലുംമൂട്‌ വീട്ടുവിളാകത്ത്‌ വീട്ടിൽ റിട്ട. എഎസ്‌ഐ അബ്ദുൾ അസീസാ (68)ണ്‌ ചൊവ്വാഴ്‌ച പുലർച്ചെ മരിച്ചത്‌. ഉയർന്ന രക്തസമ്മർദവും തൈറോയ്‌ഡ്‌ പ്രശ്‌നങ്ങളുമുണ്ടായിരുന്ന അദ്ദേഹം അഞ്ചു ദിവസമായി വെന്റിലേറ്ററിലായിരുന്നു. വൃക്കകളുടെ പ്രവർത്തനം പൂർണമായും നിലച്ചതിനാൽ ഡയാലിസിസ്‌ ആരംഭിച്ചിരുന്നു. രോഗം പകർന്നത്‌ എവിടെനിന്നെന്ന്‌ സ്ഥിരീകരിച്ചിട്ടില്ല. 23നാണ്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്‌.

ലോകാരോഗ്യസംഘടനയുടെ മാനദണ്ഡം  പാലിച്ച്‌ മൃതദേഹം ചൊവ്വാഴ്‌ച പകൽ രണ്ടോടെ മഞ്ഞമല കല്ലൂർ ജുമാ മസ്‌ജിദിൽ കബറടക്കി. മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ ഡോ. എം എസ്‌ ഷർമദ്‌, പ്രിൻസിപ്പൽ ഡോ. എം കെ അജയകുമാർ എന്നിവർ നിരീക്ഷിക്കാനെത്തി. പത്തിൽതാഴെ പേരാണ്‌ ചടങ്ങിൽ പങ്കെടുത്തത്‌. 
സുബൈദാ ബീവിയാണ്‌ അബ്ദുൾ അസീസിന്റെ ഭാര്യ. മക്കൾ: സജീന, സജീറ, സജീല (കെഎസ്‌ആർടിസി കണ്ടക്ടർ). മരുമക്കൾ: നുജുമുദ്ദീൻ, റോമി, പരേതനായ സിയാദ്‌ ഷാ.  ശനിയാഴ്‌ച മരിച്ച മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട്‌ യാക്കൂബ്‌ ഹുസൈ(69)നാണ്‌ കോവിഡ്‌–-19ന്റെ കേരളത്തിലെ ആദ്യ ഇര.

ഏഴു പേർക്കുകൂടി
തിരുവനന്തപുരം
സംസ്ഥാനത്ത്‌ ചൊവ്വാഴ്‌ച ഏഴു പേർക്കുകൂടി കോവിഡ്‌–- 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസർകോട്‌ ജില്ലകളിൽ രണ്ടു പേർക്കുവീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ്‌ പുതുതായി രോഗബാധ. ഇതിൽ ആറുപേർക്ക്‌ സമ്പർക്കം വഴിയാണ്‌ രോഗം പിടിച്ചത്‌.  ആകെ രോഗികളുടെ എണ്ണം 215 ആയി. പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ രണ്ടു പേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവ്‌ ആയി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്‌.

1,63,129 പേരാണ്‌ ഇപ്പോൾ നിരീക്ഷണത്തിൽ.  കാസർകോട്‌(-163), കണ്ണൂർ(108), മലപ്പുറം(-102 )എന്നിവിടങ്ങളിലാണ്‌ കൂടുതൽ പേർ ആശുപത്രി നിരീക്ഷണത്തിലുള്ളത്‌. ചൊവ്വാഴ്‌ച 150 പേർ കൂടി ആശുപത്രിയിലെത്തി.  സംസ്ഥാനത്തെ ലാബുകളിൽ കൂടുതൽ സാമ്പിൾ എടുത്തുതുടങ്ങി. പരിശോധനയിലും പുരോഗതിയുണ്ട്‌.  കാസർകോട്‌ ജില്ലയിൽ രോഗവ്യാപനം കണക്കിലെടുത്ത്‌ പ്രത്യേക കർമപദ്ധതി തയ്യാറാക്കും. പഞ്ചായത്ത്‌ തലത്തിൽ ഡാറ്റാ തയ്യാറാക്കും. ചുമ, പനി ലക്ഷണങ്ങളുള്ളവരുടെയും ബന്ധുക്കളുടെയും വിവരം ശേഖരിക്കും. കാസർകോട്‌ മെഡിക്കൽ കോളേജിൽ കോവിഡ്‌ സെന്റർ പ്രവർത്തനം തുടങ്ങും.  മാസ്‌കിന്‌ ദൗർലഭ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top