19 April Friday

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം; ഒമിക്രോൺ നിസാരമല്ല: മന്ത്രി വീണാ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

തിരുവനന്തപുരം > സംസ്ഥാനം കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒന്നും രണ്ടും തരംഗത്തിൽനിന്ന് വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ അതിതീവ്ര വ്യാപനം ഉണ്ടായി. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ കാരണം കൊവിഡ് കേസുകൾ വർധിക്കുന്നു. ഒമിക്രോൺ ബാധിക്കുന്നവരിൽ ബഹുഭൂരിപക്ഷം പേർക്കും മണവും രുചിയും പോകുന്നില്ല. അതിനാൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.

ഡെൽറ്റയേക്കാൽ അഞ്ചിരട്ടി വ്യാപനശേഷി ഒമിക്രോണിനുണ്ട്. ക്ലസ്റ്ററുകൾ രൂപപ്പെടുന്നില്ല എന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണം. 1508 ആരോഗ്യപ്രവർത്തകർ നിലവിൽ കൊവിഡ് പോസിറ്റീവായി. ആരോഗ്യപ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്തണം എന്ന് നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ ബൂസ്റ്റർ ഡോസ് എത്രയും വേഗം എടുക്കണം.

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. രോഗികളുടെ കൂട്ടിരിപ്പിനു ഒരാള്‍ മാത്രമാകണം. സർക്കാർ മേഖലയിൽ 3107 ഐസിയുവും സ്വകാര്യ മേഖലയിൽ 7488 ഐസിയുവും ഉണ്ട്. സർക്കാർ മേഖലയിൽ 2293 വെന്റിലേറ്ററും സ്വകാര്യമേഖലയിൽ 2432 വെന്റിലേറ്ററും ഉണ്ടെന്നും മന്ത്രി പറഞ്ഞു.

കോവിഡ് തീവ്രവ്യാപനത്തെ രാഷ്ട്രീയ, കക്ഷിഭേദമെന്യേ നേരിടണം. ഓരോ ഘട്ടത്തിലും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളാണ് സംസ്ഥാനത്ത് രോഗവ്യാപനത്തിന് കാരണം. ഒമിക്രോൺ വകഭേദം നിസ്സാരമാണെന്ന പ്രചാരണം തെറ്റാണ്. ഒമിക്രോണിനെതിരെ ജാഗ്രത വേണം. വന്നുപോകട്ടെ എന്ന് കണക്കാക്കരുത്. ഡെൽറ്റയെക്കാൾ അഞ്ചോ ആറോ ഇരട്ടി വ്യാപന ശേഷിയുണ്ട്. സംസ്ഥാനത്ത് മരുന്നു ക്ഷാമമെന്നത് വ്യാജ പ്രചാരണമാണ്. മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ ഒമിക്രോണിന് ഫലപ്രദമല്ലെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top