25 April Thursday
പുതിയ പട്ടികയ്‌ക്ക്‌ ഒരുക്കം തുടങ്ങി

കേന്ദ്ര മാർഗനിർദേശം : കോവിഡ്‌ മരണസംഖ്യ കൂടും

സ്വന്തം ലേഖികUpdated: Monday Sep 13, 2021


തിരുവനന്തപുരം
പോസിറ്റീവായി 30 ദിവസത്തിനുള്ളിലെ മരണവും കോവിഡ്‌  കണക്കിൽ പെടുത്താമെന്ന്‌ കേന്ദ്രസർക്കാർ വ്യക്തമാക്കിയതോടെ മറ്റു സംസ്ഥാനങ്ങളിലെന്നപോലെ കേരളത്തിലും കോവിഡ്‌ മരണനിരക്ക്‌ വർധിക്കും. കോവിഡ്‌ പോസീറ്റീവ്‌ ആണെങ്കിലും  മരണകാരണം മറ്റ്‌ രോഗങ്ങളാണെങ്കിൽ അത്‌ കോവിഡ്‌ മരണമായി ആദ്യഘട്ടത്തിൽ കണക്കാക്കിയിരുന്നില്ല.

ജൂൺ 16 മുതലാണ്‌ പോസീറ്റീവായ എല്ലാ മരണങ്ങളും കോവിഡ്‌ മരണത്തിൽ ഉൾപെടുത്തിയത്‌. 2020 മാർച്ച്‌ 28ന്‌ സംസ്ഥാനത്ത്‌ ആദ്യ കോവിഡ്‌ മരണം റിപ്പോർട്ടുചെയ്‌തശേഷം ഞായർവരെ 22,551 മരണമാണ്‌ സ്ഥിരീകരിച്ചത്‌. പുതിയ മാർഗനിർദേശപ്രകാരം കണക്ക്‌ പുതുക്കുമ്പോൾ ഇതിൽ വർധനയുണ്ടാകും. 

കേരളത്തിൽ കോവിഡ്‌ ബാധിതരുടെയും മരിച്ചവരുടെയും വിവരങ്ങൾ പൂർണമായി രേഖപ്പെടുത്തിയിട്ടുള്ളതിനാൽ പുതിയ മാനദണ്ഡം അനുസരിച്ച്‌ പട്ടിക പുതുക്കാൻ പ്രയാസമുണ്ടാകില്ല. വീടുകളിൽ സംഭവിച്ച മരണങ്ങളാണ്‌ അധികമായി ഉൾപ്പെടാൻ സാധ്യതയെന്ന്‌ ആരോഗ്യ വിദഗ്‌ധർ പറയുന്നു. ‘എന്തായാലും പുതിയ കേന്ദ്ര മാർഗനിർദേശം മരണനിരക്ക്‌ വർധിപ്പിക്കും. എല്ലാ സംസ്ഥാനങ്ങളിലും വർധനയുണ്ടാകും. കേരളത്തിൽ കൂടുതലും ആശുപത്രികളെ ആശ്രയിക്കുന്നവരാണ്‌'– തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രി -പകർച്ചവ്യാധി വിഭാഗം മേധാവിയും സംസ്ഥാന ഡെത്ത്‌ ഓഡിറ്റ്‌ കമ്മിറ്റി അംഗവുമായ ഡോ. ആർ അരവിന്ദ്‌ പറഞ്ഞു.

പുതിയ പട്ടികയ്‌ക്ക്‌ ഒരുക്കം തുടങ്ങി
കേന്ദ്ര മാനദണ്ഡം മാറ്റിയതോടെ ആരോഗ്യമന്ത്രാലയത്തിന്റെയും ഐസിഎംആറിന്റെയും മാർഗനിർദേശം അനുസരിച്ചാകും പട്ടിക പുതുക്കൽ.  പരാതിപരിഹാരത്തിന്‌ അഡീഷണൽ കലക്ടർ, ജില്ലാമെഡിക്കൽ ഓഫീസർ, അഡീ. ചീഫ്‌ മെഡിക്കൽ ഓഫീസർ തുടങ്ങിയവരടക്കം അംഗങ്ങളായ ജില്ലാസമിതി ഉടൻ രൂപീകരിക്കും. സർട്ടിഫിക്കറ്റിൽ  തിരുത്ത്‌ ആവശ്യപ്പെടാനുള്ള സൗകര്യം ഇ ഹെൽത്ത്‌ കേരള വിഭാഗം തയാറാക്കുന്നുണ്ട്‌. ഒരാഴ്ചയ്‌ക്കകം ഇതും ലഭ്യമാകും. ഇ ഹെൽത്ത്‌ കേരള തയാറാക്കിയ പ്രത്യേക പോർട്ടൽ വഴി കോവിഡ്‌ മരണം പരിശോധിക്കാം. മരിച്ചയാൾ ഇതിൽ ഉൾപെട്ടിട്ടില്ലെങ്കിൽ കുടുംബാംഗങ്ങൾക്ക്‌ ജില്ലാസമിതിയിൽ പരാതി നൽകാം.

നാലുമാസം; കണക്കുകൾ കൃത്യം
കോവിഡ്‌ മരണം സ്ഥിരീകരിക്കാനായി ജൂൺ 16 മുതൽ സംസ്ഥാനത്ത്‌ ജില്ലാതല സംവിധാനം ഒരുക്കിയിരുന്നു. ചികിത്സിക്കുന്ന ഡോക്ടറുടെ റിപ്പോർട്ട്‌ പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസറാണ്‌ കോവിഡ്‌ മരണം സ്ഥിരീകരിക്കുന്നത്‌. മരണം സംഭവിച്ച്‌ 24 മണിക്കൂറിൽ റിപ്പോർട്ട്‌ തയാറാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top