20 April Saturday

ഐസിഎംആർ സിറോ സർവേ: സംസ്ഥാനത്ത്‌ കണ്ടെത്താതെ പോകുന്ന രോഗികൾ കുറവ്‌

സ്വന്തം ലേഖകൻUpdated: Tuesday Oct 6, 2020

തിരുവനന്തപുരം> സംസ്ഥാനത്ത്‌ കണ്ടെത്താതെ പോകുന്ന കോവിഡ്‌ കേസുകൾ കുറവെന്ന്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌‌ (ഐസിഎംആർ). ആഗസ്‌ത്‌  24 മുതൽ 26 വരെ പാലക്കാട്‌, തൃശൂർ, എറണാകുളം ജില്ലകളിൽനിന്ന്‌ 1281 സാമ്പിൾ പരിശോധിച്ചതിൽ 11 എണ്ണം ഐജിജി ആന്റിബോഡി പോസിറ്റീവായി‌‌. അതായത്‌ പരിശോധിച്ചതിൽ 0. 8 ശതമാനം പേർക്ക് മാത്രമാണ്‌‌ ശ്രദ്ധയിൽപെടാതെ രോഗം വന്നുഭേദമായത്. എന്നാൽ, ദേശീയതലത്തിൽ നടത്തിയ ആകെ പരിശോധനയിൽ ഇത്‌ 6.6 ശതമാനമാണ്‌.   ശാസ്ത്രീയ മാർഗങ്ങളെ അവലംബിച്ച്‌ സംസ്ഥാനത്ത്‌ നടത്തുന്ന കോവിഡ്‌ പരിശോധന ഫലപ്രദമാണെന്നാണ്‌ സർവേ ഫലം തെളിയിക്കുന്നത്‌.

മേയിൽ സംസ്ഥാനത്തെ ഇതേ ജില്ലകളിൽ നടത്തിയ ആദ്യ സർവേയിൽ 1193 സാമ്പിൾ പരിശോധിച്ചു. നാലെണ്ണം ഐജിജി പോസിറ്റീവായി (0. 33 ശതമാനം). ഓരോ ജില്ലയെയും പത്ത്‌ മേഖലയായി തിരിച്ച്‌ രോഗികളുമായി സമ്പർക്കമോ യാത്രാചരിത്രമോ ഇല്ലാത്തവരെയാണ്‌ പരിശോധിച്ചത്‌. മൂന്ന്‌ മാസത്തിനിടെ സംസ്ഥാനത്തെ രോഗവ്യാപനത്തോത്‌ 2.4 ഇരട്ടിയും ദേശീയ ശരാശരി ഒമ്പത്‌  ഇരട്ടിയും വർധിച്ചു.രോഗസാധ്യതയുള്ളവർക്കായുള്ള‌ സമ്പർക്കവിലക്ക് സംസ്ഥാനത്ത്‌ രോഗവ്യാപനം കുറയ്‌ക്കാൻ സഹായിച്ചെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. മാസ്‌ക്‌, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം നിർബന്ധമാക്കിയതും നിർണായകമായി. വ്യാപനം പൂർണമായും തടയാൻ

സർക്കാരിന്റെ ജാഗ്രതാനിർദേശങ്ങൾ കർശനമായി പാലിക്കുന്നെന്ന്‌‌ ഉറപ്പാക്കണമെന്നും സർവേ ഫല റിപ്പോർട്ട്‌ നിർദേശിക്കുന്നു.
രാജ്യത്തെ 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലായിരുന്നു ഐസിഎംആർ പഠനം‌. സംസ്ഥാനത്ത്‌ ഡോ. വിമിത് വിൽസന്റെ നേതൃത്വത്തിൽ 20 അംഗ സംഘം സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയാണ്‌‌ പഠനം നടത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top