20 April Saturday

കോവിഡ് വ്യാപനം തടയുന്നതിൽ മുതലാളിത്തം പരാജയം: എസ്ആർപി

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

കണ്ണൂർ> കോവിഡ് വ്യാപനം തടയുന്നതിൽ മുതലാളിത്തം പൂർണ പരാജയമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ  പ്രധാന സംഭവങ്ങൾ 2008 ലെ സാമ്പത്തിക പ്രതിസന്ധിയും ഇപ്പോൾ ലോകത്തെയാകെ ഗ്രസിച്ച  കോവിഡുമാണ്. ഇതുരണ്ടും നേരിടുന്നതിൽ മുതലാളിത്തം പരാജയപ്പെട്ടു. കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ നൂറാംവാർഷികത്തിന്റെ ഭാഗമായി സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഫെയ്സ് ബുക്ക് പേജിൽ  ‘മാർക്സിസത്തിന്റെ കാലിക പ്രസക്തി’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു എസ്‌ ആർ പി.

എല്ലാത്തിനും പരിഹാരമായിരുന്നു നവ ഉദാരവൽക്കരണ നയവും ആഗോളവത്കരണവുമെന്നാണ് മുതലാളിത്തം പറഞ്ഞത്. എന്നാൽ ഒരു പ്രതിസന്ധിയിൽനിന്ന് മറ്റൊരു പ്രതിസന്ധിയിലേക്കുള്ള പ്രയാണത്തിലാണ് മുതലാളിത്തം. അതു പരമമായ ഘട്ടമല്ല. ചൂഷണത്തിലും കിടമത്സരത്തിലും അധിഷ്‌ഠിതമാണ്‌.

മുതലാളിത്തം മുന്നോട്ടുവച്ച നവ ഉദാരവൽക്കരണത്തിനും ആഗോളവൽക്കരണത്തിനും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന്‌ ഫ്രാൻസിസ് മാർപ്പാപ്പപോലും തുറന്നുപറയുന്നു. മുതലാളിത്തം സൃഷ്ടിച്ചത് അസമത്വമാണ്. കുത്തകകളുടെ ലാഭത്തിൽനിന്ന് ഇറ്റു വീഴുന്ന ലാഭത്തിന്റെ വിഹിതം പാവപ്പെട്ടവന് കിട്ടിയില്ല.  കിടമത്സരമല്ല, സഹകരണമാണ് വേണ്ടതെന്നും അക്രമോത്സുക ദേശീയത അപകടമാണെന്നും  മാർപാപ്പ പറയുന്നു.  1848ൽ കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോയിലൂടെ മാർക്‌സും എംഗൽസും പറഞ്ഞ കാര്യങ്ങളാണിത്‌. മാർക്‌സിസത്തെ എതിർത്തവർപോലും അതിന്റെ സുഹൃത്തുക്കളായി മാറുകയാണിപ്പോൾ.

ഇടതു വലതു വ്യതിയാനത്തിനെതിരെയാണ് സിപിഐ എം നിലകൊണ്ടത്. അത് ശരിയാണെന്ന് കാലം തെളിയിച്ചു. കേരളത്തിൽ സർക്കാരിനെ അട്ടിമറിക്കുന്നതിനായി കോൺഗ്രസും ബി ജെ പി യും ഒന്നിക്കുകയാണ്. എന്നാൽ കേരളത്തിലെ   ജനാധിപത്യ ശക്തികൾ ഇത് അനുവദിക്കില്ലെന്ന് എസ് ആർപി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top