25 April Thursday

കേരളം മാത്രമാണോ അപകടത്തിൽ?; കോവിഡ്‌ ബാധിതരുടെ എണ്ണം കണ്ട് നിഗമനം വേണ്ട

മനോജ്‌ കുമാർ കെUpdated: Tuesday Mar 31, 2020

രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്‌ട്രയും കേരളവുമാണ്‌ മുന്നിലുള്ളത്‌. കഴിഞ്ഞദിവസങ്ങളിൽ രോഗം കൂടുതലായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ലാത്ത സംസ്ഥാനങ്ങളിൽപ്പോലും പെട്ടെന്ന്‌ രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നതായി കാണാം.

നൂറും 200 ഉം ടെസ്റ്റുകളിൽ നിന്നാണ് 30 ഉം 40 ഉം പേർക്ക് കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത് . എത്രപേർക്ക് കോവിഡ് ഉണ്ടെന്ന് മാത്രമേ അവരുടെ ആരോഗ്യവകുപ്പ് പറയുന്നുള്ളൂ. മറിച്ച് എത്ര ടെസ്റ്റ് നടത്തി എന്ന് പുറത്ത് പറയുന്നില്ല. കേരളത്തിൽ 6991 സാമ്പിളുകളിൽ നിന്നാണ് 213 പേർക്ക് രോഗം കണ്ടെത്തുന്നത്. അതായതു പത്തു ലക്ഷത്തിനു 200 ടെസ്റ്റ് എന്ന നിരക്കാണ് കേരളത്തിനുള്ളത്. ഈ നിരക്ക് ഗുജറാത്തിൽ 11 ഉം മധ്യപ്രദേശിൽ നാലുമാണ്. ബിഹാറിൽ ആവട്ടെ സ്ഥിതി അതിലും ഗുരുതരമാണ്. പിആർഡി മുൻ അഡീഷണൽ ഡയറക്‌ടർ മനോജ്‌ കുമാർ കെ എഴുതുന്നു.

കോവിഡിനെ പ്രതിരോധിക്കാൻ ഇതുമാത്രം ചെയ്‌താൽമതി. "ടെസ്റ്റ്, ടെസ്റ്റ് , ടെസ്റ്റ്." ലോകാരോഗ്യ സംഘടന ആദ്യം മുതൽ പറയുന്നതാണിത്. ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയിൽ ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലും ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബുറുണ്ടിയിൽ ആകട്ടെ ടെസ്റ്റിനുള്ള സൗകര്യമില്ല എന്ന ആരോപണത്തെ അവരുടെ വക്താവ് നിഷേധിക്കുന്നത് തങ്ങൾ ഒരു ഫ്രഞ്ച് പൗരനെ പരിശോധിച്ചു, അയാൾക്ക് രോഗം ഇല്ല എന്നാണ്. ചുരുക്കത്തിൽ അവിടെ പരിശോധന ഇല്ലാത്തതുകൊണ്ടാണ് കോവിഡ് റിപ്പോർട് ചെയ്യാത്തത്.

നമ്മുടെ രാജ്യത്ത് മാർച്ച് 25 വരെ 22032 ടെസ്റ്റുകളാണ് നടന്നത്. ഇതിൽ ആറായിരത്തിലധികം കേരളത്തിൻറെ മാത്രം സംഭാവനയാണ്. മാർച്ച് 16ന് ബീഹാറിലെ ടെസ്റ്റ് റിസൾട്ട് ഇങ്ങനെയായിരുന്നു. ടെസ്റ്റ് ചെയ്തത് ഒന്ന്. പോസിറ്റീവ് ഒന്ന് , മരണം ഒന്ന് . 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ കുറഞ്ഞത് പത്തുലക്ഷം സാമ്പിളുകൾ എങ്കിലും പരിശോധിക്കണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ബി ബി സി തുടങ്ങിയ മാധ്യമങ്ങൾ ഇതേക്കുറിച്ചു ആശങ്കപ്പെടുകയും ഉണ്ടായി.

വിദേശത്തുനിന്ന് ഏറ്റവും കൂടുതൽ പേർ മടങ്ങിവന്ന മൂന്നു സംസ്ഥാനങ്ങളാണ് പഞ്ചാബും , ഡൽഹിയും പിന്നെ കേരളവും. എന്നാൽ കേരളം ഒഴികെ മറ്റ് ഇടങ്ങളിൽ ഇതനുസരിച്ചുള്ള ടെസ്റ്റുകൾ നടത്തിയിട്ടില്ല. ഇന്ന് പഞ്ചാബ് പറയുന്നത് മടങ്ങിവന്നതിൽ 1500 ലേറെ പേരെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ്. പല സംസ്ഥാനങ്ങളും ടെസ്റ്റ് ചെയ്യാൻ ആരംഭിക്കുന്നത് വി വി ഐ പി കൾ പങ്കെടുത്ത ഒരു സെലിബ്രിറ്റി പരിപാടിയിൽ എത്തിയ ഒരാൾക്ക് പിന്നീട് സ്ഥിരീകരിച്ചതിലൂടെയാണ്.

നൂറും 200 ഉം ടെസ്റ്റുകളിൽ നിന്നാണ് 30 ഉം 40 ഉം പേർക്ക് കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത് . എത്രപേർക്ക് കോവിഡ് ഉണ്ടെന്ന് മാത്രമേ അവരുടെ ആരോഗ്യവകുപ്പ് പറയുന്നുള്ളൂ. മറിച്ച് എത്ര ടെസ്റ്റ് നടത്തി എന്ന് പുറത്ത് പറയുന്നില്ല. കേരളത്തിൽ 6991 സാമ്പിളുകളിൽ നിന്നാണ് 213 പേർക്ക് രോഗം കണ്ടെത്തുന്നത്. അതായതു പത്തു ലക്ഷത്തിനു 200 ടെസ്റ്റ് എന്ന നിരക്കാണ് കേരളത്തിനുള്ളത്. ഈ നിരക്ക് ഗുജറാത്തിൽ 11 ഉം മധ്യപ്രദേശിൽ നാലുമാണ്. ബിഹാറിൽ ആവട്ടെ സ്ഥിതി അതിലും ഗുരുതരമാണ്. പത്തുലക്ഷത്തിൽ ഒരാളുടെ പരിശോധനയെ അവിടെ നടന്നിട്ടുള്ളൂ.. കേരളവും മഹാരാഷ്ട്രയും ടെസ്റ്റുകൾ നടത്തിയതിലൂടെയാണ് ഇത്രയും രോഗം കണ്ടെത്തിയത് .

കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം കണ്ട് നമ്മൾ മാത്രമാണ് അപകടത്തിൽ എന്ന് കരുതേണ്ട. ഇതിൻറെ പതിന്മടങ്ങ് മറ്റു സംസ്ഥാനങ്ങളിൽ ഉണ്ട്. വഴിയടക്കുന്ന കർണാടകയിലും മരുന്ന് തളിക്കുന്ന യു പി യിലും. അതുകൊണ്ട് കൂടുതൽ ജാഗരൂകരായിരിക്കണം. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവരും മുൻകരുതലെടുക്കണം. മൂന്നാഴ്ച വീടുവിട്ട് പുറത്തിറങ്ങാതിരിക്കുക.ബന്ധുമിത്രാദികളിൽ നിന്ന് അകലം പാലിക്കുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top